യെമനില്‍ വധശിക്ഷ നടപ്പാക്കുക വെടിവെയ്പ്പിലൂടെ: ഹൃദയം ഏതുഭാഗത്തെന്ന് ഡോക്ടര്‍ ആരാച്ചാര്‍ക്ക് കാട്ടിക്കൊടുക്കും, പിന്നെ സംഭവിക്കുന്നത്,

യെമൻ: നിമിഷപ്രിയയും യെമനും വീണ്ടും വാർത്തകളില്‍ നിറയുമ്പോള്‍ ശിക്ഷാവിധി നടപ്പിലാക്കുന്ന രീതിയും ചർച്ച ചെയ്യപ്പെടുകയാണ് ഇപ്പോള്‍.

ലോകത്ത് കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യം എന്ന കുപ്രസിദ്ധിക്കുടമയാണ് യെമൻ. വധശിക്ഷ ഇവിടെ നിയമപരവുമാണ്. പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടെ വധശിക്ഷ നടപ്പാക്കാറുണ്ട്.

 കൊടുംക്രൂരമായ കല്ലെറിഞ്ഞ് കൊല്ലല്‍ പോലുള്ള വധശിക്ഷ നടപ്പാക്കാനാനും യെമനില്‍ നിയമം അനുവദിക്കുന്നുണ്ടത്രേ. എന്നാല്‍ അത്തരമൊരു ശിക്ഷ അടുത്തകാലത്തെങ്ങും നടത്തിയതായി റിപ്പോർട്ടുകളില്ല.

ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചിലയിടങ്ങളില്‍ തലവെട്ടിയും ശിക്ഷ നടപ്പാക്കാറുണ്ട്. ഇപ്പോള്‍ യെമനില്‍ നിലനില്‍ക്കുന്ന വധശിക്ഷാ രീതി വെടിവച്ചുകൊല്ലുകയാണ്. ഇതിനായി പ്രത്യേക സ്ഥലങ്ങള്‍ തന്നെയുണ്ട്. അവിടെവച്ചുമാത്രമേ ശിക്ഷ നടപ്പാക്കൂ. അപൂർവമായാണ് പൊതുസ്ഥലത്തുവച്ച്‌ ശിക്ഷ നടപ്പാക്കുന്നത്. 

വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേക്ക് കണ്ണുകള്‍ മൂടിക്കെട്ടി പ്രതിയെ എത്തിക്കും. അവിടെ തറയില്‍ ഒരു പുതപ്പോ, കാർപ്പറ്റോ വിരിച്ചിട്ടുണ്ടാവും. പ്രതിയുടെ കൈവിലങ്ങുകള്‍ അഴിച്ചുമാറ്റിയശേഷം മുഖം കീഴേക്കാക്കി കമിഴ്ന്നു കിടക്കാൻ ആവശ്യപ്പെടുന്നു. പ്രതി ആ നിർദ്ദേശം അനുസരിച്ച്‌ അല്പം കഴിയുന്നതോടെ തന്നെ ആരാച്ചാർ ശിക്ഷ നടപ്പാക്കും. പ്രതിയുടെ മുതുകില്‍ ഹൃദയത്തിന്റെ ഭാഗത്തേക്കാണ് വെടിയുണ്ട പായിക്കുന്നത്.

ഓട്ടോമാറ്റിക് റൈഫിളുകൊണ്ട് ഒന്നിലധികം തവണ വെടിവയ്ക്കും.

വെടിയുണ്ടകളേറ്റ് ഹൃദയവും സുഷുമ്നയും ശ്വാസകോശവും തകർന്ന് ലവലേശം വേദനപോലും അറിയാതെ പ്രതി ഈ ലോകത്തോട് വിടപറഞ്ഞിട്ടുണ്ടാവും. പ്രതിയുടെ ഹൃദയം ഏതുഭാഗത്താണെന്ന് ആരാച്ചാർക്ക് ഡോക്ടർ കൃത്യമായി കാണിച്ചുകൊടുത്തിരിക്കും. അണുവിട തെറ്റാതെ അവിടത്തന്നെയായിരിക്കും ആരാച്ചാല്‍ വെടിവയ്ക്കുക. മരണം ഉറപ്പാക്കിയശേഷം ശരീരം സംസ്കാരത്തിനായി വിട്ടുനല്‍കും. കൊടുംകുറ്റവാളികള്‍ക്ക് വധശിക്ഷനടപ്പാക്കുന്നതിന് മുമ്പ് ചാട്ടവാറടി നല്‍കുന്ന പതിവുമുണ്ട്. 

കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് യെമനില്‍ സാധാരണ വധശിക്ഷ നടപ്പാക്കുന്നത്. ഇതിനൊപ്പം വ്യഭിചാരം, മതനിന്ദ, മയക്കുമരുന്ന് കടത്തല്‍, കൊള്ള, മരണത്തിലേക്ക് നയിക്കുന്ന സ്വത്ത് നശിപ്പിക്കല്‍, രാജ്യദ്രോഹം, കള്ളസാക്ഷി പറയുക എന്നിവയ്ക്കും വധശിക്ഷ നല്‍കാറുണ്ട്.

