ദുബായ്: ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാകിസ്ഥാന് പോരാട്ടം നേരില്‍ കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. നേരത്തെ ടിക്കറ്റ് ലഭിക്കാത്ത ആരാധകര്‍ക്ക് ഐസിസി അനുവദിച്ച അധിക ടിക്കറ്റുകളും വില്പനക്കെത്തി മണിക്കൂറുകള്‍ക്കകം വിറ്റുതീര്‍ന്നു.
ഇന്ത്യയുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങള്‍ക്കും സെമി ഫൈനല്‍ മത്സരത്തിനും ഇത്തരത്തില്‍ അധിക ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്നായിരുന്നു ഐസിസി വ്യക്തമാക്കിയിരിക്കുന്നത്.20ന് ദുബായില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ്, 23ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്, മാര്‍ച്ച് രണ്ടിന് നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരങ്ങള്‍ക്കുള്ള അധിക ടിക്കറ്റുകളാണ് ഇന്ന് മതുല്‍ ലഭ്യമാക്കിയത്. മാര്‍ച്ച് നാലിന് നടക്കുന്ന ആദ്യ സെമി ഫൈനലിനുള്ള കുറച്ചു ടിക്കറ്റുകളും ലഭ്യമാക്കിയിരുന്നു.
എന്നാല്‍ ഇന്ത്യ-പാകിസ്ഥാന് മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്പനക്കെത്തി മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റു തീര്‍ന്നു. അതേസമയം, ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍ക്കും സെമി ഫൈനലിനുമുള്ള ടിക്കറ്റുകള്‍ ഇപ്പോഴും ലഭ്യമാണ്.
ഫെബ്രുവരി 23ന് ഞായറാഴ്ചയാണ് ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാകിസ്ഥാന് ക്ലാസിക് പോരാട്ടം.നേരത്തെ ഫെബ്രുവരി മൂന്നിന് ടിക്കറ്റുകള്‍ ആദ്യമായി വില്‍പനക്കെത്തിയപ്പോഴും മണിക്കൂറുകള്‍ക്കകം വിറ്റുതീര്‍ന്നിരുന്നു.ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് 1.30ന് തുടങ്ങിയ അധിക ടിക്കറ്റുകളുടെ വില്പന മൂന്ന് മണിയാവുമ്പോഴേക്കും മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയതിനാല്‍ നിര്‍ത്തിവെച്ചു. 25000 പേരെയാണ് ഇന്ത്യ-പാകിസ്ഥാന് മത്സരത്തിന് വേദിയാവുന്ന ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ പരമാവധി ഉള്‍ക്കൊള്ളാനാകുക
2023ലെ ഏകദിന ലോകപ്പില്‍ ഒരു ലക്ഷത്തിലധികം കാണികളെ ഉള്‍ക്കൊള്ളാവുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനുപോലും ടിക്കറ്റുകള്‍ ബാക്കിയിരുണ്ടായിരുന്നില്ല. അവധി ദിനമായ ഞായറാഴ്ചയാണ് മത്സരമെന്നതും ഇന്ത്യക്കാര്‍ ഏറെയുള്ള ദുബായിലാണ മത്സരമെന്നതും ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകാന്‍ കാരണമായി.
ഇന്ത്യ-പാകിസ്ഥാന് മത്സരത്തിനുള്ള ടിക്കറ്റുകള്‍ക്ക് 500 യുഎഇ ദിര്‍ഹമായിരുന്നു അടിസ്ഥാനനിരക്ക്. ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ 250 ദിര്‍ഹം മുതല്‍ ലഭ്യമായിരുന്നു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ഏറ്റുമുട്ടിയശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.