കണ്ണൂര്‍: കണ്ണപുരം ചുണ്ടയിൽ സി.പി.എം പ്രവര്‍ത്തകന്‍ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍.എസ്.എസ്- ബി.ജെ.പി. പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തൽ. 20 കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിലാണ് ഇപ്പോൾ കോടതിയുടെ കണ്ടെത്തൽ. കേസിൽ ചൊവ്വാഴ്ച ശിക്ഷ വിധിക്കും.
ചുണ്ടയിലും പരിസരത്തുമുള്ള ആർ.എസ്.എസ്.-ബി.ജെ.പി. പ്രവർത്തകരായ ഹൈവേ അനിൽ, പുതിയപുരയിൽ അജീന്ദ്രൻ, തെക്കേവീട്ടിൽ ഭാസ്കരൻ, ശ്രീജിത്ത്, ശ്രീകാന്ത്, രാജേഷ്, അജേഷ്, ജയേഷ്, രഞ്ജിത്ത് എന്നിവരാണ് പ്രതികൾ. മൂന്നാംപ്രതി അജേഷ് സംഭവശേഷം വാഹനാപകടത്തിൽ മരിച്ചു. ഇവര്‍ എല്ലാവരും കുറ്റക്കാരാണെന്നാണ് കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ഹാജരാക്കി.
2005 ഒക്ടോബര്‍ മൂന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതിന് സുഹൃത്തുക്കളായ നികേഷ്, വിമൽ, വികാസ്, സജീവൻ എന്നിവർക്കൊപ്പം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവം. ചുണ്ട തച്ചങ്കണ്ടിയാലിനടുത്ത പഞ്ചായത്ത് കിണറിന് സമീപംവെച്ച് പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിൽ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ആക്രമണത്തിൽ റിജിത്ത് കൊല്ലപ്പെടുകയും മൂന്ന് സി.പി.എം. പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. വടിവാൾകൊണ്ട് വിമലിനെ വെട്ടുന്നത് കണ്ടപ്പോൾ തടയാൻചെന്നതായിരുന്നു റിജിത്ത്. ഗുരുതരമായി പരിക്കേറ്റ റിജിത്ത് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.