തിരുവനന്തപുരം: വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിനിരയായി 52കാരന് 1.84 കോടി രൂപ നഷ്ടമായി. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കവടിയാര്‍ സ്വദേശി പി.എന്‍. നായര്‍ക്കാണ് പണം നഷ്ടമായത്. സിബിഐ ഓഫിസര്‍ ചമഞ്ഞായിരുന്നു തട്ടിപ്പ്. വിഡിയോ കോളില്‍ ഭീഷണിപ്പെടുത്തി 24 ദിവസത്തോളം വെര്‍ച്വല്‍ അറസ്റ്റിലാക്കിയാണ് പണം തട്ടിയത്.
തട്ടിപ്പിന് ഇരയായ വിവരം തിരിച്ചറിഞ്ഞ പരാതിക്കാരന് വ്യാഴാഴ്ച പൊലീസിൽ പരാതി നല്കി. പണം കൈമാറിയ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും തട്ടിപ്പുകാര്‍ ബന്ധപ്പെട്ട മൊബൈല്‍ ഫോണ്‍ നമ്പറുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസിനാണ് അന്വേഷണച്ചുമതല.
ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലുള്ള ഓഫിസില്‍ നിന്നാണെന്നു പരിചയപ്പെടുത്തിവന്ന ഫോണ്‍കോളിലായിരുന്നു തട്ടിപ്പിന്റെ തുടക്കം. അശോക് ഗുപ്ത ഒന്നാം പ്രതിയായുള്ള കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയാക്കിയിട്ടുണ്ടെന്നും കോള്‍ സിബിഐ ഇന്‍സ്പെക്ടര്‍ക്ക് കൈമാറുകയാണെന്നും പറഞ്ഞു.
തുടര്‍ന്ന് സിബിഐ ഉദ്യോഗസ്ഥന് എന്നുഭാവിച്ച് ഒരാള്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. പരാതിക്കാരനെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ച ശേഷം ബാങ്ക് പാസ്ബുക്കുകളും മറ്റും അയക്കാന്‍ ആവശ്യപ്പെട്ടു. പരാതിക്കാരനു ബാങ്കില്‍ സ്ഥിരനിക്ഷേപം ഉണ്ടെന്നു മനസിലാക്കിയ തട്ടിപ്പുസംഘം പണം നിയമവിധേയമാണോ എന്ന് പരിശോധിക്കണമെന്നും അല്ലെങ്കില്‍ കേസ് എടുക്കുമെന്നും പറഞ്ഞു. പ്രതിയാകുമെന്ന് ഭയന്ന് ഇവര്‍ പറഞ്ഞ പ്രകാരം പരാതിക്കാരന് പണം അയച്ചുകൊടുക്കുകയായിരുന്നു.50 ലക്ഷം രൂപ ബാങ്കില്‍ നിന്നും ലോണ്‍ എടുത്താണ് കൈമാറിയതെന്നും സൈബര്‍ ക്രൈം പൊലീസ് പറഞ്ഞു. ജനുവരി 14മുതല്‍ ഫെബ്രുവരി ഏഴുവരെയാണ് പരാതിക്കാരനെ വെര്‍ച്വല്‍ അറസ്റ്റിലാണെന്നു വിശ്വസിപ്പിച്ച് കബളിപ്പിച്ചത്. അതേസമയം പരാതി നല്കിയ ശേഷവും തട്ടിപ്പു തുടര്‍ന്നെന്നാണ് പരാതിക്കാരന്റെ അഭിഭാഷകന് പറയുന്നത്. വീട് പണയം വച്ചും വായ്പ എടുത്തുമാണ് പണം നല്‍കിയത്. താന്‍ ഇടപെട്ട ശേഷമാണ് തട്ടിപ്പ് നിന്നതെന്നും അഡ്വ. മഹേഷ് സുബ്രഹ്മണ്യ അയ്യര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.