പാലക്കാട്: പരുതൂരില്‍ കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജുവാണ്(43) മരിച്ചത്. ആചാരമായ ആട്ടത്തിന്റെ ഭാഗമായി കോമരം തുള്ളുന്നതിനിടെ കാഞ്ഞിരക്കായ കഴിക്കുകയായിരുന്നുവെന്നും ഇതാണ് മരണകാരണമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പോലീസ് അസ്വാഭാവികമരണത്തിന് കേസടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണക്കാരണം വ്യക്തമാവുകയുളളൂ.വ്യാഴാഴ്ച പുലർച്ചെ പരുതൂർ പഞ്ചായത്തിലെ കുളമുക്ക് ചോലക്കുളത്തിന് സമീപത്തെ ഷൈജുവിന്റെ കുടുംബക്ഷേത്രത്തിലായിരുന്നു സംഭവം.കഴിഞ്ഞ ദിവസം മുതല്‍ ഇവിടെ കുടുംബക്കാർ ഒത്തുകൂടിയുളള ക്ഷേത്രാചാരമായ ആട്ട് നടത്തുകയായിരുന്നു. ഇതില്‍ കോമരമായി ഷൈജുവും പങ്കെടുത്തിരുന്നു.
പുലർച്ചെ ആട്ടിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിക്കുന്ന ചടങ്ങും നടന്നിരുന്നതായാണ് പറയുന്നത്.ചടങ്ങിനിടെ തുള്ളുന്ന ആളിന് ഫലമൂലാദികള്‍ നല്‍കുന്ന പതിവുണ്ട്. ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായയും ഇക്കൂട്ടത്തില്‍ വെക്കാറുണ്ട്.കോമരം തുള്ളുന്നവർ കാഞ്ഞിരക്കായ കടിച്ചശേഷം തുപ്പിക്കളയുകയാണ് ചെയ്യാറ്.
എന്നാല്‍ ഷൈജു മൂന്ന് കാഞ്ഞിരക്കായകള്‍ കഴിച്ചു എന്നാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്. കടിച്ചശേഷം തുപ്പിക്കളഞ്ഞുവെന്നാണ് കരുതിയതെന്നും അവർ കൂട്ടിച്ചേർത്തു. കോമരം തുളളുന്നതിന്റെ ഭാഗമായി വാളുഉപയോഗിച്ച് വെട്ടിയ പാടുകളും ഷൈജുവിന്റെ നെറ്റിയില്‍ ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്.ചടങ്ങിനുശേഷം കുളിച്ചു വന്ന ഷൈജുവിന് അസ്വസ്ഥത തോന്നുകയും അദ്ദേഹത്തെ ഉടൻതന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പട്ടാമ്പിതാലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ മാത്രമേ വ്യക്തമാവുകയുളളൂവെന്നും തൃത്താല പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.