കണ്ണൂര്‍: പിണറായി പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരെ സി.പി.എം നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായി പരാതി. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പാതയോരത്തെ ഫ്ളക്സുകളും കൊടിതോരണങ്ങളും നീക്കിയതിന്റെ പേരിലായിരുന്നു ഭീഷണി.
പിണറായി ലോക്കല്‍ സെക്രട്ടറി നന്ദനനും ലോക്കല്‍ കമ്മിറ്റി അംഗം നിഖിലുമാണ് കൊലവിളി നടത്തിയതെന്നും ഭീഷണിപ്പെടുത്തിയതെന്നും ജീവനക്കാര്‍ പറഞ്ഞു. ഓഫീസില്‍ കയറിവന്ന് കൈയും കാലും വെട്ടിനുറുക്കുമെന്നായിരുന്നു ഭീഷണി. ഈ മാസം 24-ാം തീയതിയായിരുന്നു സംഭവം. വധഭീഷണിയാണ് തങ്ങള്‍ക്കെതിരേ നടത്തിയതെന്നാണ് ജീവനക്കാര്‍ പറയുന്നത്.സംഭവത്തില്‍ പഞ്ചായത്ത് ഓഫീസ് ജീവനക്കാര്‍ ചൊവ്വാഴ്ച വായമൂടിക്കെട്ടി പ്രതിഷേധിച്ചു. ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ബലത്തില്‍ തങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരില്‍ ഭൂരിപക്ഷവും ഇടത് അനുകൂല സംഘടനയില്‍പ്പെട്ടവരാണ്. അവര്‍ തന്നെയാണ് ഇത്തരത്തില്‍ ഒരു പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
പാതയോരത്തെ കൊടിതോരണങ്ങളും മറ്റും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് നേരത്തേ സര്‍വകക്ഷി യോഗം നടന്നിരുന്നു. ഈ യോഗത്തില്‍ സിപിഎമ്മിന്റേതടക്കമുള്ള പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുക്കുകയും ചെയ്തതാണ്. യോഗത്തില്‍ പാതയോരത്തും മറ്റും സ്ഥാപിച്ചിട്ടുള്ള ഫ്ളക്സുകളും കൊടിതോരണങ്ങളും എടുത്തുമാറ്റാന്‍ എല്ലാ പാര്‍ട്ടിക്കാരോടും ആവശ്യപ്പെട്ടതാണ്.
ഇതിന് തയ്യാറാകാതെ വന്നപ്പോഴാണ് പഞ്ചായത്ത് ജീവനക്കാര്‍ തന്നെ ഫ്ളക്സുകളും കൊടിതോരണങ്ങളും എടുത്തുമാറ്റിയത്. ഇല്ലെങ്കില്‍ ഹൈക്കോടതി ഉത്തരവുപ്രകാരം പിഴയൊടുക്കേണ്ടത് പഞ്ചായത്ത് സെക്രട്ടറിയാണ്. ഈ സാഹചര്യത്തിലായിരുന്നു ജീവനക്കാര്‍ നടപടിക്കിറങ്ങിയത്.അതേസമയം സംഭവത്തില്‍ ജീവനക്കാര്‍ പരാതി ഒന്നും നല്‍കിയിട്ടില്ലെന്നാണ് വിവരം. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് പഞ്ചായത്ത് ഭരണ സമിതി അടിയന്തര യോഗം ചേരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.