ന്യൂഡല്‍ഹി: ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ കേരളത്തെ പരിഹസിച്ചും ആദിവാസി വകുപ്പ് ഉന്നത കുലജാതര്‍ ഭരിച്ചാലേ പുരോഗതിയുണ്ടാകൂ എന്ന അഭിപ്രായപ്രകടനവുമായി നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. ഗോത്ര വകുപ്പ് ബ്രാഹ്മണര്‍ ഭരിക്കട്ടെയെന്നും, ഉന്നതകുലജാതര്‍ ആദിവാസി വകുപ്പിന്റെ ചുമതലയില്‍ വന്നാല്‍ ആദിവാസി മേഖലയില്‍ പുരോഗതിയുണ്ടാകുമെന്നും ഗോത്ര വിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണനോ നായിഡുവോ നോക്കണമെന്നുമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത്.
ഡല്‍ഹി മയൂര്‍ വിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആദിവാസി വകുപ്പ് എനിക്ക് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അത് പലതവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ആദിവാസി വിഭാഗത്തിനായി നേരത്തെ മുതല്‍ ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് ഞാന്‍. ഈ വിഭാഗത്തിന് മാറ്റം വരണമെങ്കില്‍ ഉന്നതകുലജാതരായ ആളുകള്‍ ആദിവാസി വകുപ്പുകളുടെ ചുമതലയിലേക്ക് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്നോക്ക വിഭാഗങ്ങളുടെ വകുപ്പുകളുടെ ചുമതലയിലേക്ക് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആളുകള്‍ വരണം. ഇത്തരം ജാനാധിപത്യമായ മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകണമെന്നുമാണ് സുരേഷ് ഗോപി അഭിപ്രായപ്പെടുന്നത്. എന്നാല്‍, നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് ഗോത്രവിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് മാത്രമായിരിക്കും ആ വകുപ്പ് ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പ് മാത്രമല്ല, മറ്റ് ചില കാര്യങ്ങള്‍ കൂടി എനിക്ക് പറയാനുണ്ടെന്ന പ്രഖ്യാപനത്തോടെയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
''2016 മുതല്‍ പ്രധാനമന്ത്രി മോദിയോട് എനിക്ക് ആദിവാസി വകുപ്പ് തരൂവെന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍, നമ്മുടെ നാട്ടിലെ ഒരു ശാപമാണ്, ട്രൈബല്‍ ക്യാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബല്‍ അല്ലാത്ത ഒരാള്‍ ആകില്ലെന്നത്. എന്റെ സ്വപ്നമാണ്, ഒരു ഉന്നതകുല ജാതന് അവരുടെ ഉന്നമനത്തിന് വേണ്ടി ട്രൈബല്‍ മന്ത്രിയാകണം. ട്രൈബല്‍ മന്ത്രിയാകാന്‍ ആളുണ്ടെങ്കില്‍ അദ്ദേഹത്തെ മുന്നോക്ക ജാതികളുടെ ഉന്നമനത്തിനുള്ള മന്ത്രിയാക്കണം. ഈ പരിവര്‍ത്തനം നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ ഉണ്ടാകണം'' ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
വിവാദ പരാമര്‍ശത്തിനൊപ്പം കേരളത്തെ പരിഹസിക്കുന്നതുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഒരു സര്‍ക്യൂട്ട് പോലും കിട്ടിയില്ലെന്നാണ് കേരളം പറയുന്നത്. സര്‍ക്യൂട്ട് പ്രഖ്യാപിക്കുന്ന ബജറ്റ് ആണല്ലോ കേന്ദ്ര ബജറ്റ് എന്നും കേരളം നിലവിളിക്കുകയല്ല മറിച്ച് കിട്ടുന്ന ഫണ്ട് ചിലവഴിക്കുകയാണ് വേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ദുഷ്പ്രചരണങ്ങള്‍ നടത്തിക്കൊള്ളൂവെന്നും എല്ലാ വകുപ്പുകള്‍ക്കും കൃത്യമായി പണം വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.