കോട്ടയം: ഒരു രാജ്യം ഒന്നിച്ചു തിരഞ്ഞെടുപ്പിന്റെ ആശയ പ്രചാരണത്തിനു ബിജെപി, കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും സമിതി രൂപീകരിക്കുമെന്ന് ദേശീയ സെക്രട്ടറി അനിൽ ആന്റണി. ദേശീയതലത്തിൽ ഒരു രാജ്യം ഒന്നിച്ചു തിരഞ്ഞെടുപ്പിനായി രൂപീകരിച്ച സമിതിയിൽ ദക്ഷിണേന്ത്യയുടെ ചുമതല അനിൽ ആന്റണിക്കാണ്. കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, പുതുച്ചേരി, ലക്ഷദ്വീപ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും മേൽനോട്ടച്ചുമതലയാണ് അനിൽ ആന്റണിക്ക് നൽകിയിരിക്കുന്നത്.
സമിതിയുടെ അനൗദ്യോഗിക യോഗം കഴിഞ്ഞ ആഴ്ച ചേർന്നിരുന്നു. ആദ്യ യോഗം കഴിഞ്ഞ ദിവസം വിഡിയോ കോൺഫറൻസ് വഴി ചേർന്നു. സമിതിയുടെ പ്രവർത്ത രേഖ ഉടൻ തയാറാക്കുമെന്ന് അനിൽ ആന്റണി പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പു പൂർത്തിയായി പുതിയ കമ്മിറ്റികൾ നിലവിൽ വരുന്നതിനു പിന്നാലെ സമിതിയുടെ പ്രവർത്തനങ്ങളും ഊർജിതമാക്കും.
പാർട്ടി പ്രവർത്തകരും നേതാക്കളും മാത്രമായിരിക്കില്ല സംസ്ഥാനങ്ങളിൽ രൂപീകരിക്കുന്ന സമിതികളിലുണ്ടാവുക. വിദ്യാർഥികൾക്കും ബുദ്ധി ജീവികൾക്കുമാകും മുൻതൂക്കം. ഒരു രാജ്യം ഒന്നിച്ചു തിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്ന സമൂഹത്തിലെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരെയും ഉൾപ്പെടുത്തും. അടിക്കടിയുള്ള തിരഞ്ഞെടുപ്പുകൾ കാരണമുള്ള പെരുമാറ്റച്ചട്ടം വഴി വികസനപ്രവർത്തനങ്ങൾ മുടങ്ങുന്നതും പണച്ചെലവും ചൂണ്ടിക്കാട്ടി പ്രഫഷനൽമാരെയും സമിതിയുടെ ഭാഗമാക്കും. ക്യാംപസ് തലത്തിൽ തന്നെ എബിവിപി വഴി പരമാവധി വിദ്യാർഥികളെ ഈ ആശയത്തിലേക്ക് എത്തിക്കാനാണ് ബിജെപി ശ്രമം. പൊതു സമ്മേളനങ്ങൾ, യോഗങ്ങൾ, സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം, മീഡിയാ ഇൻഫ്ളുവൻസർമാരുമായി ചർച്ച എന്നിവയാണു നിലവിൽ തീരുമാനിച്ചിരിക്കുന്ന പ്രധാന പ്രചാരണ മാർഗങ്ങൾ. ഒരു രാജ്യം ഒന്നിച്ചു തിരഞ്ഞെടുപ്പു നടപ്പിലാകുന്നതു വരെയാണ് കമ്മിറ്റിയുടെ പ്രവർത്തന കാലയളവ്. സംസ്ഥാന തലങ്ങളിൽ കൺവീനർമാരെ നിയമിക്കുകയാണു സമിതിയുടെ ആദ്യ അജണ്ട.
‘‘രാജ്യസഭയിലായലും ലോക്സഭയിലായും ആവശ്യത്തിനുള്ള എംപിമാർ ബിജെപിക്കുണ്ട്. ജെപിസിയുടെ പരിഗണനയിലുള്ള ബില്ലിനെപ്പറ്റി ഞങ്ങൾക്ക് ആശങ്കയില്ല. മിക്ക സംസ്ഥാനങ്ങളും ഭരിക്കുന്നത് എൻഡിഎ മുഖ്യമന്ത്രിമാരാണ്. അതിനാൽ സമിതിയുടെ പ്രവർത്തനങ്ങൾ സുഗമമായിരിക്കും. കേരളത്തിലെ ജനങ്ങൾ സമിതിയുടെ പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് വിശ്വാസം. ഒരു രാജ്യം ഒന്നിച്ചു തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയാണു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ജനം ഞങ്ങൾക്ക് അംഗീകാരം നൽകി. ഇപ്പോൾ എല്ലാ രണ്ടു മാസം കൂടുമ്പോഴും ഓരോയിടത്തും തിരഞ്ഞെടുപ്പാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം’’ – അനിൽ ആന്റണി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.