കൊച്ചി; പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് അനുമതി നൽകുന്ന കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർ ജനുവരി 2നകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. വെടിക്കെട്ട് നടത്തുന്നവർക്ക് ഫയർ ഡിസ്പ്ലേ അസിസ്റ്റൻ്റ് അല്ലെങ്കിൽ ഫയർ ഡിസ്പ്ലേ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിൽ ചീഫ് എക്സ്പ്ലോസീവ് കൺട്രോളറും അനുമതി നൽകുന്ന കാര്യത്തിൽ തൃശൂർ അഡീഷനൽ ജില്ലാ മജിസ്ട്രേട്ടുമാണ് 2നകം നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്.
വെടിക്കെട്ട് നടത്തുമ്പോൾ വെടിക്കെട്ടു പുരയിൽ സ്ഫോടക സാമഗ്രികൾ സൂക്ഷിക്കില്ലെന്ന് ദേവസ്വങ്ങൾ നൽകിയ ഉറപ്പും പരിഗണിച്ചു വേണം തീരുമാനമെടുക്കാനെന്ന് ജസ്റ്റിസ് പി.എം.മനോജ് നിർദേശം നൽകി. ജനുവരി 3ന് പാറമേക്കാവിന്റെയും 5ന് തിരുവമ്പാടിയുടെയും വേല നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അതിനു മുൻപ് തീരുമാനമെടുക്കാൻ കോടതി നിർദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ സ്ഫോടകവസ്തു ചട്ടങ്ങൾ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തിരുന്നു. ഇതനുസരിച്ച് സ്ഫോടകവസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലവും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ 200 മീറ്റർ അകലം വേണം. തൃശൂരിൽ വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനവും വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന സ്ഥലവുമായി 81 മീറ്റർ അകലമേയുള്ളൂ. മാത്രമല്ല, ഭേദഗതി നിര്‍ദേശിക്കുന്ന തരത്തിൽ ഫയർ ഡിസ്പ്ലേ അസിസ്റ്റൻ്റ് അല്ലെങ്കിൽ ഫയർ ഡിസ്പ്ലേ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുമില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടർ വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. ഇരു ദേവസ്വങ്ങളും ഇതു ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുകയായിരുന്നു.
പരമ്പരാഗതമായി നടത്തപ്പെടുന്നതാണ് വേല വെടിക്കെട്ട് എന്നും ഇതുവരെ അപകടങ്ങൾ ഉണ്ടായിട്ടില്ലെന്നും ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടി. മറ്റു നിർദേശങ്ങൾ അപ്രായോഗികമാണെന്ന് വാദിച്ച ദേവസ്വങ്ങൾ ഫയർ ഡിസ്പ്ലേ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് കേന്ദ്ര വിജ്ഞാപനത്തിൽ പറഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇരു ഭാഗത്തേയും വാദങ്ങൾ കേട്ട ശേഷമാണ് കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ബന്ധപ്പെട്ടവരോട് നിർദേശിച്ചത്.
നിയമം ആയതിനാൽ ഇതു മറികടന്ന് ഒറ്റയടിക്ക് അനുമതി നൽകാൻ ഉത്തരവിടാൻ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ വിശ്വാസവും ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസിലാക്കുന്നു. വെടിക്കെട്ട് പുരയും റെയില്‍വേ, വീടുകൾ അടക്കമുള്ള മറ്റു സ്ഥലങ്ങളുമായുള്ള അകലമൊന്നും ഭേദഗതിയിൽ മാറ്റിയിട്ടില്ല. മാത്രമല്ല, വെടിക്കെട്ട് നടക്കുമ്പോൾ സ്ഫോടകവസ്തുക്കൾ വെടിക്കെട്ട് പുരയിൽ നിന്ന് മാറ്റുമെന്ന് ദേവസ്വങ്ങൾ ഉറപ്പും നൽകിയിട്ടുണ്ട്.
ഈ കാര്യങ്ങൾ കൂടി പരിഗണിച്ചു കൊണ്ട് വെടിക്കെട്ടു നടത്തുന്ന കാര്യത്തിൽ ചീഫ് കണ്‍ട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് തീരുമാനമെടുക്കുകയും അത് ദേവസ്വങ്ങളെ അറിയിക്കുകയും വേണം. നടപടി ക്രമങ്ങൾ എഡിഎമ്മും രണ്ടിനകം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.