ബംഗളുരു: വിവാഹാലോചനയ്ക്ക് പോയ യുവാവിനെ വീട്ടില്‍ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു.
ബംഗളുരുവില്‍ നടന്ന സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവർമാരായ ഹരീഷ് (40), വെങ്കടേഷ് (35), ഗീത (35), വിജയ (60), മഞ്ജുള (30), ലീലാവതി (40) എന്നിവരാണ് പിടിയിലായത്. വ്യാജ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് നടത്തിയ തട്ടിപ്പില്‍ 50,000 രൂപയിലേറെയാണ് കവർന്നത്.റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ യുവാവിന് സംഘത്തിലെ മഞ്ജുളയെ നേരത്തെ പരിചയമുണ്ടായിരുന്നു. പിന്നീട് വിവാഹാലോചന തുടങ്ങിയപ്പോള്‍ തനിക്ക് പറ്റിയ പെണ്‍കുട്ടികള്‍ ആരെങ്കിലും ഉണ്ടോയെന്ന് ചോദിച്ചിരുന്നു.
ഇവരാണ് താൻ ഒരു പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞ് യുവാവിനോട് ഹെബ്ബാളിലെത്താൻ നിർദേശിച്ചത്. മഞ്ജുളയുടെ സുഹൃത്ത് അവിടെയെത്തി യുവാവിനെ ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.
രണ്ട് സ്ത്രീകളാണ് വീട്ടിലുണ്ടായിരുന്നത്. പ്രതികളിലൊരാളായ വിജയ, കുറച്ച് കഴിഞ്ഞപ്പോള്‍ 1200 രൂപ കടം ചോദിച്ചു. ഒരു അത്യാവശ്യത്തിനാണെന്നും ഉടനെ തിരിച്ചു തരാമെന്നും പറഞ്ഞാണ് ഓണ്‍ലൈനായി പണം ട്രാൻസ്ഫർ ചെയ്ത് വാങ്ങിയത്. പുറത്തേക്ക് പോയ വിജയ അല്പ സമയം കഴിഞ്ഞ് തിരിച്ചെത്തി, വാതില്‍ അടച്ചു. ഇരുവരും സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഇവിടേക്ക് ഇരച്ചുകയറി.തങ്ങള്‍ പൊലീസുകാരാണെന്ന് സാധാരണ വേഷം ധരിച്ച രണ്ട് പുരുഷന്മാരും പരിചയപ്പെടുത്തി. യുവാവ് ഇവിടെ പെണ്‍വാണിഭം നടത്തുകയാണെന്ന് ആരോപിച്ച് അടിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. യുവാവിനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഇവർ രണ്ട് ലക്ഷം രൂപ നല്കിയാല് വിടാമെന്ന് വാഗ്ദാനവും നല്കി.
വൈകുന്നേരം 4.30ഓടെ ആകെയുണ്ടായിരുന്ന 50,000 രൂപ ട്രാൻസ്ഫർ ചെയ്തു കൊടുത്തതിന് ശേഷം യുവാവിനെ വിട്ടയച്ചു. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് ഒരു സുഹൃത്തിന്റെ ഉപദേശപ്രകാരമാണ് യുവാവ് പൊലീസ് സ്റ്റേഷിനെത്തി പരാതി നല്‍കിയത്. അന്വേഷണം നടത്തിയ പൊലീസ് സംഘം ആറ് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.