തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനുള്ള കേന്ദ്ര വായ്പ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പദ്ധതി തുടങ്ങിവയ്ക്കുന്നതിനാണ് ആദ്യ പരിഗണന എന്നും ധനമന്ത്രി പറഞ്ഞു. ‘‘വയനാടിന് വായ്പ തന്നിട്ട് ഒന്നരമാസം കൊണ്ടു ചെലവഴിക്കണമെന്ന് കേന്ദ്രം പറഞ്ഞതിന് എതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എങ്കിലും എത്രയും പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യാനുള്ള നീക്കത്തിലാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ധനവിനിയോഗത്തിന്റെ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തും. അതിനൊപ്പം തന്നെ കാര്യങ്ങള്‍ വേഗത്തില്‍ മുന്നോട്ടു കൊണ്ടുപോകും.’’ - ധനമന്ത്രി പറഞ്ഞു.
അതേസമയം, പുനരധിവാസവും ടൗണ്‍ഷിപ് പദ്ധതിയും നടപ്പാക്കുന്നതും സ്പെഷല്‍ ഓഫിസറുടെയും പദ്ധതി കരാറുകാരന്റെയും പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതും ചീഫ് സെക്രട്ടറി അധ്യക്ഷയായ ഏകോപന സമിതിയാണ്. ധനം, ജലവിഭവം, ഊര്‍ജം എന്നീ വകുപ്പുകളിലെ അഡിഷനല്‍ ചീഫ് സെക്രട്ടറിമാരും തദ്ദേശം, റവന്യു വകുപ്പുകളിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും പൊതുമരാമത്ത്, ആസൂത്രണം, ഐടി എന്നീ വകുപ്പുകളിലെ സെക്രട്ടറിമാരും സമിതിയില്‍ അംഗങ്ങളാണ്.
ഇവര്‍ക്കു പുറമേ ദുരന്തനിവാരണ വകുപ്പ് കമ്മിഷണര്‍, വയനാട് ടൗണ്‍ഷിപ് സ്പെഷല്‍ ഓഫിസര്‍, വയനാട് ജില്ലാ കലക്ടര്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി, ധന വകുപ്പ് ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍, ചീഫ് ടൗണ്‍ പ്ലാനര്‍ എന്നിവരും അംഗങ്ങളായിരിക്കും.
കിഫ്കോണ്‍ എന്ന സ്ഥാപനത്തിന്റെ സീനിയര്‍ പ്രൊജക്ട് അഡൈ്വസര്‍ സമിതിയില്‍ പ്രത്യേക ക്ഷണിതാവായിരിക്കും. വയനാട് മേപ്പാടി പഞ്ചായത്തിലെ ടൗണ്‍ഷിപ് നിര്‍മാണത്തിനുള്ള പദ്ധതി നിര്‍വഹണ യൂണിറ്റിന്റെ നേതൃത്വം സ്പെഷല്‍ ഓഫിസര്‍ക്ക് ആയിരിക്കും.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലെ 16 അടിസ്ഥാനസൗകര്യ പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികളിലേക്കു കടക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ധാരണയായിട്ടുണ്ട്. മന്ത്രി കെ. രാജന്, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, മുഖ്യമന്ത്രിയുടെ ഓഫിസിലെയും റവന്യു, ദുരന്തനിവാരണ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.