ചൈന:കൊറോണ വൈറസിന്റെ പുതിയ വിഭാഗം കണ്ടെത്തി ചൈനീസ് ഗവേഷകർ. HKU5-CoV-2 എന്ന് പേരിട്ടിരിക്കുന്ന വൈറസിനേക്കുറിച്ചുള്ള പഠനം സെൽ സയന്റിഫിക് എന്ന ജേർണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രശസ്ത ചൈനീസ് വൈറോളജിസ്റ്റ് ഷി സെൻഗ്ലിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കൊറോണ വൈറസുകളേക്കുറിച്ചുള്ള ഗവേഷണങ്ങളുടെ പേരിൽ ബാറ്റ് വുമൺ എന്ന പേരിൽ അറിയപ്പെടുന്നയാൾ കൂടിയാണ് ഷി സെൻഗ്ലി.
ചൈനയിലെ വവ്വാലുകളിലാണ് പുതിയ ഇനം വൈറസിനെ കണ്ടെത്തിയത്. മനുഷ്യരിൽ പുതിയ വൈറസിൽ നിന്നുള്ള അണുബാധയ്ക്ക് സാധ്യതയുണ്ടെങ്കിലും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നതിലെ സാധ്യതയേക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടക്കേണ്ടതുണ്ടെന്നും ഗവേഷകർ പറഞ്ഞു. നിലവിൽ നൂറോളം കൊറോണ വൈറസുകൾ ഉണ്ടെങ്കിലും മനുഷ്യരെ ബാധിക്കാനിടയുള്ളവ വളരെ കുറവാണ്.
ഹോങ്കോങ്ങിൽ ജാപ്പനീസ് ഹൗസ് ബാറ്റുകളിൽ ആദ്യം സ്ഥിരീകരിച്ച HKU5 കൊറോണ വൈറസിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് HKU5-CoV-2. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെയും വുഹാൻ സർവകലാശാലയിലെയും ഗവേഷകർക്കൊപ്പമാണ് ഷി സെൻഗ്ലി പുതിയ വൈറസിന്മേൽ ഗവേഷണം നടത്തിയത്.
കോവിഡ് 19-ന് കാരണമാകുന്ന SARS-CoV-2 വൈറസുകളേപ്പോലെ HKU5-CoV-2 വൈറസ് എളുപ്പത്തിൽ മനുഷ്യകോശങ്ങളിൽ പ്രവേശിക്കില്ലെന്നത് ആശ്വാസകരമാണെന്ന് ഗവേഷകർ പറയുന്നു.
അതേസമയം പുതിയ വൈറസ് മറ്റൊരു മഹാമാരിക്ക് കാരണമായേക്കുമോ എന്ന് ആശങ്കപ്പെടേണ്ടതില്ലെന്ന് മിനെസോട്ട സർവകലാശാലയിലെ സാംക്രമികരോഗ വിദഗ്ധനായ ഡോ. മിഷേൽ ഒസ്റ്റെർഹോം പറഞ്ഞു. 2019-നെ അപേക്ഷിച്ച് ജനങ്ങൾ ഇത്തരം വൈറസുകളിൽ നിന്ന് പ്രതിരോധശേഷിയാർജിച്ചിട്ടുണ്ടെന്നും അത് മഹാമാരി സാധ്യത കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
2019 ഡിസംബറിൽ ചൈനയിലാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് ലോകത്തെ പലഭാഗങ്ങളിലും രോഗവ്യാപനമുണ്ടാവുകയും ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. രോഗികളുടെ എണ്ണവും മരണനിരക്കും വർധിച്ച സാഹചര്യത്തിൽ പലരാജ്യങ്ങളും ലോക്ക്ഡൗണിലേക്കും പോയി. 2025 ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം കൊറോണ വൈറസ് മൂലം 7,087,718 മരണങ്ങളാണ് സ്ഥിരീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.