ചണ്ഡീഗഡ്: സ്കൂളുകളില്‍ പഞ്ചാബി പഠനം നിര്‍ബന്ധമാക്കി പഞ്ചാബ് സര്‍ക്കാര്‍. സി.ബി.എസ്.ഇ. ഉള്‍പ്പെടെയുള്ള എല്ലാ ബോര്‍ഡുകള്‍ക്കും കീഴിലുള്ള സ്കൂളുകള്‍ക്ക് ഇത് ബാധകമാണ്. പഞ്ചാബി ഭാഷ പ്രധാന വിഷയമായി പഠിച്ചാല്‍ മാത്രമേ പത്താം ക്ലാസ് പാസായതായി കണക്കാക്കൂ എന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സി.ബി.എസ്.ഇയുടെ കരട് പരീക്ഷാ ചട്ടം പുറത്ത് വന്നതിന് പിന്നാലെയാണ് പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനം. കരട് ചട്ടത്തില്‍ പത്താം ക്ലാസില്‍ പഠിക്കേണ്ട വിഷയങ്ങളില്‍ നിന്ന് പഞ്ചാബി ഭാഷയെ ഒഴിവാക്കിയിരുന്നു. ഇത്തരം നീക്കങ്ങള്‍ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിങ് ബയിന്‍സ് മുന്നറിയിപ്പ് നല്കി ഒരു ദിവസത്തിനിപ്പുറമാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
'പഞ്ചാബി പ്രധാനവിഷയമായി പഠിച്ചില്ലെങ്കില്‍ പഞ്ചാബിലെ വിദ്യാര്‍ഥികള്‍ ഏത് ബോര്‍ഡിനുകീഴിലും പത്താം ക്ലാസ് പാസായതായി കണക്കാക്കില്ല. ഏത് ബോര്‍ഡിനുകീഴിലുമുള്ള സംസ്ഥാനത്തെ എല്ലാ സ്കൂളുകളും പഞ്ചാബി പ്രധാന വിഷയമായി നിര്‍ബന്ധമായും പഠിപ്പിക്കണം. ഈ ഉത്തരവ് പാലിക്കാത്ത സ്കൂളുകള്‍ 2008-ലെ പഞ്ചാബ് ലേണിങ് ഓഫ് പഞ്ചാബി ആന്‍ഡ് അദര്‍ ലാംഗ്വേജസ് ആക്റ്റ് പ്രകാരമുള്ള നടപടി നേരിടേണ്ടിവരും.' -പഞ്ചാബ് സര്‍ക്കാരിന്റെ ഉത്തരവ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഞ്ചാബി പഠിപ്പിക്കണമെന്ന് നേരത്തേ 2021-ല്‍ സര്‍ക്കാര്‍ നിയമഭേദഗതി നടത്തിയിരുന്നു. ഇത് പ്രകാരം സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചാബി നിര്‍ബന്ധമാക്കിയിട്ടുണ്ട്.കഴിഞ്ഞദിവസം തെലങ്കാനയും സമാനമായ നീക്കം നടത്തിയിരുന്നു.
സംസ്ഥാനത്തെ സി.ബി.എസ്.ഇ. ഉള്‍പ്പെടെ എല്ലാ സ്കൂളുകളിലും തെലുങ്ക് നിര്‍ബന്ധമായി പഠിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിര്‍ദ്ദേശിച്ചത്.പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് തമിഴ്നാട് സര്‍ക്കാരാണ് കേന്ദ്രസര്‍ക്കാരിനെതിരെ ഭാഷാ യുദ്ധത്തിന് തുടക്കമിട്ടത്. ഡി.എം.കെയും താനും ഉള്ളിടത്തോളം കാലം തമിഴ് ഭാഷയ്ക്കും സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ദ്രോഹകരമായ ഒരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.