പത്തനംതിട്ട : 'Sky is the limit' എന്ന് നാം പൊതുവായി പറയാറുണ്ടെങ്കിലും ആകാശത്തിനുമപ്പുറമാണ് രഞ്ജിത്തിന്‍റെ സ്വപ്നങ്ങള്‍. തന്‍റെ സ്വപ്നങ്ങള്‍ക്ക് പരിധി നിശ്ചയിക്കാൻ ആകാശത്തിനും കഴിയില്ലെന്ന് തെളിയിക്കുകയാണ് പത്തനംതിട്ട വെച്ചൂച്ചിറ കൂത്താട്ടുകുളം വടക്കേയില്‍ ചന്ദ്രശേഖരൻ നായരുടെയും പ്രസന്നയുടെയും മൂത്തമകൻ രഞ്ജിത് സി.നായർ.
സ്പൈനല്‍ മസ്കുലാർ അട്രോഫി കൂടപ്പിറപ്പായ ഇദ്ദേഹം സ്വപ്നങ്ങളുടെ ആകാശത്തേക്ക് ചിറകുവിരിച്ചു പറക്കുകയാണ്.അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും ജീവിതത്തില്‍ തോറ്റുപോകാൻ രഞ്ജിത് തയാറായിരുന്നില്ല. സ്‌കൂളിലും കോളജിലും പോയിട്ടില്ലാത്ത ഇദ്ദേഹത്തിന് പരസഹായമില്ലാതെ നടക്കാനുമാകില്ല. വീട്ടിലെത്തി ട്യൂഷൻ സെന്‍റർ അധ്യാപകർ പകർന്നു നല്‍കിയ അറിവുകളാണ് രഞ്ജിത്തിനെ പാകപ്പെടുത്തിയത്.
പിന്നീട് അത് നിർത്തിയതോടെ സ്വയം അറിവ് നേടാൻ തുടങ്ങി. ഇന്ന് ഇലക്‌ട്രോണിക്‌സ്, കമ്പ്യുട്ടർ, ഗാർഡനിങ്, ജേണലിസം, ഫോട്ടോഗ്രഫി, യാത്ര, പുരാവസ്തുശേഖരം... അങ്ങനെ നീളുന്നു വിശേഷങ്ങള്‍.
ഇലക്ട്രോണിക്സില്‍നിന്ന് കമ്പ്യുട്ടർ ഹാർഡ്വെയറിലേക്ക്
ചെറുപ്പം മുതലേ ഇലക്ട്രോണിക്സിനോടും ഇലക്ട്രോണിക് ഉപകരണങ്ങളോടുമായിരുന്നു താല്‍പര്യം. വീട്ടിലെ റേഡിയോയിലാണ് പണി തുടങ്ങിയത്. അയല്‍വാസികളുടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നന്നാക്കി നല്‍കിയായിരുന്നു മേഖലയിലെ തുടക്കം.
പതിനെട്ടാം വയസ്സില്‍ (2004ല്‍) കമ്പ്യൂട്ടർ വാങ്ങിയതോടെ ഇലക്‌ട്രോണിക്സ് ഉപേക്ഷിച്ച് അതിലേക്ക് തിരിഞ്ഞു. വിഡിയോ എഡിറ്റിങ് കൂടി വശമായതോടെ വിവാഹ കാസെറ്റുകള്‍ എഡിറ്റ് ചെയ്യുന്നതായി പ്രധാന ജോലി. വെബ് ഡിസൈനിങ്ങടക്കം എന്തിനും തയാർ. ആദ്യം കമ്പ്യുട്ടർ കേടുവന്നപ്പോള്‍ സ്വയം അഴിച്ചുപണിയുകയും അതിന്‍റെ പ്രവർത്തനങ്ങള്‍ മനസ്സിലാക്കുകയുമായിരുന്നു.സ്വന്തമായി ഭക്ഷണം കഴിക്കാൻപോലും കഴിയാത്ത രഞ്ജിത്തിനുമുന്നില്‍ കമ്പ്യൂട്ടർ എന്നത് വെല്ലുവിളിയായിട്ടും ചുരുങ്ങിയ സമയംകൊണ്ട് വിഡിയോ എഡിറ്റിങ്ങും ഗ്രാഫിക് ഡിസൈനിങ്ങുമെല്ലാം സ്വയം പഠിച്ചെടുത്തു. അതോടൊപ്പം സ്പെയർപാർട്സുകള്‍ വാങ്ങി കമ്പ്യൂട്ടർ സ്വയം നിർമിക്കാൻ തുടങ്ങി. ഇതിനകം നൂറിലധികം കമ്പ്യൂട്ടറുകള്‍ നിർമിച്ചുനല്‍കി.
