കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയില്‍ ജീവനൊടുക്കിയ പതിനഞ്ചുകാരന് മിഹിര്‍ അഹമ്മദ് സ്കൂളിലെ ഒരു സംഘം വിദ്യാർത്ഥികളിൽ നിന്നും നേരിട്ടത് ക്രൂരമായ റാഗിങ്ങെന്ന് അമ്മയുടെ പരാതി. മിഹിറിന്റെ മരണം പോലും വിദ്യാര്‍ഥിസംഘം ആഘോഷമാക്കിയെന്നും പരാതിയിലുണ്ട്. ഇവർ മിഹിര്‍ ജീവനൊടുക്കിയതിനെപറ്റി അധിക്ഷേപകരമായ ഭാഷയില്‍ സംസാരിക്കുന്ന ചാറ്റിന്റെ സക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്.
‘സ്കൂളില്‍ വെച്ചും സ്കൂള്‍ ബസില്‍ വെച്ചും ഞങ്ങളുടെ മകന് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അവനു ശാരീരിക ഉപദ്രവമേല്‍ക്കുകയും നിറത്തിന്റെ പേരിലും മറ്റുമുള്ള പരിഹാസവും കുത്തുവാക്കുകളും സഹിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. വാഷ് റൂമില്‍ കൊണ്ട് പോയി അവനെ അതികഠിനമായി ഉപദ്രവിക്കുകയും ക്ലോസറ്റില്‍ ബലാല്‍ക്കാരമായി മുഖം പൂഴ്ത്തിച്ചു ഫ്ളഷ് ചെയ്യുകയും ടോയ്ലറ്റില് നക്കിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ക്ക് ബോധ്യമായ കാര്യങ്ങളാണ്.’‘ഇപ്പോഴും ഒരു പേര് കേട്ട വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രാകൃതമായ ഇത്തരം ചെയ്തികള്‍ അനുവദിക്കുന്നു എന്നതും അതുമൂലം ഒരു കുട്ടിയുടെ ജീവന് നഷ്ടപ്പെട്ടു എന്നതും അത്യധികം ഗൗരവമുള്ള കാര്യങ്ങളായി സമൂഹം മനസ്സിലാക്കേണ്ടതുണ്ട്.
അവന് മരണപ്പെട്ട ശേഷവും അത് ആഘോഷിക്കുന്ന ക്രൂരതയിലേക്ക് ആ വിദ്യാര്‍ത്ഥിക്കൂട്ടം എത്തി എന്നത് നിസ്സാരമായ ഒന്നല്ല. മെസേജുകളിലൂടെ മരണം വരെ തിമർത്ത് ആഘോഷിച്ച ആ ക്രിമിനലുകളുകളുടെ മെസേജുകളില്‍ നിന്ന് തന്നെ എത്രമാത്രം എന്റെ കുട്ടിയെ ജീവിച്ചിരിക്കുമ്പോള്‍ അവര്‍ പ്രയാസപ്പെടുത്തിയിട്ടുണ്ടാകും എന്ന് വായിച്ചെടുക്കാന്‍ കഴിയും.’ -പരാതിയില്‍ പറയുന്നു.മിഹിറിന്റെ മരണശേഷം ‘ജസ്റ്റിസ് ഫോര്‍ മിഹിര്‍’ എന്ന പേരില്‍ സഹപാഠികള്‍ ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നു. ഈ ഗ്രൂപ്പ് വഴിയും മിഹിറിന്റെ ചില സുഹൃത്തുക്കള്‍ വഴിയുമാണ് ബന്ധുക്കള്‍ക്ക് ചാറ്റുകളും മറ്റു തെളിവുകളും ലഭിക്കുന്നത്. എന്നാല്‍, ഈ ഗ്രൂപ്പ് രണ്ട് ദിവസത്തിനകം തന്നെ ഡിലീറ്റ് ചെയ്യപ്പെട്ടതായി മിഹിറിന്റെ മാതൃസഹോദരന്‍ ശരീഫ് പറഞ്ഞു.
ഗ്രൂപ്പില്‍നിന്നുൾപ്പെടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്കൂള്‍ അധികൃതര്‍ക്ക് പരാതിയും നല്‍കിയിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായ നടപടികള്‍ ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉള്‍പ്പെടെ പരാതി നല്‍കിയതെന്നും ശരീഫ് വ്യക്തമാക്കി. അതേസമയം മിഹിറിന്റെ രക്ഷാകര്‍ത്താക്കളുടെ പരാതിയുടെ വിശദാംശങ്ങള്‍ പോലീസിന് നല്‍കിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നുമാണ് സ്കൂള്‍ അധികൃതർ അറിയിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.