ന്യൂഡൽഹി: ഹരിയാണ, മഹാരാഷ്ട്ര, ഡൽഹി തിരഞ്ഞെടുപ്പുകളിലെ ബിജെപി വിജയത്തിന് പിന്നിൽ ആർ.എസ്.എസും ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു. വോട്ടർമാരുടെ പിന്തുണ ഉറപ്പുവരുത്തുന്നതിനായി ഡൽഹിയുടെ മുക്കിലും മൂലയിലും ആർഎസ്എസ് 50,000 യോഗങ്ങളായിരുന്നു വിളിച്ചുചേർത്തത്. ഇപ്പോൾ വരാനിരിക്കുന്ന ബിഹാർ, പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിജയത്തിനായുള്ള പ്രവർത്തന തന്ത്രങ്ങളിലാണ് ആർഎസ്എസ് എന്നാണ് റിപ്പോർട്ട്.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ബാക്കി നിൽക്കെ, ബിജെപിയുടെ വിജയം ഉറപ്പാക്കാൻ 'മിഷൻ ത്രിശൂൽ' എന്നപേരിൽ ആർ.എസ്.എസ്. പുതിയ ദൗത്യത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്ന് നിർണായക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് 'മിഷൻ ത്രിശൂൽ' എന്നാണ് വിവരം.
രഹസ്യാത്മക സർവേകളിലൂടെ അസംതൃപ്തരായ വോട്ടർമാരെയും പ്രധാന പ്രശ്‌നങ്ങളെയും തിരിച്ചറിയുക, ഏറ്റവും സ്വാധീനമുള്ള വിഷയങ്ങൾ വിലയിരുത്തി തിരഞ്ഞെടുപ്പ് ആഖ്യാനം രൂപപ്പെടുത്തുക, ഈ വിഷയങ്ങളെ അടിസ്ഥാനമാക്കി ബിജെപിക്കുള്ള തിരഞ്ഞെടുപ്പ് നേട്ടങ്ങളും അപകടസാധ്യതകളും വിശകലനം ചെയ്യുക എന്നതാണ് ആർ.എസ്.എസ്. ലക്ഷ്യമിടുന്നത്. ആർഎസ്എസിൻ്റെ പ്രാദേശിക ശാഖകളെ പ്രയോജനപ്പെടുത്തി അതീവ രഹസ്യമായാണ് സർവേ നടത്തുന്നത്. തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി ബീഹാറിലുടനീളം ശാഖകളുടെ എണ്ണം വർദ്ധിപ്പിക്കാനും ലക്ഷ്യമുണ്ട്.ബിഹാറിനെ വടക്കൻ ബിഹാർ, ദക്ഷിണ ബിഹാർ എന്നിങ്ങനെ തിരിച്ച് കാര്യക്ഷമമായ സംഘടനാ പ്രവർത്തനങ്ങളിലേക്ക് ആർ.എസ്.എസ്. നീങ്ങിയെന്നാണ് വിവരം. സമഗ്രമായ ബൂത്ത് തല സർവേ അവലോകന യോഗം മാർച്ചിൽ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.