തൃശ്ശൂർ: ഇരിങ്ങാലക്കുടയിലെ ബില്യൺ ബീസ് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി തട്ടിപ്പിനിരയായ നിക്ഷേപകൻ. 10 ലക്ഷമാണ് താൻ നിക്ഷേപിച്ചതെന്നും 30,000 രൂപ മാസം ലഭിക്കുമെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു. നാലുമാസം കൃത്യമായി പൈസ തന്നിരുന്നെന്നും ജീവിതകാലം മുഴുവൻ പൈസ വരും എന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപം സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
''ഒരു സുഹൃത്തുവഴിയാണ് ബില്യൺ ബീസിനേക്കുറിച്ച് അറിഞ്ഞത്. അദ്ദേഹത്തിന് ഈ സ്ഥാപനത്തിൽനിന്ന് പൈസ കിട്ടിയിരുന്നു. അങ്ങനെയാണ് ഈ ഓഫീസിൽ വന്ന് ജനറൽ മാനേജരായ സജിത്തിനെ കാണുന്നത്. സജിത്താണ് വിപിനുമായി ബന്ധപ്പെടുത്തുകയും കാര്യങ്ങൾ സംസാരിക്കുകയും ചെയ്തത്. 10 ലക്ഷം രൂപയാണ് ബില്യൺ ബീസിൽ നിക്ഷേപിച്ചിരുന്നത്. 30,000 രൂപ മാസം തരുമെന്നാണ് പറഞ്ഞിരുന്നത്.
ട്രേഡ് ചെയ്യുമോ ഇല്ലയോ എന്നൊന്നും പറഞ്ഞിരുന്നില്ല. ദുബായിലെ അവരുടെ ഓഫീസിന്റെ വികസനത്തിന് എന്നുപറഞ്ഞ് വ്യക്തിപരമായി എഗ്രിമെന്റ് തരികയായിരുന്നു സ്ഥാപന ഉടമയായ വിപിൻ. ഒരു ചെക്കും തന്നിരുന്നു. 2023 സെപ്റ്റംബറിലാണ് പണം നിക്ഷേപിച്ചത്. ജീവിതകാലം മുഴുവൻ എന്നുള്ള രീതിയിലായിരുന്നു അവർ നിക്ഷേപം സ്വീകരിച്ചിരുന്നത്. 2024 ജനുവരി ആയപ്പോഴേക്കും പണം നിക്ഷേപകർക്ക് വരുന്നത് നിലച്ചിരുന്നു. ഇതിനുമുന്നേതന്നെ പണത്തിന്റെ വരവ് നിന്നിരുന്നെന്നാണ് കരുതുന്നത്. പരാതിക്കാർ ഒത്തുചേർന്നപ്പോഴാണ് ഇക്കാര്യം മനസിലായത്.
ഞാൻ നിക്ഷേപിക്കുമ്പോൾ വിപിൻ സാമ്പത്തികമായി പൊളിഞ്ഞിരിക്കുകയായിരുന്നെന്നാണ് ഇപ്പോൾ മനസിലായിരിക്കുന്നത്. എനിക്ക് നാലുമാസം പൈസ കിട്ടി. വിപിന്റെ സഹോദരൻ സുബിന്റെ അക്കൗണ്ടിൽനിന്നാണ് പണം വന്നത്. എന്നോട് പൈസ അയയ്ക്കാൻ പറഞ്ഞതും സുബിനാണ്.
പക്ഷേ ഇക്കാര്യം ഞാൻ ചോദിച്ചിരുന്നു. കാരണം എനിക്ക് ദുബായിൽനിന്ന് പൈസ വരുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ എല്ലാം ശരിയാവും എന്നാണ് അവർ മറുപടി തന്നത്. ഇതിനുശേഷമാണ് പൈസ കിട്ടാതായത്. തുടർന്ന് ഇവിടത്തെ ഓഫീസിൽ നേരിട്ട് വന്ന് അന്വേഷിച്ചപ്പോൾ ഗഡുക്കളായി കുറച്ചു പൈസ തന്നു. വളരെ ബുദ്ധിമുട്ടിയാണ് അതെല്ലാം ഇവിടെ വന്ന് വാങ്ങിയത്. എല്ലാം തീർപ്പാക്കാം എന്ന് പറഞ്ഞെങ്കിലും അവർ നാട്ടിൽനിന്ന് മുങ്ങുകയായിരുന്നു. തട്ടിപ്പിനിരയായ ഏകദേശം 200 പേർ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലുണ്ട്.'' നിക്ഷേപകന്റെ വാക്കുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.