എറണാകുളം: കേന്ദ്ര സർക്കാറിനും യുജിസിക്കുമെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി സർവകലാശാലയിൽ ദ്വിദിന രാജ്യാന്തര ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാന സർക്കാറുകളെ മാനിക്കാൻ കേന്ദ്രവും യുജിസിയും തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തെരഞ്ഞെടുക്കപ്പെട്ട നിയമസഭകൾ രൂപീകരിച്ച നിയമങ്ങൾക്കനുസൃതമായാണ് സംസ്ഥാന സർവകലാശാലകൾ പ്രവർത്തിക്കുന്നത്. എന്നാൽ യുജിസിയുടെ നിയന്ത്രണങ്ങൾ ഈ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നു. കേന്ദ്ര സർക്കാരും യുജിസിയും ഇത്തരം നടപടികളിൽ നിന്ന് വിട്ടുനിൽക്കുകയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർവകലാശാലകളുടെ സ്വയംഭരണത്തെയും സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങളെയും മാനിക്കുകയും വേണം.
വിശ്വാസ്യത നഷ്‌ടമാക്കുന്ന സ്വകാര്യ സർവകലാശലകൾ
യുജിസി ചട്ടങ്ങൾ പോലും പാലിക്കാതെ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾ പൊതു സർവകലാശാലകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും യുജിസിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി ചൂണ്ടികാണിച്ചു.
സാമ്പത്തികം പ്രശ്‌നമാകില്ല
സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലക്കായി നീക്കി വച്ചിരിക്കുന്ന ഫണ്ടുകളെ അത് ബാധിക്കാത്ത വിധമാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി അഫിലിയേറ്റ് ചെയ്‌ത പത്ത് സർവകലാശാലകൾക്ക് 1,830 കോടി രൂപ ലഭ്യമാക്കുകയും ചെയ്‌തു. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ഏകദേശം 3,000 കോടി രൂപയും അനുവദിച്ചു. അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് കിഫ്ബി വഴിയുള്ള ഫണ്ടും നൽകി വരുന്നു.
ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഭാവി
ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കുകയും വ്യത്യസ്‌ത പഠന വെല്ലുവിളികൾ നേരിടുന്ന പഠിതാക്കളെ ഉൾക്കൊള്ളുകയും ചെയ്യുകയാണ് സർക്കാർ ലക്ഷ്യം. സംസ്ഥാന രൂപീകരണത്തിന് ശേഷം കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി കേരളം വിവിധ മേഖലകളിൽ മികവാർന്ന പ്രവർത്തനം കാഴ്‌ച വച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ രംഗത്തിൻ്റെ സമഗ്ര പരിഷ്‌കാരം ലക്ഷ്യമിട്ട് മൂന്ന് കമ്മീഷനുകൾക്ക് സർക്കാർ രൂപം നൽകി. അവരിൽ നിന്നുള്ള വിദഗ്‌ധ നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്‌തു. ദേശിയവും അന്തർദേശിയവുമായ ഗുണനിലവാര പരിശോധനകളിൽ നമ്മുടെ സർവകലാശാലകളും കോളേജുകളും എല്ലാം മികച്ച റാങ്കുകൾ കരസ്ഥമാക്കി മുന്നേറുകയാണന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.