ഭക്ഷണം മരുന്നാണ്. എന്നാല്‍, ആ മരുന്ന് മയക്കു മരുന്നിനെക്കാള്‍ മാരകമായാലോ? അതാണിപ്പോള്‍ നമ്മുടെ നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ആരോഗ്യമല്ല രുചിയാണ് പ്രധാനം. നാവിന് ഉന്മാദം പകരുന്ന എന്തും തിന്നാൻ ഇന്ന് മലയാളി ഒരുക്കമാണ്. അതോടെ മലയാളി മലയാളി അല്ലാതായി മാറി. ഇന്ന് കൂണുപോലെ ഹോട്ടലുകളും മന്തി കടകളും മുളച്ചു പൊന്തുകയാണ്. അവിടങ്ങളിലെല്ലാം അമ്പിട്ടാല്‍ കടക്കാത്ത തരത്തില്‍ ആബാലവൃദ്ധം ജനങ്ങളും ഉണ്ടാവും.മലയാളികളുടെ മാറിയ ഭക്ഷണശീലത്തെക്കുറിച്ചും അതുണ്ടാക്കുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങളെക്കുറിച്ചും തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ ചീഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റ് ആയ പ്രീതി ആർ നായർ. പറയുന്നുമയക്കുമരുന്നിനെപ്പോലെ തന്നെ
മനുഷ്യന്റെ സ്വഭാവം നിയന്ത്രിക്കുന്നതില്‍ ഭക്ഷണത്തിന് പ്രധാന സ്ഥാനമുണ്ടെന്ന് വിദേശങ്ങളില്‍ നടത്തിയ പല പഠനങ്ങളിലും വ്യക്തമായിട്ടുണ്ട്. ഉപ്പ്, എരിവ്, കൂടിയ അളവില്‍ മസാല, എണ്ണ എന്നിവ ചേർന്ന ഭക്ഷണങ്ങളാണ് സ്വഭാവത്തെ തന്നെ ആകെ മാറ്റുന്നത്. ദേഷ്യം, ആക്രമണാത്മകത, പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിമപ്പെടുക, നിസാര കാരണങ്ങള്‍ക്കുപോലും പൊട്ടിത്തെറിക്കുക തുടങ്ങിയവയാണ് ഇത്തരം ഭക്ഷണം പതിവാക്കിയവരില്‍ പൊതുവെ കാണുന്നത്.
ഇതിനൊപ്പം തന്നെയാണ് അമിതമായി മധുരം അടങ്ങിയ ഭക്ഷണങ്ങളും. പഞ്ചസാര കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നവരോടൊപ്പം ദേഷ്യം, അസ്വസ്തത തുടങ്ങിയവ കൂട്ടുകൂടും. പേസ്ട്രി, ഐസ്ക്രീം, ചോക്ലേറ്റ്, ലഡു തുടങ്ങിയവയൊക്കെ പ്രതിപ്പട്ടികളില്‍ ഉള്ള ഐറ്റങ്ങളാണ്. പൊതുവെ പാവമായ നമ്മുടെ തക്കാളിപോലും അമിതമായി ഉപയോഗിച്ചാല്‍ ദേഷ്യം കൂടും.ദേഷ്യം കൂട്ടുന്ന ഭക്ഷണങ്ങള്‍ ഒരാളുടെ മൂഡ് ആകെ മാറ്റും. അയാള്‍ എന്തൊക്കെചെയ്യുമെന്ന് പറയുക പോലും അസാദ്ധ്യമാണ്. ആക്രമിക്കാനോ കൊല്ലാനോ പോലും മടിച്ചേക്കില്ല എന്നാണ് അടുത്തിടെ നടത്തിയ ചില പഠനങ്ങളില്‍ വ്യക്തമാകുന്നത്. ഇത്തരം ഭക്ഷണങ്ങള്‍ ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും വീണ്ടും അത് കഴിക്കണമെന്ന് തോന്നലുണ്ടാക്കുകയും ചെയ്യും.
ആ തോന്നലിന് പിന്നില്‍..
