കൽപറ്റ: ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ടവരിൽ പുനരധിവസിപ്പിക്കേണ്ടവരുടെ ഒന്നാംഘട്ട പട്ടികയ്ക്കു ദുരന്തനിവാരണ അതോറിറ്റി യോഗം അംഗീകാരം നൽകി. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഒന്നാംഘട്ട ഗുണഭോക്തൃ പട്ടിക തയാറാക്കിയത്. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർ, വാടകയ്ക്ക് താമസിച്ചിരുന്ന ദുരന്ത ബാധിതർ, പാടികളിൽ താമസിച്ചിരുന്ന ദുരന്ത ബാധിതർ എന്നിവരെയാണ് ഒന്നാം ഘട്ട പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റു സ്ഥലങ്ങളിൽ വീട് ഇല്ലാത്തവരാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
ദുരന്ത മേഖലയിൽ ഉൾപ്പെട്ടതും എന്നാൽ നാശനഷ്ടം സംഭവിച്ചിട്ടില്ലാത്തതുമായ വീടുകൾ, ദുരന്ത മേഖലയിലൂടെ മാത്രം എത്തിപ്പെടാവുന്ന വീടുകൾ, ദുരന്തം മൂലം ഒറ്റപ്പെട്ട വീടുകൾ എന്നിവ ഉൾപ്പെടുത്തിയായിരിക്കും രണ്ടാംഘട്ട പട്ടിക തയാറാക്കുക. കരട് പട്ടികയിൽ നിന്നുള്ള 235 പേരും ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയ 7 പേരടക്കം മൊത്തം 242 പേരുടെ അന്തിമ ഒന്നാംഘട്ട പട്ടികയാണ് ഇപ്പോൾ അംഗീകരിച്ചത്. ദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച വീടുകളുടെ ഉടമസ്ഥർക്ക് വേറെ എവിടെയെങ്കിലും താമസ യോഗ്യമായ വീട് ഇല്ലെങ്കിൽ മാത്രമാണ് പുനരധിവാസത്തിന് അർഹരാവുക.
മറ്റ് എവിടെയെങ്കിലും വീട് ഉള്ള പക്ഷം വീടുകളുടെ നാശനഷ്ടത്തിന് 4 ലക്ഷം രൂപ നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം നഷ്ടപരിഹാരമായി അനുവദിക്കുന്നതായിരിക്കും.അന്തിമ പട്ടിക സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും ഉണ്ടെങ്കിൽ സർക്കാരിലെ ദുരന്ത നിവാരണ വകുപ്പിൽ സമർപ്പിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
പുനരധിവസിപ്പിക്കേണ്ടവരുടെ ഒന്നാം ഘട്ട പട്ടിക വയനാട് കലക്ടറേറ്റ്, മാനന്തവാടി സബ് കലക്ടർ ഓഫിസ്, വൈത്തിരി താലൂക്ക് ഓഫിസ്, വെള്ളരിമല വില്ലേജ് ഓഫിസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വെബ്സൈറ്റുകളിലും പൊതുജനങ്ങൾക്ക് ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.