ഡൽഹി;വർഷം 15 ലക്ഷം വരെ വാർഷിക വരുമാനം നേടുന്നവരെ ലക്ഷ്യമിട്ട് ആദായ നികുതി പരിധിയിൽ കേന്ദ്ര സർക്കാർ വലിയ ഇളവ് അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി ഒന്നിന് മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കാനിരിക്കെ രാജ്യത്തെ ശമ്പളക്കാരായ നികുതി ദായകരെ സംബന്ധിച്ച് വലിയ ആശ്വാസമുണ്ടായേക്കുമെന്നാണ് കേന്ദ്ര സർക്കാരിലെ ഉന്നതരിൽ നിന്ന് ലഭിച്ച വിവരമെന്ന നിലയിൽ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പുതിയ നികുതി സമ്പ്രദായത്തിലാണ് മാറ്റം പ്രതീക്ഷിക്കുന്നത്. നിലവിൽ ഈ വിഭാഗത്തിൽ മൂന്ന് ലക്ഷം വരെയാണ് ആദായ നികുതി അടക്കേണ്ടാത്തത്. മൂന്ന് മുതൽ ആറ് ലക്ഷം വരെ അഞ്ച് ശതമാനവും ഒൻപത് ലക്ഷം വരെ 10 ശതമാനവും 12 ലക്ഷം വരെ 15 ശതമാനവും 15 ലക്ഷം വരെ 20 ശതമാനവുമാണ് നികുതി നൽകേണ്ടത്. 15 ലക്ഷത്തിന് മേലെ ശമ്പളക്കാർ 30 ശതമാനം നികുതി നൽകണം. എന്നാൽ എന്നാൽ 75000 രൂപ സ്റ്റാൻ്റേർഡ് ഡിഡക്ഷൻ ഉള്ളതിനാൽ 7.75 ലക്ഷം വരെ വാർഷിക വരുമാനം വാങ്ങുന്നവർ നിലവിൽ നികുതി നൽകേണ്ടതില്ല.
പുതിയ ബജറ്റിൽ ഏറ്റവും കുറഞ്ഞ നികുതി പരിധി മൂന്ന് ലക്ഷത്തിൽ നിന്ന് നാല് ലക്ഷത്തിലേക്ക് ഉയർത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാല് മുതൽ ഏഴ് ലക്ഷം വരെ 5 ശതമാനം നികുതിയാകാനും സാധ്യതയുണ്ട്. സ്റ്റാൻ്റേർഡ് ഡിഡക്ഷൻ കൂടെ വരുമ്പോൾ 15 ലക്ഷം വരെയുള്ള നികുതി ദായകർക്ക് വലിയ ആശ്വാസം ലഭിക്കുമെന്നാണ് വിലയിരുത്തൽ.ഉപഭോഗം കുറയുന്നതായുള്ള വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ നികുതി ഘടന പരിഷ്കരിക്കാൻ നീങ്ങുന്നത്.
നഗരമേഖലയിലാണ് ആദായ നികുതി നൽകുന്നവർ ഏറെയും താമസിക്കുന്നത്. 20 ശതമാനം വരെ നികുതി നൽകുന്ന വിഭാഗത്തിൽ ഇളവ് നൽകിയാൽ വലിയ മാറ്റം ഉപഭോഗത്തിലുമുണ്ടാകുമെന്നാണ് പ്രതീക്ഷ. നടപ്പ് സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ നവംബർ വരെ 7.41 ലക്ഷം കോടി രൂപയാണ് ആദായ നികുതിയായി പിരിച്ചെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.