തിരുവനന്തപുരം: ബാലരാമപുരത്ത് ദേവേന്ദുവെന്ന രണ്ടരയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഹരികുമാറിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പോലീസ്. ഹരികുമാര്‍ ആറേഴ് വര്‍ഷമായി മാനസിക രോഗത്തിന് ചികിത്സ തേടുന്നയാളാണ്. കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിക്ക് മാനസിക സ്ഥിരതയില്ല, പലതും മാറ്റിപ്പറയുകയാണ്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും റൂറല്‍ എസ്.പി കെ.എസ് സുദര്ശന് പറഞ്ഞു.
കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുകയാണ്. അന്ധവിശ്വാസവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടില്ല. ജ്യോതിഷിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ജ്യോതിഷിയുടെ മൊഴി രേഖപ്പെടുത്തിയത്. കേസില്‍ നിരവധി കാര്യങ്ങള്‍ ഇനിയും അന്വേഷിക്കാനുണ്ട്. അത് പൂര്‍ത്തിയാവുന്നതിന് മുന്‍പ് കേസുമായി ബന്ധപ്പെട്ട് നിഗമനത്തിലേക്ക് എത്താന്‍ സാധിക്കില്ല. തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും എസ്.പി പ്രതികരിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഉറങ്ങിക്കിടന്ന ഇളയകുഞ്ഞിനെ കാണാനില്ലെന്ന് അമ്മ ശ്രീതുവാണ് അയല്‍ക്കാരെ അറിയിച്ചത്. നാട്ടുകാരും പോലീസും ചേര്‍ന്ന് ഏറെ നേരം നടത്തിയ തിരച്ചിലിലാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളെ പോലീസ് സ്റ്റേഷനില്‍ വിളിച്ച് ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിന്റെ അമ്മാവനും ശ്രീതുവിന്റെ സഹോദരനുമായ ഹരികുമാര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വെളുപ്പിന് അഞ്ച് മണിയോടെ കുഞ്ഞിനെയെടുത്ത് കിണറ്റിലെറിയുകയായിരുന്നുവെന്ന് ഹരികുമാര്‍ പോലീസിനോട് സമ്മതിച്ചു. കുഞ്ഞിനെ തിരയാനും ഹരികുമാര്‍ പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം ചേര്‍ന്നിരുന്നു.
കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീതുവിന് വിവരങ്ങള്‍ അറിയാമെന്ന് നാട്ടുകാര്‍ സംശയിക്കുന്നുണ്ട്. തനിക്കൊപ്പം കുഞ്ഞ് ഉറങ്ങിക്കിടക്കുകയായിരുന്നു എന്നാണ് ശ്രീതു അയല്‍വാസികളോടു പറഞ്ഞത്. പിന്നാലെ കുഞ്ഞിനായി തിരച്ചില്‍ നടക്കുമ്പോഴും ശ്രീതു നിസ്സംഗയായി ഇരിക്കുകയായിരുന്നുവെന്ന് സ്ഥലവാസികള്‍ പറഞ്ഞു. അതു സംശയമുണ്ടാക്കുകയും ചെയ്തു. സംഭവസമയം അമ്മ ശ്രീതു, അച്ഛന് ശ്രീജിത്ത്, മൂത്തകുട്ടി പൂര്‍ണേന്ദു (ഏഴ് വയസ്സ്), അമ്മാവന് ഹരികുമാര്‍, അമ്മൂമ്മ ശ്രീകല എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.
മൃതദേഹം കിണറ്റില്‍നിന്നു പുറത്തെടുത്തപ്പോഴും ശ്രീതുവും സഹോദരന് ഹരികുമാറും വലിയ ദുഃഖം പ്രകടിപ്പിച്ചതുമില്ല. ഇതോടെ സംശയംതോന്നിയ പോലീസ് വീട്ടുകാരെയെല്ലാം സ്റ്റേഷനിലേക്കു കൊണ്ടുപോയി. വീടിനുള്ളില്‍ വസ്ത്രങ്ങള്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയതും ദുരൂഹത വര്‍ധിപ്പിച്ചു. ചോദ്യംചെയ്യലില്‍ ഓരോരുത്തരും പറഞ്ഞ കാര്യങ്ങള്‍ പരസ്പരം പൊരുത്തപ്പെട്ടില്ല. അതിനിടെയാണ് ഹരികുമാര്‍ കുറ്റസമ്മതം നടത്തിയത്. കൊലപാതകം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ ഏറെയുണ്ടെങ്കിലും എന്തിനാണ് ദാരുണകൃത്യം നടത്തിയതെന്ന് സംബന്ധിച്ച് വ്യക്തത പോലീസിന് ലഭിച്ചിട്ടില്ല. തെളിവുകളുടെ അഭാവമാണ് പോലീസിനെ കുഴക്കുന്നത്.
കരിക്കകം സ്വദേശിയായ ജ്യോതിഷിയുമായി ബന്ധപ്പെട്ടും കേസ് അന്വേഷണം നീങ്ങുന്നുണ്ട്. ശ്രീതുവിന്റെ കുടുംബം നിരന്തരം പ്രദീപ് എന്ന ജ്യോതിഷിയെ കാണാനെത്തിയിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷം സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ജ്യോതിഷ ഉപദേശം തേടാനായി ഈ ജ്യോതിഷിയെ കാണാറുണ്ടായിരുന്നു. ഈ ഗതിയിലേക്കും പോലീസ് അന്വേഷണം നടക്കുകയാണ്. അതേസമയം ശ്രീതുവിന് കൊലപാതകം സംബന്ധിച്ച് എല്ലാ വിവരങ്ങളും അറിയാമെന്നാണ് അയല്‍ക്കാര്‍ പറഞ്ഞത്. ശ്രീതുവിന് മാത്രമല്ല, കുടുംബത്തിന് പല വിവരങ്ങളുമറിയാം. നാട്ടുകാര്‍ക്ക് മുന്നില്‍ അവന് പലതും അഭിനയിക്കുകയാണെന്ന് അയല്‍ക്കാര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.