കവന്‍ട്രി: കഴിഞ്ഞ ദിവസം പനി ബാധിതയായി മരണത്തിനു കീഴടങ്ങിയ ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി സ്റ്റെനി ഷാജി ഒരാഴ്ച കൂടി ക്ലാസില്‍ അറ്റന്‍ഡ് ചെയ്തിരുന്നെങ്കില്‍ കോഴ്സ് പൂര്‍ത്തിയാക്കുമായിരുന്നു എന്ന വേദന പടര്‍ത്തുന്ന വിവരമാണ് ഒടുവില്‍ പുറത്തു വരുന്നത്.
മാത്രമല്ല അടുത്ത മാസം നാട്ടിലേക്ക് പോകുവാനും പ്രിയപെട്ടവരെ കാണുവാനും ഉള്ള എല്ലാ ഒരുക്കങ്ങളും പൂര്ത്തിയാക്കിയിരുന്നതുമായി സ്റ്റെനിയുടെ കുടുംബവേരുകള്‍ ഉള്ള പത്തനംതിട്ടയില്‍ നിന്നെത്തുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.പക്ഷെ സന്തോഷവതിയായി പ്രിയപെട്ടവരെ കാണുവാനുള്ള ആ യാത്ര വിധി തല്ലിക്കെടുത്തുക ആയിരുന്നു, അതും നിസാരമായ ഒരു പനിയുടെ രൂപത്തില്‍. തികച്ചും ആരോഗ്യവതിയും യുവതിയുമായ ഒരാള്‍ പനി ബാധിച്ചു മരിച്ചു എന്നത് തീര്‍ച്ചയായും ഞെട്ടിക്കുന്ന വിവരം തന്നെയാണ്. ഇക്കാരണത്താല്‍ സ്റ്റെനിയുടെ മരണകാരണം കണ്ടെത്താന്‍ എന്‍എച്ച്എസ് പോസ്റ്റ്മോര്‍ട്ടം നടത്താനായുള്ള തീരുമാനം ആണെന്ന വിവരവും പുറത്തു വരുന്നുണ്ട്.
അനേകം മരണങ്ങള് കൂടുതലായി സംഭവിക്കുന്ന സമയം ആയതിനാല്‍ പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ക്ക് സാധാരണയിലേതിനേക്കാള്‍ കൂടുതല്‍ കാലതാമസം ഉണ്ടാകും എന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. ഗുജറാത്തില്‍ സ്ഥിര താമസമാക്കിയ സ്റ്റെനിയുടെ കുടുംബത്തെ ലണ്ടനിലുള്ള മലയാളി ഓര്‍ത്തോഡോക്സ് പള്ളിയില്‍ നിന്നും വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുന്നുമുണ്ട്.
മൃതദേഹം നാട്ടില്‍ എത്തിക്കുന്നതുള്‍പ്പെടെയുള്ള മുഴുവന്‍ ചിലവുകളും പള്ളി അംഗങ്ങള്‍ ഏറ്റെടുക്കുമെന്നാണ് അറിയാനാകുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി തുടര്‍ച്ചയായി എത്തുന്ന ചെറുപ്പക്കാരുടെ മരണങ്ങളില്‍ ഒന്നായി സ്റ്റെനിയുടേത് മാറുമ്പോള്‍ സ്കോട്ലന്ഡില് മരിച്ച നിലയില്‍ കാണപ്പെട്ട സാന്ദ്ര സജു, നോട്ടിന്‍ഹാമില്‍ കുഴഞ്ഞു വീണു മരിച്ച ദീപക് ബാബു, ചികിത്സയില്‍ ഇരിക്കെ ലണ്ടന്‍ കിങ്സ് ഹോസ്പിറ്റലില്‍ മരിച്ച ആനന്ദ് നായര്‍ എന്നിവരുടെയൊക്കെ മൃതദേഹങ്ങള്‍ ബന്ധുക്കളെ കാത്തു മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയുമാണ്.
വ്യത്യസ്ത കാരണങ്ങളാലാണ് ഓരോ മരണവും എങ്കിലും നാലുപേരും നന്നേ ചെറുപ്പമാണ് എന്നത് ആശങ്ക ഉയര്‍ത്തുന്ന കാരണം കൂടിയാണ്. സാധാരാണ ശൈത്യകാലത്തു യുകെ മലയാളികളെ തേടി കൂടുതല്‍ മരണങ്ങള് എത്താറുണ്ടെങ്കിലും ഇത്തവണ സംഭവിച്ചത് പോലെ ചെറുപ്പക്കാര്‍ മാത്രം തുടര്‍ച്ചയായി മരിക്കുന്നത് ആദ്യമാണ്.ശാരീരിക അസ്വസ്ഥകള്‍ ഉള്ളവരെ തേടി ശൈത്യകാലത്തു മരണം പിടിമുറുക്കുമെങ്കിലും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളില്‍ ഇരകളായ നാലുപേരും ഏതാനും മാസം മുന്‍പ് വരെ പൂര്‍ണ ആരോഗ്യത്തോടെ കഴിഞ്ഞിരുന്നവരുമാണ്.
ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആനന്ദ് നായര്‍ക്ക് മാത്രമാണ് മരണത്തിനു മുന്‍പ് ഗൗരവമായ രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്നത്. സ്കോട്ലന്ഡില് മരിച്ച നിലയില്‍ കണ്ടെത്തിയ സാന്ദ്ര സ്വയം ജീവന് ഒടുക്കുക ആയിരുന്നു എന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. സ്റ്റെനിയുടെയും ദീപക് ബാബുവിന്റെയും കാര്യത്തില്‍ അധികരിച്ചെത്തിയ ശൈത്യകാലത്തിനുള്ള പങ്കു ഒട്ടും ചെറുതല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.