പാലക്കാട്: പാലക്കാട് ജില്ലയിലെ ചെക്ക് പോസ്റ്റുകളിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി വരുന്നു. ആർടിഒ ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്തു. 13 ഉദ്യോഗസ്ഥർക്കെതിരെയാണ് വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ളത്.
എംവിഐ ശരത് സേനൻ, എഎംവിഐ അൻഷാദ് ഒ ഐ, എഎംവിഐ പ്രവീണ്‍ കുമാര്‍, എഎംവിഐ മനു ടി ആര്‍, ഒഎ അഖിൽ, എഎംവിഐ പരീദ്, ഒ എ മിനി, എഎംവിഐ സജീവ്, ഒഎ നിഷ ദേവി, എഎംവിഐ മണികണ്ഠൻ, ഒഎ നിഥിൻ, എഎംവിഐ സുധീഷ്, ഒഎ മിഥുൻ വിശ്വനാഥൻ എന്നിവര്‍ക്കെതിരെ നടപടി വരും. വാളയാർ, ഗോപാലപുരം, ഗോവിന്ദാപുരം, മീനാക്ഷിപുരം ചെക്ക് പോസ്റ്റുകളിൽ 10ന് രാത്രി മുതൽ 11ന് പുലര്‍ച്ചെ വരെയാണ് പരിശോധന നടത്തിയത്.10ന് രാത്രി 11 മുതൽ 11ന് പുലര്‍ച്ചെ മൂന്ന് വരെ നടത്തിയ മിന്നൽ പരിശോധനയിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് അമിത ഭാരം കയറ്റി വരുന്ന ചരക്കുവാഹനങ്ങൾ, കരിങ്കൽ ഉത്പന്നങ്ങൾ, കന്നുകാലികൾ എന്നിവ കയറ്റി വരുന്ന വാഹനങ്ങൾ, ശബരിമല തീർഥാടകരുടെ വാഹനങ്ങൾ എന്നവരിൽ നിന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തി.
കൈക്കൂലിയായി ഡ്രൈവർമാർ നൽകിയ 1,49,490 രൂപ വിജിലൻസ് പിടിച്ചെടുക്കുകയും ചെയ്തു. പാലക്കാട് ജില്ലാ അതിർത്തിയിലെ വിവിധ മോട്ടോർ വാഹന ചെക്ക് പോസ്റ്റുകൾ വഴി അന്യസംസ്ഥാനങ്ങളിൽ നിന്ന് അമിത ഭാരം കയറ്റി വരുന്ന ചരക്കുവാഹനങ്ങളിൽ നിന്നും കരിങ്കൽ ഉത്പന്നങ്ങൾ, കന്നുകാലികൾ എന്നിവ കയറ്റി വരുന്ന വാഹനങ്ങളിൽ നിന്നും ശബരിമല തീർഥാടകരുടെ വാഹനങ്ങളിൽ നിന്നുമായി ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി പരിശോധന കൂടാതെ വാഹനങ്ങൾ കടത്തി വിടുന്നുവെന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യ വിവരം ലഭിക്കുകയായിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ പാലക്കാട് വിജിലൻസ് യൂണിറ്റ് അതിർത്തിയിലെ വിവിധ മോട്ടോർ വാഹന ചെക്ക് പോസ്റ്റുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വാളയാർ ഇൻ മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ നിന്നും 90,650 രൂപയും വാളയാർ ഔട്ട് മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ നിന്നും 29,000 രൂപയും, ഗോപാലപുരം മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ നിന്നും 15,650 രൂപയും ഗോവിന്ദാപുരം മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ നിന്നും 10,140 രൂപയും, മീനാക്ഷിപുരം മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ നിന്നും 4,050 രൂപയും ഉൾപ്പെടെ ആകെ 1,49,490 രൂപ വിജിലൻസ് പിടിച്ചെടുക്കുകയായിരുന്നു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.