മലപ്പുറം; പുതിയ മദ്യനയം വരുന്നതിനു മുന്‍പ് ഒയാസിസ് കമ്പനി പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ സ്ഥലം വാങ്ങിയെന്നും അവർക്കു വേണ്ടിയാണു മദ്യനയം മാറ്റിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ഒരു വകുപ്പുകളുമായും ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും മാത്രം അറിഞ്ഞാണു കമ്പനിക്ക് അനുമതി നല്കാന് തീരുമാനിച്ചതെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ആ ആരോപണം തെളിയിക്കാനാണു മന്ത്രിസഭാ കുറിപ്പ് ഹാജരാക്കിയത്.അതിനേക്കാള്‍ വലിയ എന്ത് തെളിവാണുള്ളത്? അത് വ്യാജരേഖയാണെന്നു മന്ത്രി പറഞ്ഞിട്ടില്ലെന്നും മലയോര സമരയാത്രയുടെ ഭാഗമായി എടവണ്ണയിലെ വാർത്താസമ്മേളനത്തിൽ സതീശൻ പറഞ്ഞു.2023ല്‍ മദ്യനയം മാറിയതിന്റെ അടിസ്ഥാനത്തിലാണു കമ്പനിക്ക് അനുമതി നല്‍കിയതെന്നും മദ്യനയം മാറിയത് ആരും അറിഞ്ഞില്ലെന്നു പ്രതിപക്ഷം പറഞ്ഞെന്നുമാണു മന്ത്രി പറഞ്ഞത്.
മാറിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ മദ്യശാല അനുവദിക്കുന്ന കാര്യം ആരും അറിഞ്ഞില്ലെന്നാണു പ്രതിപക്ഷം പറഞ്ഞത്. കേരളത്തിലെയും പാലക്കാട്ടെയും ഡിസ്റ്റിലറികള്‍ അറിയാത്ത കാര്യമാണു മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഒയാസിസ് അറിഞ്ഞത്. മദ്യനയം മാറുന്നതിന് മുന്‍പേ ഒയാസിസ് കമ്പനി എലപ്പുള്ളി പഞ്ചായത്തില്‍ സ്ഥലം വാങ്ങിയല്ലോ. മദ്യനയം മാറുമെന്ന് അവര്‍ നേരത്തേ എങ്ങനെ അറിഞ്ഞു? അപ്പോള്‍ ഒയാസിസ് കമ്പനിക്ക് വേണ്ടിയാണ് മദ്യനയം മാറ്റി അവര്‍ക്കു മദ്യനിര്‍മാണ ശാല പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയത്.
ഡല്‍ഹി മദ്യനയ കേസിലും പഞ്ചാബില്‍ ഭൂഗര്‍ഭ ജലം മലിനപ്പെടുത്തിയ കേസിലും പ്രതിയാണ് ഈ കമ്പനി. ആ കമ്പനിയെയാണ് സര്‍ക്കാര്‍ ഉത്തരവിലും മന്ത്രിയും പ്രകീര്‍ത്തിക്കുന്നത്. കമ്പനിയുടെ വക്താവിനെ പോലെയാണു മന്ത്രിയുടെ സംസാരം. കമ്പനി ഇതുവരെ വിശദീകരണവുമായി രംഗത്തു വന്നിട്ടില്ല. ഡല്‍ഹി മദ്യനയ കേസില്‍ ഈ കമ്പനിക്ക് പുറമെ തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ (കെസിആർ) മകള്‍ കവിതയും പ്രതിയാണ്.
ഇതേ കവിത കേരളത്തിലും വന്നിട്ടുണ്ടല്ലോ? എവിടെയാണ് അവര്‍ താമസിച്ചത്? ഒയാസിസ് മദ്യക്കമ്പനിക്കു വേണ്ടിയാണ് കവിത കേരളത്തില്‍ വന്നതും സര്‍ക്കാരുമായി സംസാരിച്ചതും. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഡിസ്റ്റിലറിയില്‍നിന്നു തന്നെ സ്പിരിറ്റ് വാങ്ങണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമില്ല. പ്രതിപക്ഷം ഉന്നയിച്ചതിനേക്കാള്‍ ഗൗരവത്തോടെയാണ് സിപിഐ എലപ്പുള്ളിയിലെ കുടിവെള്ള പ്രശ്നത്തെ കുറിച്ച് പറയുന്നത്.പ്രതിപക്ഷത്തെ മാത്രമല്ല ഘടകകക്ഷികളെ പോലും ബോധ്യപ്പെടുത്താന്‍ സാധിക്കുന്നില്ല. അവരെല്ലാം പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനി പൂട്ടിക്കാനുള്ള സമരത്തില്‍ പങ്കെടുത്തവരാണ്. പോകുന്ന പോക്കില്‍ എല്ലാം തൂത്തുവാരുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സതീശൻ ആരോപിച്ചു.
മലയോര സമരയാത്രയിൽ പങ്കെടുക്കുമെന്ന തൃണമൂൽ നേതാവ് പി.വി.അൻവറിന്റെ പ്രസ്താവനയോടും സതീശൻ പ്രതികരിച്ചു. യാത്ര നിലമ്പൂരില്‍ എത്തുമ്പോള്‍ അതില്‍ പങ്കെടുത്ത് അഭിവാദ്യം അര്‍പ്പിക്കാനുള്ള താല്പര്യം അന്‍വര്‍ അറിയിച്ചിരുന്നു. യുഡിഎഫ് നേതൃത്വവുമായി ആലോചിച്ച് അനുമതി നല്കി. മറ്റു കാര്യങ്ങളില്‍ ഉചിതമായ സമയത്തു തീരുമാനം വരും. വാതില്‍ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല എന്നു പറഞ്ഞതില്‍ എല്ലാമുണ്ട്– അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.