നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ രണ്ടാംദിനം കേരളത്തിന്റെ ഉജ്ജ്വല മുന്നേറ്റം. ആദ്യ സെഷനിൽത്തന്നെ വിദർഭയുടെ മൂന്നുവിക്കറ്റുകൾക്കൂടി പിഴുതു. 101 ഓവർ പിന്നിടുമ്പോള്‍ ഏഴുവിക്കറ്റ് നഷ്ടത്തിൽ 297 റൺസെന്ന നിലയിലാണ് വിദർഭ.എൻ. ബാസിൽ രണ്ടും ഏദൻ ആപ്പിൾ ടോം ഒന്നും വിക്കറ്റുകൾ നേടിയതാണ് രണ്ടാംദിനം കേരളത്തിന് കരുത്തായത്. ബാസിത്, നിധീഷ്, ഏദൻ എന്നിവർ രണ്ടുവീതം വിക്കറ്റുകൾ നേടി.
ഡാനിഷ് മാലേവര്‍ എന്ന ഇരുപത്തൊന്നുകാരന്റെ ചെറുത്തുനില്‍പ്പിന് അറുതിയാക്കി ബാസിലാണ് വ്യാഴാഴ്ച ആദ്യ കൊയ്ത്ത് തുടങ്ങിയത്. സ്വന്തം സ്‌കോര്‍ നൂറ്റന്‍പതും കടന്ന് മുന്നേറുകയായിരുന്ന മാലേവർ, എന്‍.പി. ബാസിലിന്റെ പന്തില്‍ പുറത്താവുകയായിരുന്നു.
285 പന്ത് നേരിട്ട വിദർഭ താരം മൂന്ന് സിക്‌സും 15 ബൗണ്ടറിയും സഹിതം 153 റണ്‍സ് നേടി. 100-ാം ഓവറിൽ യഷ് താക്കൂറിനെയും ബാസിൽതന്നെ പുറത്താക്കി. ഇതോടെ കഴിഞ്ഞദിവസം അവസാനിക്കുമ്പോള്‍ ക്രീസിൽ നിലയുറപ്പിച്ച രണ്ടുപേരെയും ഒഴിവാക്കാൻ കേരളത്തിനായി.
തൊട്ടടുത്ത ഓവറിൽ യഷ് റാത്തോഡിനെ ഏദൻ ആപ്പിളും മടക്കിയതോടെ വിദർഭയുടെ നില പരുങ്ങലിലായി. 290-ൽനിന്ന് 300-ലേക്കുള്ള ഓട്ടത്തിൽ ഏഴ് റൺസെടുക്കുന്നതിനിടെ മൂന്നുവിക്കറ്റ് ടീമിന്റെ വീര്യം ചോർത്തി.നാലു വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെന്ന നിലയില്‍ വിദര്‍ഭയുടെ ആദ്യദിന ബാറ്റിങ് അവസാനിച്ചിരുന്നു. രണ്ടാംദിനം 36 റണ്‍സ്‌കൂടി ചേര്‍ക്കുന്നതിനിടെയാണ് അഞ്ചാംവിക്കറ്റ് നഷ്ടമായത്. തുടർന്ന് ഏഴ് റൺസ് ചേർക്കുന്നതിനിടെ മറ്റുരണ്ടുപേർക്കൂടി പുറത്തായി.
ആദ്യദിനം 24 റണ്‍സിനിടെ നാലുവിക്കറ്റ് നേടി കേരളം മത്സരത്തില്‍ വലിയ ബ്രേക്ക്ത്രൂ നേടിയെങ്കിലും, വിദര്‍ഭയുടെ നാലാംവിക്കറ്റ് കൂട്ടുകെട്ട് കേരളത്തെ കുഴക്കി. ഇരുപത്തൊന്നുകാരന്‍ ഡാനിഷ് മാലേവറും കരുണ്‍ നായരും ചേര്‍ന്ന് 215 റണ്‍സ് പാര്‍ട്ട്ണര്‍ഷിപ്പ് ഉയര്‍ത്തി. അഞ്ചുമണിക്കൂറോളം ക്രീസില്‍ ചെലവഴിച്ച് 414 പന്തുകള്‍ നേരിട്ട ഈ സഖ്യത്തെ പൊളിച്ചത് രോഹന്‍ കുന്നുമ്മലാണ്.ഓഫ് സ്റ്റമ്പിന് പുറത്തുപോയ ഏദന്‍ ആപ്പിള്‍ ടോമിന്റെ ബോള്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈയില്‍നിന്ന് വഴുതിപ്പോയി. അപ്പോഴേക്കും ബൈ റണ്ണിനായി കരുണ്‍ ക്രീസ് വിട്ടിരുന്നു. എന്നാല്‍ മറുപുറത്ത് മാലേവര്‍ ഓടാന്‍ തയ്യാറായില്ല. തിരികെയെത്തുന്നതിനിടെ രോഹന്‍ കുന്നുമ്മലിന്റെ ത്രോ കുറ്റി തെറിപ്പിച്ചു. ദീര്‍ഘസമയത്തിനുശേഷം കേരളത്തിന് ലഭിച്ച നേരിയ ഒരാശ്വാസമായിരുന്നു ഇത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.