ബെല്‍ഫാസ്റ്റ് : യുകെയിലും അയര്‍ലന്‍ഡിലും ഭീതി വിതച്ച് ആഞ്ഞടിച്ച എയോവിന്‍ കൊടുങ്കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അയര്‍ലന്‍ഡില്‍ കാറിനു മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചത് ഒഴിച്ചാല്‍ മറ്റ് ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേ സമയം ആയിരക്കണക്കിനു വീടുകളില്‍ വൈദ്യുതി മുടങ്ങുകയും കാര്യമായ ഗതാഗത തടസങ്ങള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.ചിലയിടങ്ങളില്‍ മൊബൈല്‍ നെറ്റുവര്‍ക്കുകളെയും എയോവിന്‍ ബാധിച്ചിട്ടുണ്ട്. ഗ്ലാസ്ഗോയിലെ സെലസ്റ്റിക് പാര്‍ക് സ്റ്റേഡിയത്തിനു കാറ്റില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പോര്‍ട്ടാഡൗണില്‍ മലയാളി കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിന്റെ ചിമ്മിനി തകര്‍ന്നു വീണെങ്കിലും കാര്യമായ നാശ നഷ്ടങ്ങളില്ല. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മാത്രം 1800ല്‍ അധികം മരങ്ങളും മറ്റു വസ്തുക്കളും വീണ് ഗതാഗതം തടസപ്പെട്ടു.
സ്കോട്ലന്‍ഡിലെ ഫോര്‍ത്ത് വാലി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയതിനു പിന്നാലെ ജനറേറ്റര്‍ പ്രവര്‍ത്തനക്ഷമമാകാന്‍ വൈകിയത് ആശങ്ക സൃഷ്ടിച്ചു. അയര്‍ലന്‍ഡിലെ ഡൊണെഗള്‍ കൗണ്ടിയിലെ റാഫോയിലാണ് മരം വാഹനത്തിനു മുകളിലേയ്ക്കു വീണ് ആളപായം ഉണ്ടായത്. യുകെയില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് യാത്രക്കാരെ കാര്യമായി ബാധിച്ചു. മുന്‍കൂട്ടി തീരുമാനിച്ച നിരവധി യാത്രകള്‍ ആളുകള്‍ക്കു റദ്ദാക്കേണ്ടി വന്നു.സ്കോട്ലന്ഡില് എല്ലാ ട്രെയിന്‍ സര്‍വീസുകളും റെഡ് അലര്‍ട്ടിനെ തുടര്‍ന്നു സേവനം വേണ്ടെന്നു വച്ചിരുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്കൂളുകള്‍ അടച്ചിട്ടതും വന്‍കിട ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കാതിരുന്നതും അപകടങ്ങള്‍ ഒഴിവാക്കുന്നതിനു സഹായിച്ചു. അതേ സമയം നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മിക്ക സ്കൂളുകളും തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത കാറ്റില്‍ സ്കൂള്‍ കെട്ടിടങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനും ശുചീകരിക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചതായി അറിയിച്ചിട്ടുള്ളത്. യുകെയില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടു മണി വരെയും സ്കോട്ലന്ഡില് വൈകിട്ട് ആറുമണി വരെയുമാണ് റെഡ് അലേര്‍ട് ഉണ്ടായിരുന്നത്. അയര്‍ലന്‍ഡില്‍ 183 കിലോമീറ്റര്‍ വരെ വേഗത്തിലും സ്കോട്ലന്ഡില് 160 കിലോമീറ്റര്‍ വേഗത്തിലും കാറ്റു വീശിയതായാണ് റിപ്പോര്‍ട്.ഇരു രാജ്യങ്ങളിലും വടക്കന്‍ ഇംഗ്ലണ്ടിലും വരുന്ന ഏതാനും ദിവസങ്ങള്‍ കൂടി യെല്ലോ കാറ്റ്, മഴ മുന്നറിയിപ്പു തുടരുന്നുണ്ട്. തീവ്രമായ കാറ്റ് അവസാനിച്ചെങ്കിലും സ്കോട്ലന്ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് തീരങ്ങളിലും കുന്നുകളിലും 128 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഈ ദിവസങ്ങളില്‍ കാറ്റിനു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.