ഇന്‍ഡോർ: അതിപുരാതനമായ ആരാധനാലയങ്ങള്‍ പലതും ഇന്ന് പുരാവസ്തു വകുപ്പിന്‍റെ സംരക്ഷണത്തിന് കീഴിലാണ്. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത പൌരാണിക ക്ഷേത്രങ്ങളിലും പലതിലും നിത്യപൂജകളോ പ്രാര്‍ത്ഥനകളോ നടത്താറില്ല.
അതേസമയം അവയെ സംരക്ഷിത സ്മാരകങ്ങളായി നിലനിര്‍ത്തുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 200 വര്‍ഷം പഴക്കമുള്ള ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തിയതിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷം ആരംഭിച്ചെന്ന് റിപ്പോർട്ടുകള്‍. സംഭവം വിവാദമായതോടെ വിവാഹത്തെ കുറിച്ച് അന്വേഷിക്കാൻ അധികൃതര്‍ ഉത്തരവിട്ടു.ഇന്‍ഡോറിലെ രാജ്ബാദ പ്രദേശത്തെ 200 വര്‍ഷം പഴക്കമുള്ള ഗോപാല്‍ മന്ദിറിലാണ് കഴിഞ്ഞ ഞായറാഴ്ച വിവാഹം നടന്നത്. കേന്ദ്രത്തിന്‍റെ സ്മാർട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷേത്രം അടുത്തകാലത്താണ് നവീകരിച്ചത്.
എന്നാല്‍, വിവാഹത്തിനായി ക്ഷേത്രവും പരിസരവും അലങ്കരിച്ചെന്നും വിവാഹത്തിനായുള്ള വൈദിക ചടങ്ങുകള്‍ നടന്നെന്നും ഒപ്പം അതിഥികള്‍ക്കായി ക്ഷേത്ര പരിസരത്ത് വച്ച് വിരുന്ന് സല്‍ക്കാരം നടത്തിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒപ്പം ക്ഷേത്രത്തിലെത്തിയ സന്ദര്‍ശകര്‍ക്ക് അസൗകര്യമുണ്ടായെന്നും പ്രദേശത്ത് ഗതാഗതം തടസപ്പെട്ടതായും പ്രദേശവാസികള്‍ ആരോപിച്ചു.
നഗരത്തിന്‍റെ പൈതൃകമായി കണക്കാക്കുന്ന ക്ഷേത്രത്തില്‍ ആരാണ് വിവാഹത്തിന് അനുമതി നല്‍കിയതെന്ന് ചോദിച്ചായിരുന്നു പ്രദേശവാസികള്‍ സംഘര്‍ഷം സൃഷ്ടിച്ചത്. ഇതിന് പിന്നാലെ വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ക്ഷേത്രത്തിന്‍റെ കാര്യങ്ങള്‍ നോക്കുന്ന സന്‍സ്ഥാന്‍ ശ്രീ ഗോപാല്‍ മന്ദിറിന് വിവാഹവുമായി ബന്ധപ്പെട്ട് രാജ് കുമാര്‍ അഗർവാള്‍ എന്നയാള്‍ 25,551 രൂപ നല്‍കിയതിന്‍റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. 2024 ജൂലൈ 29 -നാണ് ഇയാള്‍ വിവാഹ ചടങ്ങുകള്‍ക്കായി പണം അടച്ചത്. അതിന് പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന് (എഡിഎം) ഉത്തരവിട്ടതായി അധികൃതർ അറിയിച്ചു.
പത്തൊൻപതാം നൂറ്റാണ്ടിലെ ഹോള്‍ക്കർ കാലഘട്ടത്തിലെ ഗോപാല്‍ മന്ദിർ 13 കോടി രൂപയ്ക്കാണ് സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം നവീകരിച്ചതെന്ന് ഇൻഡോർ സ്മാർട്ട് സിറ്റി ഡെവലപ്മെന്‍റ് ലിമിറ്റഡിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ദിവ്യാങ്ക് സിംഗ് പറഞ്ഞു. 1832 -ല്‍ രാജാവിന്‍റെ അമ്മ കൃഷ്ണ ഭായ് ഹോള്‍ക്കർ അന്ന് 80,000 രൂപ ചെലവഴിച്ചാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് ചരിത്രകാരനായ സഫർ അൻസാരി പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.