ബേക്കറികളിലെയും ഹോട്ടലുകളിലെയും ഭക്ഷണങ്ങള്‍ ഒരാളെ അത്തരം ഭക്ഷണങ്ങള്‍ക്ക് അടിമകളാക്കുകയാണ് ചെയ്യുന്നത്. ഭക്ഷണത്തില്‍ ചേർക്കുന്ന ചില ഘടകങ്ങളാണ് ഇതിന് പ്രധാന കാരണം. ഒരുതവണ കഴിച്ചാല്‍ വീണ്ടും വീണ്ടും അത് കഴിക്കണമെന്ന് തോന്നലുണ്ടാക്കും. അജിനോമോട്ടാേ പോലുള്ള ചില ഘടകങ്ങളാണ് ഇതിന് കാരണം.
ഇത്തരം അഡിക്ടീവ് ഘടകങ്ങള്‍ ചേർക്കുന്ന ഭക്ഷണങ്ങള്‍ എത്ര കഴിച്ചാലും മതിയാവുന്നില്ല എന്ന തോന്നലിനൊപ്പം ആ ഭക്ഷണത്തോടുള്ള ആസക്തി കൂടുതല്‍ ഉണ്ടാവുകയും ചെയ്യും. കഴിച്ചുതുടങ്ങുമ്പോള്‍ ചെറിയ അളവിലായിരിക്കും. എന്നാല്‍ അധികനാള്‍ കഴിയുന്നതിന് മുമ്പ്തന്നെ കഴിക്കുന്നതിന്റെ അളവ് കാര്യമായി കൂടുകയും ചെയ്യും.തലച്ചോറിലെ സെറോട്ടോണിൻ എന്ന ഹോർമോണാണ് ഇവിടത്തെ വില്ലൻ. സന്തോഷം ഉണ്ടാക്കുന്ന ഹോർമോണാണിത്. പഞ്ചസാര അടങ്ങിയ ഭക്ഷണം ഈ ഹോർമാേണിന്റെ അളവ് കൂട്ടുന്നതോടെ നമ്മള്‍ അറിയാതെ അത്തരം ഭക്ഷണങ്ങള്‍ക്ക് അടിമകളായി മാറുകയാണ് ചെയ്യുന്നത്.
സന്തോഷം ഉണ്ടാകുന്നതുകൊണ്ട് ഇത്തരം ഭക്ഷണം കഴിക്കാനുള്ള പ്രചാേദനം തലച്ചോർ നല്‍കുകയും നമ്മള്‍ അതിന് വശംവദരാവുകയും ചെയ്യും. ശരിക്കും മയക്കുമരുന്ന് പ്രവർത്തിക്കുന്നതുപോലെയാണിത്. നമ്മുടെ കുടലിലെ മോശം ബാക്ടീരിയകളുടെ അളവ് കൂടിയാലും മധുരം അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന തോന്നലുണ്ടാക്കും. കാർബണേറ്റഡ് ഡ്രിങ്ക്സും ഇതില്‍ പെടുന്നതാണ്.
ആ കുഴിമന്തിയല്ല ഈ കുഴിമന്തി
അറേബ്യൻ ഭക്ഷണമായ കുഴിമന്തി ഇന്ന് കേരളത്തിലെ ഏത് കുഗ്രാമത്തിലും കിട്ടും . പക്ഷേ, ഇതില്‍ ഒട്ടുമുക്കാലിനും പേരില്‍ മാത്രമല്ലാതെ ഒറിജിനല്‍ കുഴിമന്തിയുമായി ഒരു സാമ്യവും ഇല്ല എന്നതാണ് സത്യം. മാത്രമല്ല രുചിക്കു വേണ്ടിയും ആള്‍ക്കാരെ അടിമകളാക്കാൻ വേണ്ടിയും ഒറിജിനലില്‍ ചേർക്കാത്ത പല ചേരുവകളും ഇവിടെ ചേർക്കുന്നുണ്ട്. ഇതോടെ ഇത് അനാരോഗ്യകരമാകും. ഇതിനൊപ്പം മയോണൈസ് കൂടിയാകുമ്പോള്‍ കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിയും.
മുട്ടയില്‍ നിന്ന് ഉണ്ടാക്കുന്ന മയോണൈസ് ഉണ്ടാക്കിയാല്‍ അപ്പോള്‍ തന്നെ അത് ഉപയോഗിച്ച് തീർക്കണം. രണ്ടുമണിക്കൂറില്‍ കൂടുതല്‍ ഇത് സൂക്ഷിച്ചാല്‍ മോശം ബാക്ടീരിയകള്‍ ഇതില്‍ ഉണ്ടാവുകയും ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്കും തൻമൂലം മരണത്തിനുപോലും ഇടയാക്കിയേക്കും. കുഴിമന്തിയിലെ എണ്ണയും കൃത്രിമ നിറങ്ങളുമാണ് ആരോഗ്യത്തിന് ഏറ്റവും പ്രശ്നക്കാർ. ഇത് പതിവായി കഴിക്കുന്നവർക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവാനുളള സാദ്ധ്യത വളരെകൂടുതലാണ്. ഇന്ന് യുവാക്കളില്‍ ഹൃദ്‌രോഗം കൂടാൻ ഉളള പ്രധാന കാരണവും ഇതുതന്നെയാണ്.മോശം കാെഴുപ്പും കാർബോ ഹൈഡ്രേറ്റും മാത്രം അടങ്ങിയ ഇത് കഴിക്കുന്നത് കാൻസർ വരാനുളള സാദ്ധ്യതയും കൂട്ടുന്നു. ഹോട്ടലില്‍ നിന്നുള്ള ബിരിയാണി കഴിച്ചാല്‍ നമുക്ക് തോന്നുന്ന മന്ദതയ്ക്ക് പിന്നിലുളളതും അതിലെ എണ്ണയും മറ്റും തന്നെയാണ്.
ചായകുടിക്കണോ?
വടയും വാഴയ്ക്കാ അപ്പവും ഉണ്ടാക്കുന്ന കടയുടെ സമീപത്തുകൂടി പോകുമ്പോള്‍ കടയ്ക്കുള്ളിലേക്ക് കടന്നുചെല്ലാൻ നമ്മെ പ്രേരിപ്പിക്കുന്നതില്‍ പ്രധാനം മണമാണ്. ആരോഗ്യത്തിന്റെ ഏറ്റവും വലിയ ശത്രുവായ ട്രാൻസ് ഫാറ്റാണ് മണത്തിന് കാരണക്കാരൻ.
എണ്ണ വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന സാധാരണ ഫാറ്റ് ട്രാൻസ് ഫാറ്റായി മാറുകയാണ് ചെയ്യുന്നത്. ഇത്തരം പലഹാരങ്ങള്‍ ഉണ്ടാക്കുന്ന കടക്കാർ ദിവസങ്ങളോളം എണ്ണ മാറ്റാതെ വീണ്ടും വീണ്ടും തിളപ്പിച്ച് ഉപയോഗിക്കുന്നതിന് പിന്നിലെ രഹസ്യം ഇതാണ്. ഹൃദയത്തിന് ഏറ്റവും പ്രശ്നം ഉണ്ടാക്കുന്നത് ട്രാൻസ് ഫാറ്റാണ്.
ചായയും കോഫിയും അഡിക്ടീവ് ഫുഡുകളുടെ വിഭാഗത്തില്‍ പെടുത്താവുന്നതാണ്. അമിതമായി കഴിക്കുമ്പോഴാണ് പ്രശ്നമാകുന്നത് എന്നത് പ്രത്യേകം ഓർക്കണം. പഞ്ചസാര കൂടുതല്‍ ഉപയോഗിക്കുന്ന ഒരു ചായയില്‍ നിന്ന് എഴുപത് കലോറിവരെ ലഭിക്കും. അങ്ങനെ വരുമ്പോള്‍ ദിവസം നാലോ അഞ്ചോ ചായ കുടിച്ചാല്‍ എത്ര കലോറി ശരീരത്തില്‍ എത്തുമെന്ന് നോക്കുക. നന്നായി ജോലിചെയ്യുന്ന ഒരാള്‍ക്കുതന്നെ ദിവസം1500 കലോറി മതിയാവും.
ബുഫേ അങ്ങനെയല്ല കഴിക്കേണ്ടത്
ബുഫേ നല്ലൊരു ഭക്ഷണരീതിയാണ്. പക്ഷേ, നമ്മള്‍ അത് കഴിക്കുന്ന രീതിയിലാണ് പ്രശ്നം. സൂപ്പുകള്‍ ആദ്യം ഉപയോഗിക്കണം, അതിനുശേഷം സാലഡുകള്‍. തുടർന്നാണ് മെയിൻ ഭക്ഷണത്തിലേക്ക് കടക്കേണ്ടത്. അതുതന്നെ കാർബോ ഹൈഡ്രേറ്റും കൊഴുപ്പും കുറഞ്ഞവ നമുക്ക് ആവശ്യമുള്ളത് മാത്രം എടുത്ത് കഴിക്കുക.
