ദില്ലി: പതിറ്റാണ്ടുകള്‍ ഭരിച്ച ഇന്ദ്രപ്രസ്ഥത്തില്‍ കോണ്‍ഗ്രസിന്റെ കിതപ്പ് തുടങ്ങിയിട്ട് കാലങ്ങളായി. ഹാട്രിക്ക് ഭരണം നേടിയ ഷീല ദീക്ഷിതിനെ അപ്രസക്തയാക്കി
2013 ല്‍ അരവിന്ദ് കെജ്രിവാളെടുത്ത ചൂലിനൊപ്പം നിന്ന ദില്ലി ജനത ഇക്കുറി ബി ജെ പിയെയാണ് തൂത്തുവാരാൻ അനുവദിച്ചത്.എ എ പിക്ക് കനത്ത പ്രഹരമേകി ബി ജെ പി 27 വർഷങ്ങള്‍ക്ക് ശേഷം അധികാരം പിടിച്ചെടുത്തപ്പോള്‍ കോണ്‍ഗ്രസിനും ഇടതുപാർട്ടികള്‍ക്കും അക്കൗണ്ട് പോലും തുറക്കാനായില്ല. കഴിഞ്ഞ തവണത്തെപ്പോലെ കോണ്‍ഗ്രസ് ഇത്തവണയും സംപൂജ്യരായി.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ 'കനല് ഒരു തരി' പ്രതീക്ഷയായി ബാദ് ലി ഉണ്ടായിരുന്നെങ്കിലും അന്തിമഫലം വരുമ്പോള്‍ ഇക്കുറിയും നിരാശ തന്നെ ഫലം. വോട്ടെണ്ണല്‍ തുടങ്ങിയ എട്ട് മണി മുതല്‍ ഏറെ നേരം ബാദ് ലിയില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയും സംസ്ഥാന അധ്യക്ഷനുമായ ദേവേന്ദർ യാദവ് മുന്നിട്ടുനിന്നു.
എന്നാല്‍ ബി ജെ പിയുടെ ആഹിർ ദീപക് ചൗധരിയും എ എ പിയുടെ അജേഷ് യാദവും അവസാന റൗണ്ടുകളില്‍ കരുത്തുകാട്ടിയതോടെ ദേവേന്ദ്രർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏറ്റവും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ബി ജെ പി സ്ഥാനാർഥി ആഹിർ ദീപക് ചൗധരി 10461 വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. എ എ പിയുടെ അജേഷ് യാദവിന് 35668 വോട്ടുകളും മൂന്നാം സ്ഥാനത്തുള്ള ദേവേന്ദറിന് 31130 വോട്ടുകളുമാണ് ലഭിച്ചത്.അതേസമയം ഇടതുപാർട്ടികള്‍ക്കും ഇക്കുറി അക്കൗണ്ട് തുറക്കാനായില്ല. രാജ്യതലസ്ഥാനത്ത് 2 സീറ്റില്‍ മത്സരിച്ച സി പി എമ്മിനും ഒരു സീറ്റില്‍ മത്സരിച്ച സി പി ഐക്കും ചുരുക്കം വോട്ടുകള്‍ മാത്രമാണ്. കരാവല്‍ നഗറിലും ബദാര്പൂറിലുമാണ് സി പി എം പോരാട്ടത്തിനിറങ്ങിയത്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കരാവല്‍ നഗറില്‍ സി പി എം സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത്
428 വോട്ടുകളാണ്. ബദാര്‍പൂര്‍ മണ്ഡലത്തിലാകട്ടെ സി പി എം സ്ഥാനാര്‍ത്ഥിക്ക് ഇതുവരെ 194 വോട്ടുകളാണ് സ്വന്തമാക്കാനായത്. വികാസ്പുരിയില്‍ പോരിനിറങ്ങിയ സി പി ഐക്ക് 278 വോട്ടുകളാണ് ഇതുവരെ നേടാനായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.