തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിക്കുള്ളിൽ നേതൃമാറ്റം സംബന്ധിച്ച് ചർച്ചകൾ സജീവമാകുന്നതിനിടയിൽ പാർട്ടിയിൽ പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾ.
അകൽച്ചയിലായിരുന്ന ശോഭാ സുരേന്ദ്രൻ വിഭാഗവും സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും കൂടുതൽ അടുക്കുകയാണ് റിപ്പോർട്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ വയനാട് ദുരന്തം സംബന്ധിച്ച് മുൻകേന്ദ്രമന്ത്രി വി. മുരളീധരൻ നടത്തിയ പരാമർശം സംസ്ഥാന നേതൃത്വത്തിൻ്റെ അതൃപ്തിക്കിടയാക്കിയാണ് പുതിയ സമവാക്യങ്ങൾ രൂപപ്പെട്ടത്. രണ്ടു പഞ്ചായത്തിലെ മൂന്നു വാർഡുകൾ മാത്രമാണ് ഒലിച്ചുപോയത് എന്ന തരത്തിൽ വി. മുരളീധരൻ ലാഘവത്തോടെ നടത്തിയ പ്രസ്താവന തിരഞ്ഞെടുപ്പ് വേളയിൽ പാർട്ടിക്ക് ദോഷം ചെയ്തുവെന്ന് കെ. സുരേന്ദ്രൻ്റെ നിലപാട്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിനു തൊട്ടുമുൻപായിരുന്നു മുരളിയുടെ വിവാദപരാമർശം. മുരളീധരൻ്റെ പ്രസ്താവനയെ ന്യായീകരിക്കാനില്ലെന്നു പിന്നീട് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറയുകയും ചെയ്തു. ഇതുൾപ്പെടെയുള്ള വിഷയങ്ങളിൽ അതൃപ്തി പുകയുന്നതിനിടെയാണു ശോഭാ സുരേന്ദ്രനെ പിന്തുണയ്ക്കുന്നവർ കെ. സുരേന്ദ്രൻ്റെ തണലിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷായെ ശോഭാ സുരേന്ദ്രൻ നേതൃമാറ്റം സംബന്ധിച്ച വിഷയങ്ങൾ ധരിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. പി.കെ.കൃഷ്ണദാസും എ.എൻ.രാധാകൃഷ്ണനും ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തിയിരുന്നു.
നിലവിൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കല്പ്പിക്കപ്പെടുന്നത് എം.ടി.രമേശിനാണ്. ആർഎസ്എസ്എസിൻ്റെ പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുൾപ്പെടെ മുതിർന്ന നേതാവും രമേശിന് മുൻതൂക്കം നൽകിയിട്ടുണ്ട്. മത്സരത്തിലേക്കു പോകാതെ സമവായത്തിലൂടെ അധ്യക്ഷനെ നിശ്ചയിക്കാനുള്ള നടപടികളാണ് കേന്ദ്രനേതൃത്വം നടത്തുന്നത്. ഈ കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി അടുത്തു തന്നെ കേരളത്തിലെത്തി ചർച്ചകൾ ആരംഭിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ താഴെത്തട്ടിൽ സംഘടനാപ്രവർത്തനം ഏകോപിപ്പിക്കാൻ ശേഷിയുള്ളയാളുടെ നേതൃത്വത്തിലേക്ക് എത്തുന്നുവെന്ന് ഉറപ്പിക്കലാണ് കേന്ദ്രനേതൃത്വത്തിനു മുന്നിലുള്ള വെല്ലുവിളി.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 20 ശതമാനം വോട്ട് നേടാൻ ബിജെപിക്ക് കഴിഞ്ഞത് കെ.സുരേന്ദ്രനു നേട്ടമായെങ്കിലും ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് പാർട്ടിക്ക് കടുത്ത തിരിച്ചടി നേരിടേണ്ടിവന്നത് എതിർപക്ഷം ഉയർത്തിക്കാട്ടുന്നുണ്ട്. പാർട്ടി വോട്ടിന് അടുത്തുപോലും എത്താൻ കഴിഞ്ഞിരുന്നില്ല. ശോഭാ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വം ഉയർന്നുവന്ന വിഷയങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിനു വലിയ വീഴ്ചയുണ്ടായെന്ന ആക്ഷേപം അണികൾക്കിടയിലും ശക്തമാണ്.
തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് സന്ദീപ വാര്യരെ പോലെ ഒരു നേതാവ് പാർട്ടി വിട്ട് എതിർ ചേരിയിലേക്ക് പോകുന്നത് തടയേണ്ടതായിരുന്നുവെന്ന് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായമുണ്ട്. 14 ജില്ലാ കമ്മിറ്റികളെ 30 ജില്ലാ കമ്മിറ്റികളായി വിപുലീകരിച്ച് പ്രവർത്തനം ശക്തമാക്കാൻ പാർട്ടി തന്ത്രങ്ങൾ മെനയുമ്പോൾ തലപ്പത്തേക്ക് ആരെത്തുമെന്നതാണ് നിർണ്ണായകമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.