തൃശ്ശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിൽ കവര്‍ച്ച നടത്തിയത് മലയാളി തന്നെയെന്ന നിഗമനത്തിൽ പോലീസ്. തദ്ദേശീയരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണസംഘം. ക്രിമിനൽ പശ്ചാത്തലമില്ലാത്ത ആളാണ് പ്രതിയെന്നാണ് വിവരം. കവര്‍ച്ച നടത്തിയത് 'പ്രൊഫഷണല്‍ മോഷ്ടാവ്' അല്ലെന്ന സൂചന പോലീസിന് നേരത്തേ ലഭിച്ചിരുന്നു. മോഷണം നടന്ന പ്രദേശത്തുനിന്ന് അധികം ദൂരയല്ലാത്ത ഒരാൾ തന്നയാകാം കൃത്യം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. ആദ്യഘട്ടത്തിൽ പ്രതി ഇതര സംസ്ഥാനക്കാരനാകാമെന്ന സംശയത്തിലായിരുന്നു പോലീസ്.
ബാങ്കിലെയും ബാങ്കിനു പുറത്തെയും നിരീക്ഷണക്യാമറകളിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
നിരീക്ഷണ ക്യാമറകളിൽ പെട്ടെങ്കിലും ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ തിരിച്ചറിയാൻ സാധിക്കാത്തതാണ് പ്രതിസന്ധിയാകുന്നത്. കൈയുറ ധരിച്ചിരുന്നതിനാൽ വിരലടയാളം കിട്ടാനുള്ള സാധ്യതയുമില്ല.പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സഹായമില്ലാതെ കൃത്യമായി ഇത്തരത്തില്‍ മോഷണം നടത്താന്‍ സാധിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബാങ്ക് ജീവനക്കാരുടെ മൊഴി പോലീസ് വീണ്ടും എടുത്തിട്ടുണ്ട്.
47 ലക്ഷം രൂപയാണ് കൗണ്ടറില്‍ അടുക്കുകളാക്കി വെച്ചിരുന്നത്. ഇതില്‍നിന്ന് നടുക്കായി ക്രമീകരിച്ച അഞ്ചുലക്ഷം വീതമുള്ള മൂന്ന് കെട്ടുകള്‍ മാത്രമാണ് പ്രതി കൈക്കലാക്കിയത്. അതിനാല്‍ പ്രതിയിലേക്ക് എളുപ്പം എത്താന്‍ സാധിക്കുമെന്നും പോലീസ് കരുതുന്നു. കൂടുതല്‍ പണം എടുക്കാമായിരുന്നിട്ടും 15 ലക്ഷം മാത്രം കൈക്കലാക്കിയതിനാല്‍ പ്രതി പ്രത്യേക ലക്ഷ്യത്തോടെയാവാം കവര്‍ച്ച നടത്തിയതെന്നും പോലീസ് കരുതുന്നു. അതിനിടെ, മോഷണം നടന്ന ബാങ്ക് ശാഖയുടെ സുരക്ഷ കഴിഞ്ഞദിവസം വർധിപ്പിച്ചു. ശനിയാഴ്ച രാവിലെത്തന്നെ സുരക്ഷാജീവനക്കാരെ ബാങ്കിൽ നിയോഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.