തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. കേസില്‍ അറസ്റ്റിലായ അമ്മാവന് ഹരികുമാറും കുട്ടിയുടെ മാതാവ് ശ്രീതുവും തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണു പൊലീസ്.
ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരാണെന്നാണു പൊലീസ് പറയുന്നത്. ഇവരുടെ വാട്സാപ് ചാറ്റുകള്‍ പരിശോധിച്ചതില്‍നിന്നാണു പൊലീസ് ഈ നിഗമനത്തിലേക്ക് എത്തിയത്. തൊട്ടടുത്ത മുറികളില്‍ താമസിച്ചിരുന്ന ഇവര്‍ തമ്മില്‍ വാട്സാപ്പില്‍ വിഡിയോ കോളുകള്‍ ചെയ്തിരുന്നു. ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹരികുമാര്‍ പരസ്പര വിരുദ്ധമായ മൊഴികളാണു നല്‍കുന്നത്.അതേസമയം, തിരുവനന്തപുരം റൂറല്‍ എസ്പി കെ.എസ്.സുദര്ശന് ഇന്നു സംഭവം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. പ്രതി ഹരികുമാര്‍ നല്‍കിയിരിക്കുന്ന മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് റൂറല്‍ എസ്പി പറഞ്ഞു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ്. പ്രതി കുറ്റം ചെയ്തുവെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. എന്തിനാണു കൊലപാതകം ചെയ്തതെന്നു കണ്ടെത്താനുള്ള ശ്രമമാണു നടക്കുന്നതെന്നും എസ്പി പറഞ്ഞു.
ശ്രീതുവിന്റെ സാമ്പത്തിക ബാധ്യത സംബന്ധിച്ചുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദേവേന്ദുവിന്റെ അമ്മ ശ്രീതു മതപഠന ക്ലാസുകളില്‍ എത്തിയിരുന്നുവെന്ന് പൊലീസിനു വിവരം ലഭിച്ചു. ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായി ആയിരുന്നു കേസില്‍ അറസ്റ്റിലായ ശ്രീതുവിന്റെ സഹോദരന് ഹരികുമാര്‍ എന്നും വ്യക്തമായിട്ടുണ്ട്. ഈ പൂജാരിയെ ചോദ്യം ചെയ്യും. ഹരികുമാര്‍ മറ്റു ജോലികള്‍ക്കൊന്നും പോയിരുന്നില്ല. ശ്രീതുവിനും കുടുംബത്തിനും ഉണ്ടായിരുന്ന സാമ്പത്തിക ബാധ്യത മാറ്റാന്‍ ആഭിചാരക്രിയകള്‍ ഉള്‍പ്പെടെ പൂജകള്‍ നടത്തുന്നതിനും മറ്റും ഹരികുമാറിനെ ഏര്‍പ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ദേവേന്ദു ജനിച്ചതിനു ശേഷമാണ് കുടുംബത്തിന് കടബാധ്യത വന്നതെന്ന് ഹരികുമാര്‍ വിശ്വസിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. അതേസമയം, അറസ്റ്റിലായ ഹരികുമാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. പൊലീസിന്റെ പല ചോദ്യങ്ങള്‍ക്കും കൃത്യമായി മറുപടി നല്കാന് ഹരികുമാര്‍ തയാറായിട്ടില്ല. പ്രതി ഭക്ഷണം കഴിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഇന്നലെയും ചില ഘട്ടങ്ങളില്‍ മാനസിക പ്രശ്നം ഉള്ളതുപോലെയാണ് ഹരികുമാര്‍ പ്രതികരിച്ചിരുന്നത്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞതായി കുറ്റസമ്മതം നടത്തിയെങ്കിലും എന്തിനാണു കൊന്നതെന്ന ചോദ്യത്തോടു പ്രതികരിക്കാതെ പൊലീസിനോടു തട്ടിക്കയറുകയാണ് പ്രതി ചെയ്തിരുന്നത്. ‘നിങ്ങള്‍ അന്വേഷിച്ചു കണ്ടെത്തൂ’ എന്ന മറുപടിയാണ് പ്രതി നല്‍കുന്നത്. ജീപ്പില്‍ കയറ്റിപ്പോള്‍ പൊട്ടിക്കരയുകയും ചെയ്തിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് ശ്രീതുവിന്റെ മൂത്ത കുട്ടിയുടെയും ഹരികുമാറിന്റെ അമ്മയുടെയും മൊഴി പൊലീസ് എടുത്തു. മൂത്തകുട്ടിയെയും ഹരികുമാര്‍ പല പ്രാവശ്യം ഉപദ്രവിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇന്നലെ ചോദ്യം ചെയ്യലിനുശേഷം പിതാവ് ശ്രീജിത്തിനെയും മുത്തശ്ശി ശ്രീകലയെയും പൊലീസ് വിട്ടയച്ചിരുന്നു. ഇവര്‍ മാത്രമാണ് ദേവേന്ദുവിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തത്. ശ്രീതുവിനെ വനിതാ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. ഹരികുമാറിനെ സംരക്ഷിക്കുന്ന തരത്തില്‍ ശ്രീതു മൊഴി നല്‍കിയതില്‍ പൊലീസിനു സംശയമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.