രാജ്യദ്രോഹം, മത നിന്ദ, മയക്കുമരുന്ന് കടത്ത് ചാരവൃത്തി എന്നിവ കൊടും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്ളതാണ്. അത്തരം കേസുകളില്‍ പിടിയിലാകുന്നവർക്കാണ് വധശിക്ഷയ്ക്ക് മുമ്പ് ചാട്ടവാറടി നല്‍കുന്നത്. ഇത് പരസ്യമായിട്ടായിരിക്കും മിക്കപ്പോഴും ചെയ്യുന്നത്. ശിക്ഷയുടെ കാഠിന്യം കണ്ടറിഞ്ഞ് മറ്റുള്ളവർ അത്തരം തെറ്റ് ആവർത്തിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 

നാളുകള്‍ നീണ്ട വിചാരണയ്ക്കുശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്. ഈ സമയം അപ്പീല്‍ കൊടുക്കാനും കൊലപാതകമാണെങ്കില്‍ ബ്ലഡ് മണി നല്‍കി കേസ് ഒത്തുതീർപ്പാക്കാനും അവസരമുണ്ടാകും. ഒടുവില്‍ യെമൻ ഭരണാധികാരി ദയാഹർജി തള്ളുന്നതോടെ വധശിക്ഷ നടപ്പാക്കാനുള്ള തീയതി കുറിക്കും.

ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് ജോലി ആവശ്യാര്‍ഥം ചേക്കേറിയ പതിനായിരക്കണക്കിന് മലയാളി നഴ്‌സുമാരില്‍ ഒരാളായിരുന്നു നിമിഷ പ്രിയ. ഭര്‍ത്താവ് ടോമി തോമസിനും മകള്‍ക്കുമൊപ്പം യെമനില്‍ കഴിയുകയായിരുന്നു. എന്നാല്‍ ടോമി മകളെയും കൂട്ടി 2014ല്‍ നാട്ടിലേക്ക് മടങ്ങി. നിമിഷ പ്രിയ അവിടെ തുടരുകയും യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയുമായി ചേര്‍ന്ന് ഒരു ക്ലിനിക്ക് ആരംഭിക്കുകയും ചെയ്തു. 

2017ല്‍ തലാല്‍ അബ്ദു മെഹ്ദിയെ നിമിഷ പ്രിയ സുഹൃത്ത് ഹനാനൊപ്പം ചേര്‍ന്ന് അനസ്‌തേഷ്യ നല്‍കിയശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. തുടര്‍ന്ന് മൃതദേഹം കഷണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയുമായിരുന്നു. ദുര്‍ഗന്ധം വമിച്ചതോടെ സമീപങ്ങളിലുള്ളവര്‍ പൊലീസിനെ വിവരമറിയിച്ചു. ഇതോടെയാണ് കൊലപാതകം പുറത്തറിയുന്നത്.

ഇതിനിടെ നിമിഷ പ്രിയ 200 കിലോമീറ്റര്‍ അകലെ മറ്റൊരു ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. തലാലിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് മാധ്യമങ്ങളിലൂടെ നിമിഷപ്രിയയുടെ ഫോട്ടോ പുറത്തുവിട്ടിരുന്നു. 

ഇതോടെ ആശുപത്രി അധികൃതര്‍ തിരിച്ചറിഞ്ഞ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അങ്ങനെ 2017 ഓഗസ്റ്റില്‍ നിമിഷ പ്രിയയും സുഹൃത്ത് ഹനാനും അറസ്റ്റിലായി. തുടര്‍ന്ന് വിചാരണ നടത്തി നിമിഷ പ്രിയയെ വധശിക്ഷയ്ക്കും ഹനാനെ ജീവപര്യന്തത്തിനും വിധിക്കുകയായിരുന്നു.

എന്നാല്‍ നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണെന്ന തരത്തില്‍ രേഖകളുണ്ട്. എന്നാല്‍ ഇത് ക്ലിനിക്കിന് ലൈസന്‍സ് എടുക്കാന്‍ ഉണ്ടാക്കിയ താത്കാലിക രേഖ മാത്രമാണെന്നാണ് നിമിഷ പ്രിയ പറയുന്നത്. ഭാര്യയും കുഞ്ഞുമുള്ളയാളാണ് തലാലെന്നും ഇയാള്‍ തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നതായും നിമിഷപ്രിയ കോടതിയില്‍ പറഞ്ഞിരുന്നു.

കൂടാതെ ഇയാള്‍ ലഹരിമരുന്നിന് അടിമയുമായിരുന്നു. അയാള്‍ക്കും കൂട്ടുകാര്‍ക്കും വഴങ്ങാന്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നതായും നിമിഷ പ്രിയ കോടതിയില്‍ വാദിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !