കോഴിക്കോട്: ബി.ജെ.പിയും ആര്.എസ്.എസും ഫാസിസ്റ്റല്ല എന്ന സി.പി.എം. പാർട്ടികോണ്‍ഗ്രസ് കരട് പ്രമേയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വോട്ടു മറിക്കാനുള്ള അടവ് നയത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.
കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ ബി.ജെ.പിയുടെ വോട്ട് വാങ്ങിയാണ് കേരളത്തില്‍ സി.പി.എം. തുടര്‍ഭരണം സാധ്യമാക്കിയതെന്നും സി.പി.എമ്മിന് ഇന്ത്യയില്‍ വേരൊരിടത്തും അധികാരമില്ലാത്ത സ്ഥിതിയും കേരളത്തിന്റെ സാഹചര്യങ്ങളും കണക്കിലെടുത്ത് വരാനിരിക്കുന്ന തിരഞ്ഞടുപ്പില്‍ ബിജെപി വോട്ടുറപ്പിക്കുന്നതിനായാണ് ഇത്തരത്തിലൊരു കരട് പ്രമേയം ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു."കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിനു മുൻപേ പ്രകാശ് കാരാട്ട് ഇതുപറയുന്നുണ്ട്. എന്നാല്‍ യെച്ചൂരി ആ നയത്തെ എല്ലാ കാലത്തും എതിര്‍ത്തിരുന്നു. കാരാട്ടിന്റെ നിലപാട് ബി.ജെ.പിയുമായുള്ള അന്തര്‍ധാര ഉറപ്പിക്കുന്നതിനാണ്. ബി.ജെ.പിയും ആര്.എസ്.എസും ഫാസിസ്റ്റ് അല്ല എന്ന ഇവരുടെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതും അന്തര്‍ധാരയിലേക്കു വിരല്‍ ചൂണ്ടുന്നതുമാണ്.
ഇനി ആര്.എസ്.എസ്. ഒരു പുരോഗമനപ്രസ്ഥാനമാണെന്ന് എപ്പോഴാണ് സി.പി.എം. പറയാന്‍ പോകുന്നത് എന്ന് നോക്കിയാല്‍ മതി. കേരള മുഖ്യമന്ത്രി ഇന്നേവരെ ബി.ജെ.പിയേയോ നരേന്ദ്ര മോദിയേയോ വിമര്‍ശിച്ചിട്ടില്ല എന്നതും നമ്മള് നോക്കിക്കാണണം.കേരളത്തിലെ ഭരണംകൊണ്ട് ജനങ്ങള്‍ ദുരിതത്തിലാണ്. ആശാവര്‍ക്കര്‍മാരുടെ സമരം 15 ദിവസം പിന്നിട്ടിരിക്കുന്നു. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് അവരോട് ചര്‍ച്ചയ്ക്ക് തയ്യാറാകണം.
ജീവിക്കാനുള്ള സമരമാണ്. അനുഭാവപൂര്‍വം പരിഗണിക്കണം. ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ് ഈ സര്‍ക്കാരിനെ കൊണ്ട്.കോണ്‍ഗ്രസ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ ശക്തമാക്കുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ സാധാരണ പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പാണ്. അവര്‍ മത്സരിക്കുന്നത് ഇവിടെയാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ബാക്കിയെല്ലാം മാറ്റിവെച്ച് ഒറ്റക്കെട്ടായി ഇറങ്ങണ്ട സമയമാണ്.
കോണ്‍ഗ്രസ് ഒരു ജനാധിപത്യപാര്‍ട്ടിയാണ്. അതുകൊണ്ട് ചിലപ്പോഴൊക്കെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാറുണ്ട്. പക്ഷേ പണ്ടുണ്ടായതു പോലുള്ള പ്രശ്നങ്ങള്‍ നിലവിലില്ല. ശശി തരൂരുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കില്ല. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം പിന്നീട് ഇക്കാര്യത്തില്‍ പ്രസ്താവനകള്‍ ഒന്നും നടത്തിയിട്ടില്ല എന്നതും ശ്രദ്ധിക്കണം", ചെന്നിത്തല പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.