എറണാകുളം: വ്യാവസായിക നഗരമായ കൊച്ചിയിലെ എയർപോർട്ടിലേക്കുള്ള യാത്രാസൗകര്യം സുഗമമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിനെത്തുടർന്ന് ദക്ഷിണ റെയിൽവെ മാനേജർ ആർ.എൻ സിങ് സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശം നൽകി.
പുതിയ റെയിൽവെ സ്റ്റേഷൻ വരുന്നതിലൂടെ നിരവധി സൗകര്യങ്ങളാണ് യാത്രക്കാർക്ക് ലഭിക്കുന്നത്. ആഭ്യന്തര,രാജ്യാന്തര വിനോദസഞ്ചാരികൾക്ക് ചെലവു കുറഞ്ഞ യാത്രാ സൗകര്യമൊരുക്കാൻ പുതിയ റെയിൽവെ സ്റ്റേഷനിലൂടെ സാധിക്കും. ട്രെയിനിറങ്ങി കഴിയുന്നത്ര വേഗത്തിൽ വിമാനത്താവളത്തിൽ എത്താനുള്ള സമയവും ഇതിലൂടെ ലാഭിക്കാൻ സാധിക്കും.പ്ലാറ്റ്ഫോമിൽനിന്നും പുറത്തേക്കിറങ്ങുക റൺവേയുടെ അതിർത്തിയിലുള്ള ചൊവ്വര–നെടുവന്നൂർ–എയർപോർട്ട് റോഡിലേക്കാണ്.
മേൽപാലത്തിനു താഴെയുള്ള റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ വിമാനത്താവളത്തിൽ എത്താം. ഈ റൂട്ടിൽ ഇലക്ട്രിക് ബസ് ഏർപ്പെടുത്താമെന്നു കൊച്ചി വിമാനത്താവള കമ്പനി അധികൃതർ റെയിൽവെയെ അറിയിച്ചു.പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 19 കോടി രൂപയാണ് ഇതിനായി വരുന്ന ചിലവ്. ഇതിന് ഉടൻ അംഗീകാരമാകാനാണ് സാധ്യത. ഇതോടെ കരാർ ക്ഷണിച്ച് ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അത്താണി ജംക്‌ഷൻ – എയർപോർട്ട് റോഡിലെ മേൽപാലം കഴിഞ്ഞാണ് പ്ലാറ്റ്ഫോം തുടങ്ങുന്നത്. 24 കോച്ച് ട്രെയിനുകൾ നിർത്താനാകുന്ന 2 പ്ലാറ്റ്ഫോമുകളാണ് നിർമിക്കുന്നത്. 2 വന്ദേഭാരത് ട്രെയിനുകൾക്കും ഇന്റർസിറ്റി ട്രെയിനുകൾ ഉൾപ്പെടെയുള്ളവയ്ക്കും സ്റ്റോപ്പുണ്ടാകും.കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനൊപ്പം തൃശൂർ വരെ പ്രത്യേക ട്രെയിനിൽ യാത്ര ചെയ്തപ്പോഴാണ് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ എയർപോർട്ട് സ്റ്റേഷൻ യാഥാർഥ്യമാകാത്ത പ്രശ്നം ചൂണ്ടിക്കാട്ടിയത്. അദ്ദേഹമായിരുന്നു സ്റ്റേഷന് പുതിയ സ്ഥലം നിർദേശിച്ചത്. കൊച്ചിൻ എയർപോർട്ട് എന്ന പേരാണു റെയിൽവെ സ്റ്റേഷന് ശുപാർശ ചെയ്തിരിക്കുന്നത്.
ഇ.അഹമ്മദ് കേന്ദ്രമന്ത്രിയായിരിക്കെ 2010 ൽ നെടുമ്പാശേരിയിൽ റെയിൽവേ സ്റ്റേഷനു തറക്കല്ലിട്ടിരുന്നെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല. ബെന്നി ബഹനാൻ എംപി ഈയിടെയും ലോക്സഭയിൽ വിഷയം ഉന്നയിച്ചു. പുതിയ രൂപരേഖയിൽ സ്റ്റേഷന്റെ സ്ഥാനം സോളർ പാടത്തിന്റെ ഭാഗത്തേക്കു നീക്കിയിട്ടുണ്ട്. ട്രാക്കിനു സമീപം ഇരുവശത്തും റെയിൽവേയുടെ ഭൂമി ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.