ന്യൂഡൽഹി: സർവകലാശാല വൈസ് ചാൻസിലർ നിയമനങ്ങളിൽ പിടിമുറുക്കി കേന്ദ്രം. വൈസ് ചാൻസലർമാരുടെ നിയമനത്തിനുള്ള പൂർണ അധികാരം ചാൻസലറായ ഗവർണർക്ക് നൽകിക്കൊണ്ട് യുജിസി ചട്ടങ്ങൾ പരിഷ്കരിച്ചു. കേരളത്തിലടക്കം സർവകലാശാലാ വിസി നിയമനങ്ങളെച്ചൊല്ലിയുള്ള ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെയാണ് യുജിസി നീക്കം.
രാജ്യത്തെ സർവകലാശാല വൈസ് ചാൻസലർമാരുടെ നിയനമത്തിനുള്ള പൂർണ അധികാരം ചാൻസലറായ ഗവർണർക്ക് നൽകുന്നതാണ് യുജിസിയുടെ പുതിയ പരിഷ്കാരം. അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്‌കരിച്ച കരട് ചട്ടങ്ങളിലാണ് ഗവർണർക്ക് പൂർണ അധികാരം നൽകിയിരിക്കുന്നത്.
വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി അധ്യക്ഷനെയും ഇനി ഗവർണർക്ക് നിർദേശിക്കാം. വൈസ് ചാൻസലർ സ്ഥാനത്തേക്ക് അഞ്ച് പേരുകൾ സെർച്ച് കമ്മിറ്റിക്ക് ചാൻസലറുടെ പരിഗണനയ്ക്ക് വിടാം. ഈ പേരുകളിൽ ഒരാളെ ചാൻസലർക്ക് വിസിയായി നിയമിക്കാം. പുനർ നിയമനത്തിനും അനുമതിയുണ്ട്.
കേന്ദ്ര, സംസ്ഥാന സർവകലാശാലകൾക്ക് പുതിയ ചട്ടം ബാധകമാണ്. ഇതിന് വിരുദ്ധമായി നടത്തുന്ന വിസി നിയമനം അസാധുവാകുമെന്നും യുജിസി ചട്ടങ്ങളിൽ പറയുന്നു. നിയമം പ്രാബല്യത്തിൽ വന്നാൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാകും. 2018 ലെ യുജിസി വിജ്ഞാപനത്തിൽ നിയമനാധികാരം ആർക്കെന്ന് കൃത്യമായി രേഖപ്പെടുത്താതിരുന്നത് സർക്കാർ ഗവർണർ പോരിന് വഴിവച്ചിരുന്നു.കേരളത്തിന് പുറമെ തമിഴ്നാട്ടിലും ബംഗാളിലും ഗവർണർ – സർക്കാർ പോര് നിലനിൽക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.