വഡോദര: വിജയ് ഹസാരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിനെതിരെ ഹരിയാനയ്ക്ക് 197 റണ്‍സ് വിജയലക്ഷ്യം. വഡോദരയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിനെ മൂന്ന് വീതം വിക്കറ്റ് നേടിയ അനുജ് തക്രാള്‍, നിശാന്ത് സിന്ധു എന്നിവരാണ് ഗുജറാത്തിനെ തകര്‍ത്തത്. 45.2 ഓവറില്‍ ഗുജറാത്ത് എല്ലാവരും പുറത്താവുകയായിരുന്നു. 54 റണ്‍സെടുത്ത ഹെമാങ് പട്ടേലാണ് ടോപ് സ്കോറര്‍. ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായ അക്സര്‍ പട്ടേല്‍ (3) നിരാശപ്പെടുത്തി.
ഭേദദപ്പെട്ട തുടക്കമായിരുന്നു ഗുജറാത്തിന്. ഒന്നാം വിക്കറ്റില്‍ ആര്യ ദേശായി (23) - ഉര്‍വില്‍ പട്ടേല്‍ (23) എന്നിവര്‍ 45 റണ്‍സ് ചേര്‍ത്തു. എന്നാല്‍ ഒരോവറില്‍ തന്നെ ഇരുവരും മടങ്ങിയത് തിരിച്ചടിയായി. ഉര്‍വില്‍ റണ്ണൗട്ടായപ്പോള്‍, ദേശായിയെ അനുജ് തക്രാള്‍ പുറത്താക്കി. ഉമാംഗ് കുമാര്‍ (1), വിശാല്‍ ജയ്സ്വാള്‍ (9), അക്സര്‍ പട്ടേല്‍ (3) എന്നിവര്‍ വന്നത് പോലെ മടങ്ങിയപ്പോള്‍ ഗുജറാത്ത് അഞ്ചിന് 84 നിലയിലേക്ക് വീണു. 17 പന്തുകള്‍ നേരിട്ട അക്സര്‍ തുടക്കം മുതല്‍ ബുദ്ധിമുട്ടിയിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു അക്സര്‍. ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനും അക്സറാണ്.
അക്സര്‍ മടങ്ങിയതിന് പിന്നാലെ ചിന്തന്‍ ഗജ (32) - സൗരവ് ചൗഹാന് (23) സഖ്യം 34 റണ്‍സ് കൂട്ടിചേര്‍ത്തു. വലിയ കൂട്ടുകെട്ടിലേക്ക് പോകുന്നതിന് മുമ്പ് നിശാന്ത്, ചൗഹാനെ പുറത്താക്കി.
പിന്നാലെ ഗജയും മടങ്ങി. ഇതോടെ ഏഴിന് 121 എന്ന നിലയിലായി ഗുജറാത്ത്. പിന്നീട് രവി ബിഷ്ണോയ് (12) ഉള്‍പ്പെടെയുള്ള വാലറ്റക്കാരെ കൂട്ടുപിടിച്ച് ഹേമാങ് നടത്തിയ പ്രകടനമാണ് ഗുജറാത്ത് ഇന്നിംഗ്സില്‍ നിര്‍ണായകമായത്. അഞ്ച് സിക്സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. അര്‍സാന്‍ നാഗ്വസ്വല്ലയാണ് (8) പുറത്തായ മറ്റൊരു താരം. പ്രിയജിത് സിംഗ് ജഡേജ (0) പുറത്താവാതെ നിന്നു.
അതേസമയം, വിദര്‍ഭയ്ക്കെതിരെ രാജസ്ഥാന് 292 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചു. കാര്‍ത്തിക് ശര്‍മ (62), ശുഭം ഗര്‍വാള്‍ (59), ദീപക് ഹൂഡ (45) എന്നിവരുടെ ഇന്നിംഗ്സുകളാണ് രാജസ്ഥാനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. മഹിപാല്‍ ലോംറോര്‍ (32), ദീപക് ചാഹര്‍ (31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. യഷ് താക്കൂര്‍ വിദര്‍ഭയ്ക്ക് വേണ്ടി നാല് വിക്കറ്റ് നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.