ന്യൂഡൽഹി: ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയ ചലച്ചിത്ര താരത്തിനോട് മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകുന്നതിനായി ഹാജരാകാൻ നോട്ടീസ്. 29-ാം തീയതി തിരുവനന്തപുരം ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകുന്നതിനായി ഹാജരാകാനാണ് നോട്ടീസ്.
ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയെ സമീപിച്ച നടിക്കാണ് നോട്ടീസ് ലഭിച്ചത്. നോട്ടീസിന്റെ പകർപ്പ് നടിയുടെ അഭിഭാഷകർ സുപ്രീം കോടതിക്ക് കൈമാറി.ഭാരതീയ നാഗരിക് സുരക്ഷ സംഹിതയുടെ 183-ാം വകുപ്പുപ്രകാരം മൊഴി രേഖപ്പെടുത്തുന്നതിന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെ ഹജരാകാനാണ് നിർദേശം. ഉച്ചയ്ക്ക് രണ്ട് മുപ്പത്തിന് ഹാജരാകണം എന്നാണ് കോടതിയിൽനിന്ന് താരത്തിന് ലഭിച്ച നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താരത്തിന് കോടതി നോട്ടീസ് അയച്ചത് എന്നാണ് സൂചന.നോട്ടീസിന്റെ പകർപ്പ് താരത്തിന്റെ അഭിഭാഷകൻ തിങ്കളാഴ്ച ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന് കൈമാറി. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തെ നേരത്തെ അറിയിച്ചിരുന്നുവെന്നും എന്നാൽ അത് കണക്കിലെടുക്കാതെയാണ് ചലച്ചിത്ര താരത്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ നടപടി സ്വീകരിക്കുന്നതെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു.
ഹേമ കമ്മിറ്റി മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി വിധിക്ക് എതിരായ ഹർജികളിൽ ഇന്ന് ഉത്തരവിറക്കും എന്നായിരുന്നു സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ തിങ്കളാഴ്ച കോടതി ഉത്തരവ് ഇറക്കിയില്ല. പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യം ഇല്ലാത്തവരുടെ കേസിന്റെ നടപടികൾ അവസാനിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. സുപ്രീം കോടതിയിൽ വ്യക്തമാക്കിയ ഈ കാര്യത്തിൽ നിന്ന് സർക്കാർ പിന്നാക്കം പോകുന്നുവെന്നാണ് നോട്ടീസ് ലഭിച്ച ചലച്ചിത്ര താരത്തിന്റെ നിലപാട് എന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.