സ്വന്തം മുറിയിലെ ഫാനും ലൈറ്റും എ.സിയുമെല്ലാം രഞ്ജിത് പറഞ്ഞാല്‍ പ്രവർത്തിക്കും. ഉപകരണങ്ങള്‍ പ്രവർത്തിപ്പിക്കാൻ മറ്റൊരാളെ ആശ്രയിക്കേണ്ടിവരുന്നത് ഒഴിവാക്കാനായിരുന്നു ഇവയില്‍ സെൻസർ ഘടിപ്പിച്ചത്. ഈ കാലത്ത് ഇതൊന്നും അതിശയമല്ലെന്ന് തോന്നുമെങ്കിലും അലക്സ പോലുള്ള ടെക്നോളജി നാട്ടില്‍ വ്യാപകമാകുംമുമ്പേ രഞ്ജിത് ഇവയെല്ലാം സ്വന്തമായിത്തന്നെ പരീക്ഷിച്ച് കണ്ടെത്തിയിരുന്നു.
സ്വന്തമായി കീബോർഡ് ഉപയോഗിക്കാൻ കഴിയില്ലെങ്കിലും വെർച്വല്‍ കീബോർഡ്, മൗസിന്‍റെ സഹായത്താല്‍ പ്രവർത്തിപ്പിച്ചാണ് കമ്പ്യൂട്ടർ ഉപയോഗിക്കുന്നത്.
കൂട്ടുകാർക്കൊപ്പം ആയിരത്തിലധികം വെഡിങ് ആല്‍ബങ്ങള്‍
കമ്പ്യൂട്ടർ വാങ്ങിയശേഷം ആല്‍ബം ഡിസൈനിങ്, വിഡിയോ എഡിറ്റിങ് എന്നിവയെല്ലാം സ്വയം പഠിച്ചെടുത്തു. ഇതുവരെ ആയിരത്തിലധികം വിവാഹ വിഡിയോകളും ആല്‍ബങ്ങളും എഡിറ്റ് ചെയ്തു. ഫോട്ടോഷോപ്, ഇല്ലസ്ട്രേറ്റർ തുടങ്ങിയവ സ്വന്തമായി പഠിച്ചെടുക്കുകയായിരുന്നു.
തുടക്കത്തില്‍ സ്വന്തം ടീമിനെ ഉപയോഗിച്ച് ഫോട്ടോഷൂട്ട് നടത്തി വെഡിങ് ആല്‍ബങ്ങള്‍ നിർമിച്ചിരുന്നു. ഇപ്പോള്‍ രണ്ടുമൂന്ന് സ്റ്റുഡിയോകളുടെ വർക്കുകള്‍ ആവശ്യപ്രകാരം ചെയ്തുനല്‍കുന്നുണ്ട്.
കേബിള്‍ നെറ്റ്വർക്കിലും കൈവെച്ചു
ഏറ്റവും വലിയ മോഹം മീഡിയ മേഖലയോടായിരുന്നു. 2005ല്‍ വിസ്മയ എന്ന പേരില്‍ പ്രാദേശിക ചാനല്‍ തുടങ്ങിയിരുന്നു. അന്ന് അതിന് ട്രേഡ് മാർക്കും നേടിയിരുന്നു. ഭാവിയില്‍ തനിക്കനുയോജ്യമാംവിധം മാറ്റങ്ങള്‍ വരുത്തി കാർ സ്വയം ഓടിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ മുപ്പത്തിനാലുകാരൻ.
നാണയ ശേഖരത്തില്‍നിന്ന്ഡേറ്റ റിക്കവറിയിലേക്ക്
കോവിഡിനുശേഷം വെഡിങ് ആല്‍ബം വർക്ക് താരതമ്യേന കുറവായിരുന്നു. അതിനുശേഷം ഡേറ്റ റിക്കവറി മേഖലയിലേക്ക് തിരിയുകയായിരുന്നു. വിഡിയോ എഡിറ്റിങ് സമയത്തും ഡേറ്റ റിക്കവറി ചെയ്തിരുന്നു. അന്നൊന്നും അത് പ്രഫഷനായി കൊണ്ടുപോയിരുന്നില്ല. ഇന്ന് കേരളത്തിലുടനീളം അനേകം ഡേറ്റ റിക്കവറിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ രഞ്ജിത്തിന് ലഭിക്കാറുണ്ട്.
