പാരിസ്: നിർമിത ബുദ്ധിക്ക് ലക്ഷക്കണക്കിന് ജീവിതങ്ങളെ മാറ്റിമറിക്കാൻ കഴിയുമെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സുരക്ഷയെയും എഐ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണെന്നും പാരിസിലെ എഐ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലോകത്തിന്റെ പൊതുനന്മയെ മുൻനിർത്തിയാവണം എഐ മേഖലയിൽ നടക്കുന്ന പുതിയ മാറ്റങ്ങൾ എന്നത് ഉറപ്പുവരുത്തണം. എഐ വഴി ലഭ്യമാകുന്ന വിവരങ്ങൾ പക്ഷപാതമില്ലാത്തവയാണോ എന്നതിൽ കൃത്യമായ ശ്രദ്ധയും മേൽനോട്ടവും ഉണ്ടാവണം. പൊതു–സ്വകാര്യ മേഖലകളുടെ പങ്കാളിത്തം പുതിയ പദ്ധതികൾക്ക് ഫലപ്രദമായി ഉപയോഗിക്കുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ ഈ മേഖലയിലെ അനുഭവ സമ്പത്തും അറിവും പങ്കുവയ്ക്കാൻ തയാറാണ്.യന്ത്രങ്ങൾ മനുഷ്യരെ മറികടക്കുമോ എന്ന പേടി പലർക്കുമുണ്ട്. പക്ഷേ, ഈ ഭയം അടിസ്ഥാനമില്ലാത്തതാണ്. നിങ്ങളുടെ മെഡിക്കൽ റിപ്പോർട്ടുകൾ ഒരു എഐ ആപ്പിന് നൽകിയാൽ രോഗവിവരം പറഞ്ഞുതരാൻ അതിന് കഴിയും. പക്ഷേ, ഇടതു കൈ കൊണ്ട് എഴുതുന്ന ഒരാളുടെ ചിത്രം ആവശ്യപ്പെട്ടാൽ അതേ ആപ് നിങ്ങൾക്ക് നൽകുക വലതുകൈകൊണ്ട് വരയ്ക്കുന്ന ഒരാളുടെ ചിത്രമായേക്കാം. ഭാവി എന്താകണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്. ആ ഉത്തരവാദിത്തമായിരിക്കണം നമ്മെ നയിക്കേണ്ടത്. എഐയുടെ യുഗത്തിലാണ് നമ്മൾ. എഐ വഴി പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങൾക്ക് സുതാര്യത വേണമെന്നും നരേന്ദ്ര മോദി പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി നരേന്ദ്രമോദി 10നാണ് പാരിസിലെത്തിയത്. എഐ ഉച്ചകോടിയിൽ സഹാധ്യക്ഷനായിരുന്നു.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് അടക്കം 100 രാജ്യങ്ങളുടെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. എഐ ഉച്ചകോടിക്കു പുറമേ ഫ്രാൻസുമായി ഉഭയകക്ഷി ചർച്ചകളും ഇന്ത്യ നടത്തുന്നുണ്ട്. പിന്നാലെ ഫ്രാൻസിലെ ബിസിനസ് നേതാക്കളെയും മോദി അഭിസംബോധന ചെയ്യും. ബുധനാഴ്ച ഒന്നാം ലോകമഹായുദ്ധത്തിൽ രക്തസാക്ഷികളായ ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി ഇരു നേതാക്കളും മാർസെയിലിലെ മസാർഗസ് യുദ്ധ സെമിത്തേരി സന്ദർശിക്കും. മാർസെയിലിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റിന്റെ ഉദ്ഘാടനവും നിർവഹിച്ച ശേഷമായിരിക്കും മോദി മടങ്ങുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.