പാണക്കാട് (മലപ്പുറം): യു.ഡി.എഫ്. പ്രവേശന ചര്‍ച്ചകള്‍ക്കിടെ പി.വി. അന്‍വര്‍ എം.എല്‍.എ. പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച രാഷ്ട്രീയപരമായിരുന്നില്ല എന്ന് ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കി. മലയോരമേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ പിന്തുണ അറിയിച്ചുവെന്നും അന്‍വര്‍ പറഞ്ഞു. അതേസമയം, അന്‍വറുമായി ബന്ധപ്പെട്ട രാഷ്ട്രീയകാര്യങ്ങള്‍ യു.ഡി.എഫ്. ആയിരിക്കും തീരുമാനിക്കുക എന്ന് സാദിഖലി തങ്ങള്‍ വ്യക്തമാക്കി.
യു.ഡി.എഫ്. പ്രവേശനം സംബന്ധിച്ച ചര്‍ച്ച നടത്താനല്ല, മലയോരജനതയുടെ കഷ്ടപ്പാട് ചര്‍ച്ച ചെയ്യാനാണെന്ന് പാണക്കാട് എത്തിയത്. യു.ഡി.എഫ്. പ്രധാന ഘടകകക്ഷി എന്ന നിലയ്ക്ക് വനഭേദഗതി ബില്ലിനെ എതിര്‍ക്കാനുള്ള പിന്തുണ തേടിയാണ് എത്തിയത്. പിണറായി സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ് ലക്ഷ്യം. അതിനെക്കുറിച്ചാണ് തങ്ങളുമായി ചര്‍ച്ച നടത്തിയത്. അടുത്തതായി പ്രതിപക്ഷ നേതാവിനേയും യു.ഡി.എഫിലെ മറ്റ് നേതാക്കളേയും ഘടകകക്ഷികളേയും കാണും. ഇതേ കാര്യങ്ങളില്‍ ചര്‍ച്ച നടത്തും. രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് യു.ഡി.എഫ്. ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.
അന്‍വര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രശ്നത്തില്‍ യു.ഡി.എഫിന് എതിര്‍പ്പില്ലെന്നും പുതിയ വനനിയമ ഭേദഗതി സര്‍ക്കാര്‍ പുനരാലോചിക്കണമെന്നാണ് അഭിപ്രായമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അതേസമയം, അന്‍വറിനെ പാര്‍ട്ടിയിലേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. ആണ് പ്രതികരിക്കേണ്ടതെന്നും തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ അധികാരത്തിലേക്ക് തിരിച്ചുവരാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും യു.ഡി.എഫ്. ചെയ്യുമെന്നും അതിന് ഉതകുന്ന തീരുമാനങ്ങളാവും ഉണ്ടാവുക എന്നും തങ്ങള്‍ പറഞ്ഞു.
വനനിയമത്തിലെ ഭേദഗതി കുറച്ച് സങ്കീര്‍ണമാണ്. അക്കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനമാണ് ഉണ്ടാകേണ്ടത്. അതിലെ സങ്കീര്‍ണതകള്‍ പരിഹരിക്കേണ്ടതുണ്ട്. വനമേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. അടുത്ത അസംബ്ലി തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. അധികാരത്തില്‍ വരണമെന്ന് കേരളത്തിലെ മുഴുവന്‍ ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. അതിനുവേണ്ടി ചെയ്യേണ്ട കാര്യങ്ങളെല്ലാം യു.ഡി.എഫ്. ചെയ്യും. 10 വര്‍ഷമായി യു.ഡി.എഫ്. അധികാരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇനിയും അത് തുടരാനാവില്ല. അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള രാഷ്ട്രീയപരമായ എല്ലാ കാര്യങ്ങളും യു.ഡി.എഫിന്റെ തീരുമാനങ്ങളില്‍ ഉണ്ടാകും, തങ്ങള്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.