ഡല്‍ഹി: രാഷ്ട്രീയ ഡോക്യുമെന്‍റുകളായി ബജറ്റുകള്‍ അധപതിച്ചുവെന്നും ബജറ്റിന്‍റെ പവിത്രത നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള പ്രതിപാദനമാണ് ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ജോണ്‍ ബ്രിട്ടാസ് എംപി.
ബജറ്റില്‍ ആറു സ്ഥലത്താണ് ബിഹാറിനെ പരാമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു സംസ്ഥാനത്തെയും ഇത്തരത്തില്‍ പരാമർശിച്ചിട്ടില്ല. ഈ സർക്കാരിനെ താങ്ങി നിർത്തുന്ന പ്രധാനപ്പെട്ട ഒരു ഊന്നുവടിയാണ് ബിഹാർ. എത്ര വ്യാജമായാണ് ബിഹാറിനെ ബജറ്റിലേക്ക് കൊണ്ടുവന്നതെന്നും ബ്രിട്ടാസ് ചോദിച്ചു.മൂലധനമേഖലയെ കുറിച്ച് സർക്കാർ പറയുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തുറമുഖമായി ഉരിത്തിരിയാൻ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന്‍റെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച് ഒരു പ്രഖ്യാപനം പോലുമുണ്ടായില്ല. പതിനായിരം മെഡിക്കല്‍ സീറ്റുകള്‍ വർധിപ്പിക്കുമെന്ന് പറയുമ്പോള്‍ പോലും കേരളത്തിന്‍റെ ദീർഘകാലമായുള്ള എയിംസ് എന്ന ആവശ്യവും പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഗോളവത്കരണത്തിന്‍റെ കാലം കഴിഞ്ഞതായും മാനവശേഷിയെ ആശ്രയിച്ച് മുന്നോട്ടുപോകേണ്ടിയിരിക്കുന്നുവെന്ന് സാമ്പത്തിക സർവേയില്‍ പറയുന്നു. ആഗോളവത്കരണത്തിന്‍റെ ഭാഗമായാണ് ആസിയൻ കരാറില്‍ ഒപ്പുവച്ചത്. ഇത്തരം കരാറുകള്‍ പുനപരിശോധിക്കേണ്ടതാണ്.അത്തരത്തിലുള്ള കരാറുകളുടെ തിക്താനുഭവങ്ങള്‍ ഒരു സംസ്ഥാനത്തെ കർഷകർ അനുഭവിക്കുന്നുണ്ടെങ്കില്‍ അതിനൊരു പരിഹാരം ഉണ്ടാക്കാൻ വേണ്ടി നിർദേശം കൊണ്ടുവരേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.
ആദായ നികുതി ഇളവ് ബജറ്റില്‍ എങ്ങനെ സ്ഥാനംപിടിച്ചു എന്നുകൂടി മനസിലാക്കണം. മധ്യവർഗത്തിന് സ്വാധീനമുള്ള ഡല്‍ഹിയിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു.
ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസിന്‍റെ കാലത്ത് ചൈന പോലുള്ള രാജ്യങ്ങള്‍ തിരമാലകള്‍ സൃഷ്ടിക്കുമ്പോള്‍ ഇവിടെ കുംഭമേളയില്‍ പോയി മുങ്ങികുളിക്കുകയാണ്. അതിന്‍റെ വേറൊരു രാഷ്ട്രീയ ഡോക്യുമെന്‍റാണ് ബജറ്റെന്നും അദ്ദേഹം വിമർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.