നഷ്‌ടപ്പെട്ട ഡിജിറ്റല്‍ ഡേറ്റ തിരിച്ചെടുക്കാൻ പലസ്ഥലങ്ങളില്‍നിന്നായി ആളുകള്‍ രഞ്ജിത്തിനെ തേടിയെത്തുന്നു. ഹാർഡ് ഡിസ്ക്, പെൻ ഡ്രൈവ് എന്നിവയിലെ പഴയ ഡേറ്റ രഞ്ജിത് റിക്കവർ ചെയ്തുകൊടുക്കും.
പ്രഫഷനല്‍ കമ്പിനികള്‍ ഡേറ്റ റിക്കവറിക്ക് ലക്ഷങ്ങള്‍ ഈടാക്കുമെങ്കിലും കുറഞ്ഞ പൈസക്കാണ് രഞ്ജിത് ചെയ്തുനല്‍കുന്നത്. ഏറെ സമയം ചെലവഴിച്ചിട്ടും ഡേറ്റ ലഭിച്ചില്ലെങ്കില്‍ സർവിസ് ചാർജായിപ്പോലും ഒന്നുംവാങ്ങാറില്ല.
ഗ്രാഫിക് ഡിസൈനിങ്ങിലെ ചെറിയ പോരായ്മകള്‍ രഞ്ജിത് കണ്ടെത്തുമായിരുന്നു. ഇതേത്തുടർന്ന് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി കമ്പിനിയിലേക്ക് പ്രോഗ്രാം അനലൈസറായി 7,80,000 രൂപയുടെ സാലറി പാക്കേജോടുകൂടി ഓഫർ ലഭിച്ചിരുന്നു. എന്നാല്‍, ഓഫിസിലെത്തി ജോലി ചെയ്യുന്നതിന് ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു.
ഏറെയിഷ്ടം യാത്രകളും പുരാവസ്തു ശേഖരണവും
വീടിന്‍റെ നാലു ചുവരിനുള്ളിലിരുന്ന് വിവര സാങ്കേതികവിദ്യയുടെ വാതില്‍ തുറന്ന് ലോകത്തെ അടുത്തുകാണുന്നതിനൊപ്പംതന്നെ യാത്രകളും രഞ്ജിത് ഏറെയിഷ്ടപ്പെടുന്നു. അവധി ദിനങ്ങളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ യാത്രപോവുകയാണ് പതിവ്.
നിരവധി പുരാവസ്തു ശേഖരവും രഞ്ജിത്തിന്‍റെ പക്കലുണ്ട്. വിവിധ രാജ്യങ്ങളിലെ നാണയങ്ങള്‍, ഓട്ടുപാത്രങ്ങള്‍, ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍, പഴയ ഇലക്ട്രോണിക് ഉപകരണങ്ങള്‍, വിളക്കുകള്‍, വിന്‍റേജ് വിഡിയോ-ഓഡിയോ ഉപകരണങ്ങള്‍, കാസെറ്റുകള്‍ എന്നിവയെല്ലാം ശേഖരത്തിലുണ്ട്.
പുരാവസ്തു ശേഖരം വാങ്ങാനും വില്‍ക്കാനും വാട്സ്‌ആപ് ഗ്രൂപ്പുമുണ്ട്. വീടിന്‍റെ മുറ്റത്തുതന്നെ കിളികളെ വളർത്തുന്നതോടൊപ്പം അരികിലായി സ്വന്തമായി പ്ലാൻ വരച്ച് പോട്ട് ഉണ്ടാക്കുന്ന തിരക്കിലാണിപ്പോള്‍. വിഷ്ണുവും രഞ്ജിനിയുമാണ് സഹോദരങ്ങള്‍.
'നിരവധി പേർ ഇന്നും അവരുടെ സ്വപ്‌നങ്ങള്‍ നേടിയെടുക്കാനാകാതെ പരിമിതികളില്‍ ഒതുങ്ങിക്കൂടുന്നുണ്ട്. ചിലർ പരിശ്രമത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും അവരവരുടെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ എത്തും.
അവഗണനയല്ല, പിന്തുണയാണ് ഏറ്റവും വലുത്. മാതാപിതാക്കളുടെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് എനിക്ക് ഇവയെല്ലാം സാധിച്ചത്'' -ഇത് പറയുമ്പോള്‍ രഞ്ജിത്തിന്‍റെ മുഖത്ത് ആത്മവിശ്വാസത്തിന്‍റെ വെളിച്ചം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.