തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരം അനാവശ്യം എന്ന് പറഞ്ഞ ആരോഗ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ആവശ്യവും അനാവശ്യവും എന്താണെന്ന് മന്ത്രി തിരിച്ചറിയണമെന്ന് വി.ഡി. സതീശൻ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ആശാവർക്കർമാരുടെ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.'ആശാവർക്കർമാർ പത്ത് ദിവസമായി നടത്തുന്ന സമരം ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്നെ വിസ്മയിപ്പിച്ചു. കേരളത്തിലെ സ്ത്രീസമരശക്തി എന്താണെന്ന് ഞാനടക്കമുള്ള പൊതുപ്രവർത്തകരെ ഇവർ ബോധ്യപ്പെടുത്തി. കേരളത്തിലെ സ്ത്രീകൾക്ക് എല്ലാവരെയും വിറപ്പിക്കാൻ ആകുമെന്ന് ഇവർ തെളിയിച്ചു. ഇത് ന്യായമുള്ള സമരമാണ്. ലോകത്തൊരിടത്തും ആരും നമ്മുടെ ആശാവർക്കർമാർ ചെയ്ത പോലുള്ള ജോലി ചെയ്തിട്ടില്ല. കോവിഡ് കാലത്ത് എല്ലാവരും പുറത്തിറങ്ങാൻ മടിച്ച സമയത്ത് ഇവർ ധൈര്യമായി മുന്നോട്ടിറങ്ങി.

ഇവർ അനാവശ്യമായി സമരം നടത്തുന്നു എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന വേദനിപ്പിച്ചു. ആവശ്യവും അനാവശ്യവും എന്താണെന്ന് മന്ത്രി മനസ്സിലാക്കണം. ആശാവർക്കർമാരെ കുറിച്ച് അഭിമാനത്തോടെ ലോകത്തിനു മുന്നിൽ പറയേണ്ട ആളാണ് ആരോഗ്യമന്ത്രി. കീശയിൽ കാശില്ലാത്തതുകൊണ്ടാണ് ധനമന്ത്രി സമരത്തിനെതിരെ പറഞ്ഞത്. സമരം ചെയ്ത ആളുകളെ പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് പറയുന്നത്. മുഖ്യമന്ത്രിയോട് എനിക്ക് പറയാനുള്ളത് ഇത് സ്റ്റാലിന്റെ റഷ്യയല്ല, നമ്മുടെ കേരളമാണ്.

സമരം ചെയ്യുന്നത് അവകാശമാണ്, അത് ഏത് പാർട്ടി ആണെങ്കിലും. ആശാവർക്കർമാരുടെ സമരം നിയമലംഘനം എന്നാണ് പറയുന്നത്. ആർക്കും സമരം ചെയ്യാം. മാവോയിസ്റ്റുകൾക്കും സമരം ചെയ്യാം. സമരം ചെയ്തതിന്റെ പേരിൽ ആശാവർക്കർമാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചാൽ ഞങ്ങളും ഒപ്പമുണ്ടാകും.സമരത്തിന് കോൺഗ്രസ് പൂർണ്ണപിന്തുണ പ്രഖ്യാപിക്കുകയാണ്. മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും ആരോഗ്യ മന്ത്രിയോടും പ്രതിപക്ഷ നേതാവ് എന്ന പേരിൽ ഞാൻ നേരിൽ സംസാരിക്കും', വിഡി സതീശൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.