വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണ്‍ റീഗന് നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എല്ലാവരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അപകടത്തില്‍ ആരെങ്കിലും രക്ഷപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്ന് വാഷിങ്ടണ്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് മേധാവി ജോണ്‍ ഡോണലിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 27 പേരുടെ മൃതദേഹം വിമാനത്തില്‍ നിന്നും ഒരാളുടേത് ഹെലികോപ്റ്ററില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
പോടോമാക് നദിയിലും സമീപപ്രദേശങ്ങളിലുമായി വലിയ രീതിയിലുള്ള തിരച്ചിലാണ് നടന്നുകൊണ്ടിരിക്കുന്നത്. തിരച്ചിലിനിടെ വിമാനത്താവളത്തിന് സമീപത്തെ പോടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനത്തിലേക്ക് മാറുകയാണെന്നും ജോണ്‍ ഡോണലി കൂട്ടിച്ചേര്‍ത്തു.
ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ - 700 എന്ന വിമാനം നദിയിലേക്ക് വീണത്.
റീഗന് നാഷണല്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുന്ന വിമാനവും സൈനിക ഹെലിക്കോപ്റ്ററും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. വൈറ്റ് ഹൗസിന്റെ അഞ്ച് കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്.
അമേരിക്കന്‍ സൈന്യത്തിന്റെ യു.എച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് വിമാനവുമായി കൂട്ടിയിടിച്ചത്. വിമാനത്തില്‍ അറുപതിലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. പരിശീലന പറക്കല്‍ നടത്തുകയായിരുന്ന സൈനിക ഹെലിക്കോപ്റ്ററില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. ഹെലിക്കോപ്റ്ററും നദിയിലുണ്ടെന്നാണ് വിവരം.
2009- ന് ശേഷം രാജ്യത്തുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇത്. ഞെട്ടിപ്പിക്കുന്ന അപകടമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപകടത്തെ കുറിച്ച് പ്രതികരിച്ചത്. ഇത് നടക്കാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞ ട്രംപ് വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കണ്ട്രോള് ടവറുകളുടെ കാര്യക്ഷമതയിലും സംശയം പ്രകടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.