കാഞ്ഞങ്ങാട്: കടലാസുകഷ്ണങ്ങളും മാലിന്യങ്ങളും നിറഞ്ഞ ചാക്കുകെട്ടിനുള്ളിൽനിന്നു കിട്ടിയ ലോട്ടറി ടിക്കറ്റ് വേണമെങ്കിൽ ഇവർക്ക് സ്വന്തമാക്കാമായിരുന്നു. പക്ഷെ, ചെയ്തില്ല. ഉടമസ്ഥനെ തേടിപ്പിടിച്ച് കണ്ടെത്തി അതു കൈമാറി. ആ ടിക്കറ്റിന് ഒരു ലക്ഷം രൂപ സമ്മാനമുണ്ടായിരുന്നു.
ടിക്കറ്റ് ഏറ്റുവാങ്ങുന്നതിനിടെ, കടം വാങ്ങിയ പണം തിരികെ കൊടുക്കാനാകാതെ സങ്കടപ്പെട്ടിരിക്കുമ്പോൾ കിട്ടിയ ഈ ടിക്കറ്റിന് കോടിരൂപയുടെ മതിപ്പുണ്ടെന്നു പറഞ്ഞ് ആ മനുഷ്യൻ നന്ദിയെന്ന രണ്ടക്ഷരത്തിനും പ്രകാശം പരത്തി. കാഞ്ഞങ്ങാട് 'സംസം ലോട്ടറി ഹൗസി'ലെ ടി.വി.വിനോദ്, നന്ദുരാജ്, സുധിൻ ശങ്കർ, മിഥുൻ രമേശ് എന്നിവരാണ് മാലിന്യച്ചാക്കിൽനിന്ന് ഏറെനേരത്തെ തിരച്ചലിനൊടുവിൽ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് കണ്ടെടുത്തത്.ബേക്കൽ രാമഗുരു നഗറിലെ രഘു കണ്ണനായിരുന്നു ടിക്കറ്റിന്റെ ഉടമസ്ഥൻ. ഇക്കഴിഞ്ഞ തിങ്കളാഴ്ചത്തെ വിൻ വിൻ ലോട്ടറി ടിക്കറ്റിനാ(ഡബ്ല്യൂ എഫ്. 438045)ണ് 1 ലക്ഷം രൂപ സമ്മാനം ലഭിച്ചത്. നടന്നു വില്ക്കുന്ന പൊയ്യക്കരയിലെ കൃഷ്ണൻ എന്നയാളിൽ നിന്നാണ് രഘു കണ്ണൻ ലോട്ടറിയെടുത്തത്. തിങ്കളാഴ്ച വൈകീട്ട് കാഞ്ഞങ്ങാട് ടൗണിലെത്തിയപ്പോഴാണ് ടിക്കറ്റിന്റെ കാര്യം ഓർമ വന്നത്. സംസം ലോട്ടറി സ്റ്റാളിൽ വച്ചിരിക്കുന്ന റിസൾട്ട് നമ്പർ നോക്കിയ ശേഷം ഒന്നുമില്ലല്ലോയെന്ന് പറഞ്ഞ് ടിക്കറ്റ് കളഞ്ഞു. ലോട്ടറി ടിക്കറ്റ് തന്ന ഏജന്റിനെ ബുധനാഴ്ച രാവിലെ വീണ്ടും കണ്ടപ്പോഴാണ് സമ്മാനമടിച്ചിട്ടുണ്ടെന്ന് അറിയുന്നത്. തിങ്കളാഴ്ച വൈകീട്ടും ചൊവ്വാഴ്ച രാവിലെയുമായി ഒന്നിലേറെ ലോട്ടറി സ്റ്റാളുകളിൽ പോയിരുന്നതിനാൽ എവിടെയാണ് ടിക്കറ്റ് കളഞ്ഞതെന്ന് നിശ്ചയമില്ലാതായി.സംസം ലോട്ടറി സ്റ്റാളിലെത്തിപ്പോൾ,, സമ്മാനമടിക്കാത്ത ടിക്കറ്റുകൾ ഒരു ചാക്കിൽ കെട്ടിനിറച്ചിരിക്കുകയാണ്. കുറേ സമയം തിരഞ്ഞു. മതിയാക്കി മടങ്ങുമ്പോൾ, ഇതു മുഴുവൻ കൊണ്ടുപോയി തിരഞ്ഞോളൂവെന്ന് സ്റ്റാളിലുള്ളവർ പറഞ്ഞു. പിന്നീട് വരാമെന്ന് പറഞ്ഞ് രഘു കണ്ണൻ പോയി. മറ്റു സ്റ്റാളുകളിലും ടിക്കറ്റ് തിരഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല.
ഇതിനിടയിലും സംസം ലോട്ടറി സ്റ്റാളിലെ വിനോദും നന്ദുവും സുധിയും മിഥുനും ചാക്കിനകത്തെ ചുരുട്ടിക്കൂട്ടിയ മുഴുവൻ ടിക്കറ്റുകളും നിവർത്തിയെടുത്ത് പരിശോധിച്ചു. ഒടുവിൽ സമ്മാനാർഹമായ ടിക്കറ്റ് കണ്ടെത്തി. അപ്പോഴേക്കും രഘു കണ്ണൻ പോയിരുന്നു. അദ്ദേഹത്തിനെ സ്റ്റാളിലുള്ളവർക്ക് പരിചയവുമില്ല. മേൽവിലാസമോ ഫോൺ നമ്പറോ അറിയില്ല. ഒടുവിൽ സി.സി.ടി.വി.യിൽ പതിഞ്ഞ അദ്ദേഹത്തിന്റെ മുഖം വാട്‌സാപ്പിലൂടെ ഒന്നിലേറെപ്പേർക്ക് അയച്ച് ആളെ കണ്ടുപിടിച്ചു. ഒട്ടും വൈകാതെ ലോട്ടറി സ്റ്റാളിലെത്തി അദ്ദേഹം ആ ടിക്കറ്റ് വാങ്ങി.
'ഭാര്യയുടെ രോഗം ചികിത്സിക്കാനായി അവളുടെ കെട്ടുതാലി ഉൾപ്പെടെ വിറ്റു. എല്ലായിടത്തും കടമാണ്. പലിശയെങ്കിലും കൊടുക്കാൻ എന്തെങ്കിലുമൊരു വഴി കാണിക്കണമേയെന്ന പ്രാർഥനയ്ക്കിടെയാണ് ഇതു കിട്ടിയത്. 5000 രൂപയ്ക്ക് താഴെയാണ് കാര്യമായി നോക്കിയത്. ബ്രാക്കറ്റിൽ കാഞ്ഞങ്ങാട് എന്ന് കാണാത്തതിനാൽ മൂന്നാം സമ്മാനം കാര്യമായി നോക്കിയില്ല'- രഘു കണ്ണൻ പറഞ്ഞു. കണ്ണൂർ ലോട്ടറി ഓഫീസിൽനിന്നു വിതരണം ചെയ്ത ടിക്കറ്റായിരുന്നു കാഞ്ഞങ്ങാട് ഭഗവതി ലോട്ടറി സ്റ്റാൾ വഴി കാഞ്ഞങ്ങാട്ട് വില്പന നടത്തിയിരുന്നത്. പൂച്ചക്കാട്ടെ പൾസ് മെഡിക്കൽ ഷോപ്പിലെ ജീവനക്കാരനാണ് രഘു കണ്ണൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.