തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പറഞ്ഞിട്ടാണെന്ന മുന്‍ എംഎല്‍എ പിവി അന്‍വറിന്റെ പരാമര്‍ശത്തില്‍ വക്കീല്‍ നോട്ടീസയച്ച് പി ശശി.
പ്രസ്താവന പിന്‍വലിച്ച് അന്‍വര്‍ ഖേദം പ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.നേരത്തെ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണത്തിനെതിരെയും ശശി വക്കീല്‍നോട്ടീസയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് കോടതികളില്‍ നടക്കുന്നതിനിടെയാണ് വീണ്ടും വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്. അന്‍വറിനെതിരെ അയക്കുന്ന നാലാമത്തെ വക്കീല്‍ നോട്ടീസ് ആണിത്.
പി ശശി എഴുതിക്കൊടുത്ത പ്രകാരമാണ് നിയമസഭയില്‍ വിഡി സതീശനെതിരേ ആരോപണം ഉന്നയിച്ചതെന്നും ഇതില്‍ അദ്ദേഹത്തോട് മാപ്പ് പറയുന്നുവെന്നും എംഎല്‍എ സ്ഥാനം രാജിവെച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു. ഇതിനെതിരേയാണ് ശശി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.അന്‍വറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമെന്ന് പി ശശി ഇന്നലെ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു.
പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അന്‍വര്‍ പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി, മുന്‍കാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനാണ് ശ്രമിക്കുന്നതെന്നും പി ശശി കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.