ബംഗളൂരു: ബി.ജെ.പി നേതാവും മുൻ പുത്തൂർ എം.എല്‍.എയുമായ രാജേഷ് ബന്നൂരിന്റെ വീട് കഴിഞ്ഞ ദിവസം അർധരാത്രി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചു നിരത്തി.
ഒമ്‌നി വാഹനത്തിലെത്തിയ അജ്ഞാതരാണ് ദൗത്യം നടത്തി മടങ്ങിയത്. പ്രസിദ്ധമായ മഹാലിംഗേശ്വര ക്ഷേത്രം വിപുലീകരണത്തിനു തടസ്സംനിന്ന കെട്ടിടമാണ് പൊളിച്ചതെന്ന് സ്ഥലം സന്ദർശിച്ച കോണ്‍ഗ്രസ് നേതാവും പുത്തൂർ എം.എല്‍.എയുമായ അശോക് കുമാർ റൈ പറഞ്ഞു.ക്ഷേത്രം ഭരണസമിതിക്ക് പൊളിക്കലില്‍ പങ്കില്ല. രാജേഷ് ബന്നൂരിന് നിയമാനുസൃതമായ സ്വത്ത് രേഖകള്‍ ഉണ്ടെങ്കില്‍ നിയമപരമായ സഹായത്തിനായി കോടതിയെ സമീപിക്കണം. തർക്കത്തിലുള്ള ഭൂമി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബന്നൂരിന്റെ പൂർവികർക്ക് നല്‍കിയിരിക്കാം.
എന്നാല്‍ സമീപ വർഷങ്ങളില്‍ ലാഭത്തിനായി ഒന്നിലധികം കെട്ടിടങ്ങള്‍ വാടകക്ക് നല്‍കിയിട്ടുണ്ട്. ഹിന്ദുത്വത്തെയും വികസനത്തെയും കുറിച്ചുള്ള ബി.ജെ.പിയുടെ നിലപാടിലെ കാപട്യമാണ് ഇവിടെ പ്രകടമാവുന്നത്.ക്ഷേത്രഭൂമിയിലെ എട്ട് വീടുകള്‍ നീക്കം ചെയ്യേണ്ട വിശാലമായ ക്ഷേത്ര വികസന പദ്ധതിയുടെ ഭാഗമായിരുന്നു ഈ പൊളിക്കല്‍. ആറ് വീടുകള്‍ ഇതിനകം ഒഴിപ്പിച്ചിരുന്നു, അതേസമയം ഒരു അഭിഭാഷകനും ബി.ജെ.പി നേതാവും എതിർപ്പുകള്‍ ഉന്നയിച്ചു. അഭിഭാഷകന്റെ വീട് ഈ മാസം രണ്ടിന് മരം വീണ് തകർന്നുവെന്ന് റൈ പറഞ്ഞു.
പുലർച്ചെ രണ്ട് മണിയോടെ മംഗളൂരുവില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ രണ്ട് ഖനന തൊഴിലാളികള്‍ തന്റെ വീട് പൊളിക്കുന്നത് കണ്ടതായി ബന്നൂർ ആരോപിച്ചു. ഇടപെടാൻ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ ഓടിപ്പോകേണ്ടി വന്നു. സംഭവത്തിന് പിന്നില്‍ എം.എല്‍.എ അശോക് റൈയാണെന്ന് അദ്ദേഹം ആരോപിച്ചു.
മുൻ എം.പി നളിൻകുമാർ കട്ടീലും എം.എല്‍.സി കിഷോർ പുത്തൂരും പൊലീസ് സ്റ്റേഷനിലെത്തി പൊളിക്കലിന് ഉത്തരവാദികളായവർക്കെതിരെ ഉടൻ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതേത്തുടർന്ന് പുത്തൂർ ടൗണ്‍ പൊലീസ് പുത്തൂർ മഹാലിംഗേശ്വര ക്ഷേത്ര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ഈശ്വര്‍ ഭട്ട് പഞ്ചിഗുഡ്ഡെ, ട്രസ്റ്റി വിനയ് സുവർണ എന്നിവർക്കെതിരെ കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.