കോട്ടയം ;ജില്ലയിലെ റേഷൻ കടകളിലെ സ്റ്റോക്ക് 9 ദിവസത്തേക്കു മാത്രം. സപ്ലൈകോയ്ക്ക് അവശ്യവസ്തുക്കൾ എത്തിച്ചു നൽകുന്ന കരാറുകാർ സമരം പ്രഖ്യാപിച്ചതോടെ ചരക്കു നീക്കം നിലച്ചു. കരാറുകാർക്കു കഴിഞ്ഞ നാലു മാസത്തെ കുടിശികയായ 100 കോടി രൂപ നൽകാത്തതാണു സമരത്തിനു കാരണം.
കേരള ട്രാൻസ്പോർട്ടിങ് കോൺട്രാക്ടേഴ്സ് അസോസിയേഷനാണു സമരം പ്രഖ്യാപിച്ചത്. 2023 നവംബർ മുതൽ ബില്ലുകൾ കൃത്യമായി സമർപ്പിച്ചിട്ടും തുക നൽകാതെ വൈകിപ്പിക്കുന്നു. 2024 ഡിസംബർ വരെ സപ്ലൈകോയ്ക്ക് സമയബന്ധിതമായി സാധനങ്ങൾ നൽകി. പല മാസങ്ങളിലും തുഛമായ തുകയാണു സപ്ലൈകോ നൽകിയത്. 60– 65 ലക്ഷം രൂപ ഓവർ ഡ്രാഫ്റ്റ് എടുത്താണു കരാറുകാരിൽ പലരും കുത്തരി, ചാക്കരി, പച്ചരി, ആട്ട, ഗോതമ്പ് എന്നിവ റേഷൻ കടകളിലേക്കു എത്തിച്ചത്.ഒട്ടേറെത്തവണ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണു സമരം.എന്നാൽ ഇപ്പോൾ പ്രതിസന്ധിയില്ലെന്നും ഏതാനും ദിവസത്തെ സ്റ്റോക്ക് റേഷൻ കടകളിലുണ്ടെന്നുമാണു താലൂക്ക് സപ്ലൈ ഓഫിസുകളിൽ നിന്നു നൽകുന്ന വിശദീകരണം.
ഗുരുതര ആരോപണം വകുപ്പ് മന്ത്രിക്കും സപ്ലൈകോ ചെയർമാൻ, എംഡി എന്നിവർക്കും അസോസിയേഷൻ നൽകിയ പരാതിയിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാനത്തു നിന്നു ശേഖരിക്കുന്ന നെല്ലിനു പകരം ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന മോശം ധാന്യം വിതരണ ചെയ്യാൻ ക്വാളിറ്റി കൺട്രോളർമാർ മില്ലുടമകളുമായി ഒത്തുകളി നടത്തുന്നു. ചോദ്യം ചെയ്യുന്നവരെ മാനസികമായി പീഡിപ്പിക്കുന്നു എന്നും ആരോപണമുണ്ട്.
പരിഹാരം വേണം ഓരോ മാസവും കൃത്യമായ ബിൽതുക പാസാക്കി നൽകണം. 2023 സെപ്റ്റംബറിൽ 60 ശതമാനം തുക മാത്രമാണു നൽകിയത്. സെപ്റ്റംബറിലെ ബാക്കി തുകയും ഒക്ടോബർ, നവംബർ മാസങ്ങളിലെ മുഴുവൻ തുകയും 2024 സെപ്റ്റംബർ വരെയുള്ള ഓഡിറ്റിങ് പുർത്തീകരിച്ചു, പിടിച്ചുവച്ചിരിക്കുന്ന 10 ശതമാനം തുകയും നൽകിയാൽ സമരം അവസാനിപ്പിക്കാമെന്നു കരാറുകാർ പറയുന്നു.
പിടിച്ചുവച്ച തുക നൽകിയില്ല എല്ലാ മാസവും കരാറുകാർക്കു നൽകേണ്ട തുകയിൽ 10 ശതമാനം പിടിച്ചുവച്ച ശേഷം മാത്രമാണ് സപ്ലൈകോ അനുവദിക്കുന്നത്. ഓഡിറ്റിങ് പൂർത്തിയാക്കി മാത്രമേ 10 ശതമാനം അനുവദിക്കു. ഓഡിറ്റിങ് നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും തുക ലഭിക്കാത്തവരുമുണ്ട്. ഉദ്യോഗസ്ഥരുടെ കുറവും അനാസ്ഥയും കാരണമാണു 2023 മുതലുള്ള ഓഡിറ്റിങ് നടത്താതെ 10 ശതമാനം തുക പിടിച്ചുവച്ചിരിക്കുന്നതെന്നും കരാറുകാർ പരാതിപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.