പക്ഷേ, ഇവിടെ ഇതൊന്നും പാലിക്കാറില്ല. പൊരിച്ചതും വറുത്തതും കൂടുതല്‍ എടുക്കാനാണ് ഭൂരിപക്ഷത്തിനും താല്‍പ്പര്യം. അവ മതിയാവോളം തിന്നശേഷം വയറില്‍ സ്ഥലമുണ്ടെങ്കില്‍ മാത്രം സാലഡും സൂപ്പുമൊക്കെ കഴിക്കാം എന്നാണ് അവരുടെ വിചാരം. ഭക്ഷണം കഴിച്ച കൈകൊണ്ടുതന്നെ വിഭവങ്ങള്‍ വീണ്ടും കോരിയെടുക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കുക. നമ്മുടെ സദ്യയ്ക്കും വില്ലൻ പരിവേഷം തന്നെയാണ് വിദഗ്ധർ നല്‍കുന്നത്.
കുട്ടികളെ ശ്രദ്ധിക്കണേ
പാക്കറ്റ് ഫുഡ് ഉണ്ടെങ്കില്‍ കുട്ടികളെ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. വറുത്തതോ പൊരിച്ചതോ ഒരു പാക്കറ്റും ഒരു മൊബൈല്‍ ഫോണും കൊടുത്താല്‍ എത്രസമയം വേണമെങ്കിലും കുട്ടികള്‍ ഒരേ ഇരുപ്പില്‍ ഇരിക്കും. പാക്കറ്റിലെ ഭക്ഷണം തീരുമ്പോഴേ വീണ്ടും പ്രശ്നമുണ്ടാക്കൂ. അപ്പോള്‍ ഒരു പാക്കറ്റ് കൂടി കൊടുക്കും.
ഒപ്പം വളരുന്ന പ്രായമല്ലേ, കുട്ടികള്‍ ഇപ്പോഴാണ് കഴിക്കേണ്ടത് എന്നൊരു കമന്റും. എങ്കില്‍ അറിയുക, നിങ്ങള്‍ ചെയ്യുന്നത് ഏറ്റവും വലിയ ദ്രോഹമാണ്. ചെറുപ്രായത്തിലേ കുട്ടികളെ മാരക രോഗത്തിന് അടിമകളാക്കുകയാണ് ചെയ്യുന്നത്. ആൻജിയോ പ്ളാസ്റ്റിക്കും ബൈപ്പാസ് സർജറിക്കും വിധേയാരാകുന്ന പതിനെട്ടുപോലും തികയാത്തവരുടെ എണ്ണം കൂടിയവരികയാണ്. പൊണ്ണത്തടിയും കാൻസറുമൊക്കെ നമ്മള്‍ വിലകൊടുത്ത് വാങ്ങുന്നതാണെന്ന് പലരും മനസിലാക്കുന്നേയില്ല.
നല്ലതെടുക്കില്ല
വിദേശത്തേത് എന്നുപറഞ്ഞാല്‍ എന്തും നാം സന്തോഷത്തോടെ സ്വീകരിക്കും. ഭക്ഷണം ഉള്‍പ്പെടെ. പക്ഷേ നല്ലത് സ്വീകരിക്കില്ല. വിദേശികള്‍ മാംസാഹരത്തിനൊപ്പം ധാരാളം പച്ചക്കറികളും ഇലവർഗങ്ങളുമൊക്കെ കഴിക്കും. നമ്മള്‍ വിദേശ ഭക്ഷണത്തിലെ ചേരുവകളില്‍ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റിയപ്പോള്‍ പച്ചക്കറികളും ഇലകളും കഴിക്കണമെന്നതും സൗകര്യപൂർവം മറന്നു.
വിദേശികള്‍ വ്യായാമത്തിന് നല്‍കുന്ന പ്രാധാന്യവും നാം ബോധപൂർവം മറന്നു. മൂന്നുനേരവും ഉയർന്ന കലോറിയുള്ള കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം മാത്രം കഴിക്കുന്ന മലയാളികള്‍ക്കാണ് വ്യായാമം അത്യാവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.