കോഴിക്കോട്: നടി ഹണി റോസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ബോബി ഗ്രൂപ്പ് ചെയർമാൻ ബോബി ചെമ്മണൂർ പിടിയിലായത് സംസ്ഥാനം വിടാൻ ഒരുങ്ങുന്നതിനിടെ. തന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് ബോബി കർണാടകയിലേക്ക് പോകാൻ ഒരുങ്ങുന്നുവെന്ന വിവരം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ സെൻട്രൽ പൊലീസ് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. സംസ്ഥാനം കടന്ന് നിയമനടപടികൾ വൈകിപ്പിച്ച് മുൻകൂർ ജാമ്യം നേടാനുള്ള ശ്രമമാണ് പൊലീസിന്റെ ഇടപെടലോടെ പോളിഞ്ഞതെന്നാണ് സൂചന.
ബുധനാഴ്ച പുലർച്ചെ കോയമ്പത്തൂരിലേക്ക് പോകാനും ബോബി തയാറെടുത്തിരുന്നു. ബോബി സംസ്ഥാനം വിടാതിരിക്കാൻ ദ്രുതഗതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് നടപടി സ്വീകരിച്ചത്. എഡിജിപി മനോജ് എബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നു പിന്തുണ ലഭിക്കുമെന്ന് ഹണി റോസിന് ഉറപ്പു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകരുമായി ചർച്ച ചെയ്ത് വിശദമായ പരാതി നൽകിയത്. പിന്നാലെ ബോബി സംസ്ഥാനം വിടാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചാണ് പൊലീസ് ഓരോ നീക്കവും നടത്തിയത്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനാൽ ബോബി ചെമ്മണൂർ കൊച്ചിയിലെത്തി മുൻകൂർ ജാമ്യം തേടാൻ സാധ്യതയുണ്ടെന്ന് പൊലീസ് കണക്കുകൂട്ടി. മുന്‍കൂർ ജാമ്യം നിഷേധിക്കപ്പെട്ടാൽ ഒളിവിൽ പോകാനും ഇത് സുപ്രീംകോടതി വരെ നീളാനും സാധ്യതയുണ്ടെന്ന് മനസിലായതോടെയാണ് നടപടികൾ വേഗത്തിലായത്. കൊച്ചി പൊലീസും വയനാട് എസ്.പിയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡും ചേർന്നാണ് ബോബിയെ വയനാട്ടിലെ സ്വന്തം റിസോർട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം പൊലീസ് വയനാട്ടിലെത്തുമെന്ന് ബോബിയോ അടുത്ത വൃത്തങ്ങളോ പ്രതീക്ഷിച്ചിരുന്നില്ല.
ഹണി റോസ് പരാതി നൽകിയതിനു പിന്നാലെ കഴിഞ്ഞ ദിവസം മാപ്പപേക്ഷയുമായി ബോബി ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. താൻ മനഃപൂർവം അധിക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആളുകൾ അത്തരത്തിൽ വ്യാഖ്യാനിച്ചതാണെന്നുമായിരുന്നു ബോബിയുടെ വാദം. എന്തെങ്കിലും മോശമായി അനുഭവപ്പെട്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായും ബോബി പറഞ്ഞിരുന്നു. പരാതി നൽകാൻ വൈകിയതും താൻ പരസ്യമായി മാപ്പ് പറഞ്ഞതുമുൾപ്പെടെ ചൂണ്ടിക്കാണിച്ച് മുൻകൂർ ജാമ്യം നേടാമെന്നായിരുന്നു ബോബിയുടെ കണക്കുകൂട്ടൽ. അതിനു സാധിച്ചില്ലെങ്കിൽ അറസ്റ്റ് ഒഴിവാക്കാൻ ഒളിവിൽ പോകാനും പദ്ധതിയിട്ടിരുന്നുവെന്ന് സൂചനയുണ്ട്.
അതേസമയം തന്റെ പരാതിയിൽ സത്വര നടപടി സ്വീകരിച്ചതിന് നിയമസംവിധാനങ്ങളോട് ഹണി റോസ് നന്ദി പറഞ്ഞു. ഏതാനും വർഷങ്ങളായി വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത്. ബോബി ചെമ്മണൂരിന്റെ ഭാഗത്തുനിന്ന് അധിക്ഷേപകരമായ പരാമർശങ്ങൾ പലതവണ ഉണ്ടായി. തുടർച്ചയായി ആക്രമിക്കപ്പെട്ടതോടെ പ്രതികരിക്കേണ്ടിവന്നു. ഇതിനൊരു അവസാനം വേണമെന്ന തീരുമാനത്തിന് എല്ലാവരും പിന്തുണ നൽകി. കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നുവെന്നും ഹണി പറഞ്ഞു. ബോബി ചെമ്മണൂരിനെ വയനാട്ടിൽനിന്ന് അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു പ്രതികരണം.
സമൂഹമാധ്യമങ്ങളിലെ അശ്ലീല പ്രചാരണവുമായി ബന്ധപ്പെട്ട് ഹണി റോസ് നൽകിയ പരാതിയിൽ ലൈംഗികച്ചുവയോടെയുള്ള അശ്ലീല പരാമർശത്തിനെതിരെ ഭാരതീയ ന്യായസംഹിത 75 (4) പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെയുള്ള അശ്ലീല പരാമർശത്തിനെതിരെ ഐ.ടി നിയമം 67 പ്രകാരവുമാണ് ബോബി ചെമ്മണൂരിനെതിരെ കേസെടുത്തത്. ആഗസ്റ്റ് ഏഴിന് കണ്ണൂർ ആലക്കോട് ബോബി ചെമ്മണൂരിന്റെ ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനുശേഷം പല വേദികളിലും നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയിൽ പറയുന്നുണ്ട്. കൂടാതെ, നടിയുടെ ചിത്രം മോശമായ രീതിയിൽ തമ്പ്നെയ്ൽ ആയി ഉപയോഗിച്ച 20 യുട്യൂബർമാർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.