കൊച്ചി: ഭാവഗായകന് പി ജയചന്ദ്രൻ്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് ഗായകൻ എം ജി ശ്രീകുമാർ.
മരണം ഉൾകൊള്ളാൻ സാധിക്കുന്നില്ല. ജയേട്ടന് ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കുന്നില്ല. ജയേട്ടൻ്റേത് താങ്ങാൻ പറ്റുന്ന വിയോഗമല്ല. അദ്ദേഹം മലയാള സിനിമയുടെ കാരണവരായിരുന്നു. അദ്ദേഹത്തിൻ്റെ മുന്നിൽ പല വേദികളിലും അദ്ദേഹത്തിൻ്റെ പാട്ടുകൾ പാടാൻ സാധിച്ചിരുന്നു. ഭാവഗായകൻ എന്ന് പറയുന്നത് നൂറ് ശതമാനം അനുയോജ്യമായിരുന്നു. ദാസേട്ടനെ പോലെ ഒരുപാട് ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചു. കഴിഞ്ഞ മാസം കൂടി അദ്ദേഹം സ്റ്റുഡിയോയിൽ പാടുന്നത് കണ്ടിരുന്നുവെന്നും തൻറെ സ്വന്തം ജേഷ്ഠനെ പോലെയായിരുന്നുവെന്നും എം ജി ശ്രീകുമാർ പറഞ്ഞു.
അർബുദത്തെ തുടർന്ന് തൃശൂര് അമല ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഇന്ന് വൈകുന്നേരമാണ് പി ജയചന്ദ്രൻ അന്തരിച്ചത്. 81 വയസായിരുന്നു. 1944 മാർച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വർമ്മ കൊച്ചനിയൻ തമ്പുരാൻ്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ച് മക്കളിൽമൂന്നാമനായ ജനനം. 1958-ലെ സംസ്ഥാന യുവജനമേളയിൽ പങ്കെടുത്തവേ ജയചന്ദ്രന് തൻ്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോൾ അതേ വർഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്‌കാരം നേടുകയും ചെയ്തു.
ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദം നേടി. 1966 ൽ ചെന്നൈയിൽ പ്യാരി കമ്പനിയിൽ കെമിസ്റ്റായി. അതേ വർഷം കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്‌കരൻ-ചിദംബരനാഥ് ടീമിൻ്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞളയിൽ മുങ്ങിത്തോർത്തി എന്ന ഗാനമാണ് ആദ്യം പുറത്തുവന്നത്. ചിദംബരനാഥിൽ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെ ഗാനങ്ങൾ അദ്ദേഹം ആലപിച്ചു.
1986-ൽ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സർവ ശരണ്യവിഭോ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരമെത്തി. അഞ്ചുതവണയാണ് ജയചന്ദ്രന് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രൻ സംഗീതസാന്നിധ്യമായി. 1973-ൽ പുറത്തിറങ്ങിയ 'മണിപ്പയൽ' എന്ന സിനിമയിലെ 'തങ്കച്ചിമിഴ് പോൽ' ആയിരുന്നു ജയചന്ദ്രൻ്റെ ആദ്യ തമിഴ്ഗാനം. 1982 ൽ തെലുങ്കിലും 2008 ൽ ഹിന്ദിയിലും വരവറിയിച്ചു. സിനിമാഗാനങ്ങൾക്ക് പുറമേ ജയചന്ദ്രൻ ആലപിച്ച ഭക്തിഗാനങ്ങളും ആസ്വാദക മനസുകളിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.