ന്യൂഡൽഹി: കെ.പി.സി.സി അധ്യക്ഷസ്ഥാനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കവേ ഡൽഹിയിൽ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി ബെന്നി ബെഹനാനും അടൂർ പ്രകാശും. കേരളാ ഹൗസിൽവെച്ചുള്ള കൂടിക്കാഴ്ചയിൽ ഇരുവരും പിന്തുണ ആവശ്യപ്പെട്ടു എന്നാണ് പുറത്തുവരുന്ന വിവരം.ജാതിമത സമുദായങ്ങൾ പരിഗണിച്ചല്ല അധ്യക്ഷനെ തീരുമാനിക്കുകയെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ബെന്നി ബെഹനാൻ പ്രതികരിച്ചു. അതേസമയം വിഷയത്തിൽ അടൂർ പ്രകാശ് പ്രതികരിച്ചില്ല. എം.എം.ഹസൻ, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരായിരുന്നു കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നത്.
കെ.പി.സി.സി അധ്യക്ഷനാവുകയെന്നത് ഇപ്പോഴത്തെ അജണ്ടയിലില്ലെന്ന് ബെന്നി ബെഹനാൻ പറഞ്ഞു. ഇപ്പോൾ ഒരു ചർച്ച വിളിച്ചത് അക്കാര്യത്തിനുവേണ്ടിയിട്ടല്ല. ഒരു തിരഞ്ഞെടുപ്പ് വരാൻ പോകുന്ന സംസ്ഥാനത്ത് നേതാക്കളെ വിളിച്ച് സംസാരിക്കുകയെന്നത് എ.ഐ.സി.സിയുടെ സ്വാഭാവികമായ നടപടിയാണ്.
കഴിഞ്ഞദിവസം അസമിലെ ആളുകളെ വിളിച്ചിരുന്നു. താനും ഷാഫി പറമ്പിലുമെല്ലാം സാങ്കേതികപരമായി ഡൽഹിക്കാരാണ്. ഞങ്ങളുടെ സഹപ്രവർത്തകർ വരുമ്പോൾ അവരെ അങ്ങോട്ടുപോയി കാണുക എന്നതിന് കൂടിക്കാഴ്ച എന്നല്ല പറയേണ്ടത്.സുഹൃദ്ബന്ധത്തിന്റേമേലുള്ള ചർച്ച മാത്രമാണിത്. ഹസനും വിഷ്ണുനാഥുമെല്ലാം ഡൽഹിയിൽ വരുമ്പോൾ അവരെ പോയി കാണുക എന്നത് ഞങ്ങളുടെ മര്യാദയാണ്. ഇപ്പോഴത്തേത് ആതിഥേയ മര്യാദ മാത്രമാണ്. അതിനെ കൂടിക്കാഴ്ച എന്ന് പറയരുത്. കെ.പി.സി.സി അധ്യക്ഷനുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഉണ്ടാവാൻ പോകുന്നില്ല. ബെന്നി ബെഹനാൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ കോൺഗ്രസിൽ വലിയ മാറ്റങ്ങളുണ്ടാകുമോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്ന് എം.എം.ഹസൻ പ്രതികരിച്ചു. പാർട്ടിയുടെ പ്രവർത്തനങ്ങളിലൂടെ കേരളരാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരുമ്പോൾ ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിയെല്ലാം മാറി വമ്പിച്ച മാറ്റമുണ്ടാവും. അത് യു.ഡി.എഫിന് അനുകൂലമായ മാറ്റമായിരിക്കും. ആ മാറ്റത്തെ എങ്ങനെ ശക്തിപ്പെടുത്താമെന്നതിന് പലതരം കൂടിയാലോചനകളിലൊന്നാണ് ഇപ്പോൾ ഹൈക്കമാൻഡ് വിളിച്ചുചേർത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ ജനങ്ങൾ മാറ്റുമെന്ന് ഷാഫി പറമ്പിലും പ്രതികരിച്ചു.
നേതൃമാറ്റത്തിലുപരി സർക്കാരിനെ മാറ്റുക എന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത്. അത് കോൺഗ്രസ് പാർട്ടി പ്രവർത്തകരുടെ മാത്രം ആവശ്യമല്ല, കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണ്. അതിനെ ലഘൂകരിക്കുന്ന ഒരു തീരുമാനവും വാക്കും പ്രവർത്തിയും ആരിൽനിന്നുമുണ്ടാവില്ലെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.