തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അധ്യക്ഷനായി ഇനി തുടരില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ച് കെ സുരേന്ദ്രൻ.
ഇനിയും സുരേന്ദ്രൻ തന്നെ തുടരട്ടെയെന്ന് ദേശീയ നേതൃത്വം നിലപാടെടുത്തിരുന്നു. ഇതിനിടയിലാണ് തനിക്ക് തുടരാൻ താത്പര്യമില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കിയത്. 2020 പിഎസ് ശ്രീധരൻ പിള്ള ഗോവ ഗവർണറായി പോയതിന് പിന്നാലെയാണ് സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. തുടർന്ന് കഴിഞ്ഞ അഞ്ച് വർഷമായി സുരേന്ദ്രനാണ് അധ്യക്ഷ സ്ഥാനത്ത് തുടരുന്നത്.
ഇക്കഴിഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പിന് പിന്നാലെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. കൊടകര കുഴൽപ്പണം, സന്ദീപ് വാര്യരുടെ പാർട്ടി മാറ്റം, പാലക്കാട്ടെ ബി ജെ പിയുടെ കനത്ത പരാജയം ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഒരു വിഭാഗം നേതാക്കൾ ആവശ്യം ശക്തമാക്കിയത്. എന്നാൽ സംസ്ഥാനത്ത് ആദ്യമായി ബി ജെ പിക്ക് ലോക്സഭാ സീറ്റ് നേടി തന്ന അധ്യക്ഷനെന്ന നിലയിൽ കെ സുരേന്ദ്രൻ തുടരട്ടെയെന്ന നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിച്ചത്. ഇത് തള്ളിയാണ് ഇപ്പോൾ അദ്ദേഹം തുടരാനില്ലെന്ന് അറിയിച്ചിരിക്കുന്നത്.
ഇക്കാര്യത്തിൽ ദേശീയ നേതൃത്വം എന്ത് നിലപാടെടുക്കും എന്നാണ് ഉറ്റുനോക്കുന്നത്. സുരേന്ദ്രൻ തന്നെ തുടരട്ടെയെന്ന് നേതൃത്വം നിലപാടെടുത്താൽ സംസ്ഥാന ബി ജെ പിയിൽ സുരേന്ദ്രൻ കൂടുതൽ കരുത്തനാവും. അതേസമയം സുരേന്ദ്രനെ മാറ്റി പുതിയ നേതാക്കൾക്ക് അവസരം നൽകണമെന്ന ആവശ്യം ശക്തമാണ്. എംടി രമേശ്, ശോഭ സുരേന്ദ്രൻ തുടങ്ങിയ പേരുകളെല്ലാം ചർച്ചയിൽ ഇടംപിടിച്ചിട്ടുണ്ട്.
വി മുരളീധരൻ്റെ കീഴിലുള്ള സംസ്ഥാന ബി ജെ പി കൂടുതലായതിനാൽ മുരളീധരനെ അധ്യക്ഷനാക്കണമെന്നും ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സംസ്ഥാന നേതൃത്വത്തെ ഇനിയൊരു വനിത നയിക്കട്ടെയെന്നാണ് ശോഭ പക്ഷത്തിൻ്റെ ആവശ്യം. മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം അട്ടമറി മുന്നേറ്റം കാഴ്ചവെച്ച ശോഭ സുരേന്ദ്രൻ അധ്യക്ഷ പദവിയിലെത്താൻ എന്തുകൊണ്ടും യോഗ്യനാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം മുൻ എംപിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖരൻ്റെ പേരും ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത് കേരളത്തിൽ അദ്ദേഹം കൂടുതൽ സജീവമാകുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഇത് കൂടുതൽ അനുകൂല സാഹചര്യം ഒരുക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.